Sub Lead

എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ ചൊവ്വാഴ്ച്ച തുടങ്ങും

കൊവിഡ് 19 റിപ്പോര്‍ട്ട് ചെയ്ത പത്തനംതിട്ടയില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ക്ക് മാറ്റമില്ല. എന്നാല്‍ രോഗബാധിതരുമായി അടുത്തിടപഴകിയ രോഗ ലക്ഷണമുള്ള കുട്ടികള്‍ പരീക്ഷ എഴുതാന്‍ പാടില്ല.

എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ ചൊവ്വാഴ്ച്ച തുടങ്ങും
X

തിരുവനന്തപുരം: എസ്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി, എഎച്ച്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി, വിഎച്ച്എസ്ഇ പരീക്ഷകള്‍ നാളെ(ചൊവ്വ) തുടങ്ങും. 26 വരെയാണ് പരീക്ഷ. സംസ്ഥാനത്തെ 2945 കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ ഒന്‍പതുകേന്ദ്രങ്ങളിലും ഗള്‍ഫിലെ ഒന്‍പതു കേന്ദ്രങ്ങളിലുമായി 4,22,450 വിദ്യാര്‍ഥികളാണ് റെഗുലര്‍ വിഭാഗത്തില്‍ എസ്എസ്എല്‍സി പരീക്ഷയെഴുതുന്നത്. 2,16,067 ആണ്‍കുട്ടികളും 2,06,383 പെണ്‍കുട്ടികളുമാണ് പരീക്ഷ എഴുതുന്നത്.

സര്‍ക്കാര്‍ സ്‌കൂളുകളില്‍ 1,38,457 കുട്ടികളും എയ്ഡഡ് സ്‌കൂളുകളില്‍ 2,53,539 കുട്ടികളും അണ്‍എയ്ഡഡ് സ്‌കൂളുകളില്‍ 30,454 കുട്ടികളും പരീക്ഷയെഴുതും. ഗള്‍ഫ്‌മേഖലയില്‍ 597 കുട്ടികളും ലക്ഷദ്വീപില്‍ 592 പേരും പരീക്ഷ എഴുതുന്നു. ഓള്‍ഡ് സ്‌കീമില്‍ (പിസിഒ) 87 പേര്‍ പരീക്ഷ എഴുതുന്നുണ്ട്. മലപ്പുറം വിദ്യാഭ്യാസജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ പരീക്ഷ എഴുതുന്നത് (26869). ഏറ്റവുംകുറവ് ആലപ്പുഴയിലെ കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലാണ് (2107).

ഏറ്റവും കൂടുതല്‍ പേര്‍ പരീക്ഷ എഴുതുന്നത് തിരൂരങ്ങാടിയിലെ എടരിക്കോട് പികെഎംഎംഎച്ച്എസിലാണ് (2327). കുട്ടനാട് വിദ്യാഭ്യാസജില്ലയിലെ തെക്കേക്കര ഗവണ്‍മെന്റ് എച്ച്എസിലാണ് ഏറ്റവുംകുറവ് (2).

ടിഎച്ച്എസ്എല്‍സി വിഭാഗത്തില്‍ 48 പരീക്ഷാകേന്ദ്രങ്ങളിലായി 3091 പേരാണ് പരീക്ഷ എഴുതുന്നത്. എഎച്ച്എസ്എല്‍സി വിഭാഗത്തില്‍ ചെറുതുരുത്തി ആര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കലാമണ്ഡലം കേന്ദ്രത്തില്‍ 70 പേര്‍ പരീക്ഷയെഴുതും. എസ്എസ്എല്‍സി (ഹിയറിങ് ഇംപയേര്‍ഡ്) വിഭാഗത്തില്‍ 261 പേരും ടിഎച്ച്എസ്എല്‍സി(ഹിയറിങ് ഇംപയേര്‍ഡ്) വിഭാഗത്തില്‍ 17 പേരുമാണുള്ളത്.

54 കേന്ദ്രീകൃത ക്യാംപുകളില്‍ രണ്ടുഘട്ടങ്ങളായാണ് മൂല്യനിര്‍ണയം നടക്കുക. ആദ്യഘട്ടം ഏപ്രില്‍ രണ്ടുമുതല്‍ എട്ടുവരെയും രണ്ടാംഘട്ടം 15 മുതല്‍ 23 വരെയുമാണ്. മൂല്യനിര്‍ണയ ക്യാംപുകളിലേക്കുള്ള അഡീഷണല്‍ ചീഫ് എക്‌സാമിനര്‍മാരുടെയും അസിസ്റ്റന്റ് എക്‌സാമിനര്‍മാരുടെയും നിയമന ഉത്തരവുകള്‍ മാര്‍ച്ച് 26 മുതല്‍ പരീക്ഷാഭവന്റെ വെബ്‌സൈറ്റില്‍ ലഭിക്കും. കേന്ദ്രീകൃത മൂല്യനിര്‍ണ്ണയത്തിന് മുന്നോടിയായുള്ള സ്‌കീം ഫൈനലൈസേഷന്‍ ക്യാമ്പുകള്‍ മാര്‍ച്ച് 30നും 31നും 12 സ്‌കൂളുകളിലായി നടക്കും. ചോദ്യപേപ്പറുകള്‍ ജില്ലകളില്‍ എത്തിച്ചുകഴിഞ്ഞു. എസ്എസ്എല്‍സി ചോദ്യ പേപ്പറുകള്‍ ട്രഷറിയിലും ബാങ്ക് ലോക്കറിലുമാണ് സൂക്ഷിക്കുക.

ഹയര്‍സെക്കന്‍ഡറി ചോദ്യ പേപ്പറുകള്‍ പോലിസ് കാവലില്‍ സ്‌കൂളുകളില്‍ സൂക്ഷിക്കും. എസ്എസ്എല്‍സി മൂല്യനിര്‍ണയം ഏപ്രില്‍ രണ്ടിന് ആരംഭിച്ച് 23 ന് അവസാനിക്കും. മേയ് ആദ്യവാരം ഫല പ്രഖ്യാപനമുണ്ടാകും.

അതേസമയം കൊവിഡ് 19 റിപ്പോര്‍ട്ട് ചെയ്ത പത്തനംതിട്ടയില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ക്ക് മാറ്റമില്ല. എന്നാല്‍ രോഗബാധിതരുമായി അടുത്തിടപഴകിയ രോഗ ലക്ഷണമുള്ള കുട്ടികള്‍ പരീക്ഷ എഴുതാന്‍ പാടില്ല. ഇവര്‍ക്ക് സേ പരീക്ഷ എഴുതാനുള്ള സൗകര്യം ഒരുക്കും. രോഗബാധിതരുമായി അകന്ന് ഇടപഴകിയവര്‍ക്ക് അതേ സ്‌കൂളില്‍ പ്രത്യേകം പരീക്ഷ എഴുതാനുള്ള സൗകര്യം ഒരുക്കുമെന്നും കലക്ടര്‍ പറഞ്ഞു.

പരീക്ഷ സെന്ററുകളില്‍ മാസ്‌ക്കും സാനിട്ടൈസറും ലഭ്യമാക്കും. സര്‍ക്കാര്‍ വിദ്യാഭാസ സ്ഥാപനങ്ങളില്‍ പിടിഎയുടെ നേതൃത്വത്തിലായിരിക്കും മാസ്‌ക്കും സാനിട്ടൈസറും ലഭ്യമാക്കുന്നത്.

Next Story

RELATED STORIES

Share it