Top

ഡല്‍ഹി ശാന്തമാവുന്നു; സമരക്കാര്‍ തടസ്സപ്പെടുത്തിയ റോഡുകള്‍ തുറന്നു കൊടുത്തു, ചെങ്കോട്ടയില്‍ നിന്ന് സമരക്കാര്‍ പൂര്‍ണമായും മടങ്ങി

രാജ്യ തലസ്ഥാനത്തെ മുള്‍മുനയില്‍ നിര്‍ത്തിയ മണിക്കൂറുകള്‍നീണ്ട അനിശ്ചിതാവസ്ഥയ്ക്ക് ശേഷമാണ് സംഘര്‍ഷങ്ങളില്‍ അയവുണ്ടായത്.

ഡല്‍ഹി ശാന്തമാവുന്നു; സമരക്കാര്‍ തടസ്സപ്പെടുത്തിയ റോഡുകള്‍ തുറന്നു കൊടുത്തു, ചെങ്കോട്ടയില്‍ നിന്ന് സമരക്കാര്‍ പൂര്‍ണമായും മടങ്ങി
X

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ നടത്തിയ ട്രാക്ടര്‍ റാലിയെതുടര്‍ന്നുണ്ടായ തെരുവ് യുദ്ധത്തിനൊടുവില്‍ ഡല്‍ഹി ശാന്തമാവുന്നു. രാജ്യ തലസ്ഥാനത്തെ മുള്‍മുനയില്‍ നിര്‍ത്തിയ മണിക്കൂറുകള്‍നീണ്ട അനിശ്ചിതാവസ്ഥയ്ക്ക് ശേഷമാണ് സംഘര്‍ഷങ്ങളില്‍ അയവുണ്ടായത്.

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നടത്തുന്ന കര്‍ഷക പരേഡ് അടിയന്തരമായി നിര്‍ത്തിവെയ്ക്കാന്‍ കര്‍ഷകരോട് നേതൃത്വം ആവശ്യപ്പെട്ടു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന കേന്ദ്രങ്ങളിലേക്ക് കര്‍ഷകരോട് തിരികെ പോകാന്‍ സംയുക്ത കിസാന്‍ മോര്‍ച്ച ആവശ്യപ്പെട്ടു. സമരം സമാധാനപരമായി തുടരുമെന്ന് പറഞ്ഞ സംഘടന തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും അറിയിച്ചു.

അതേസമയം, പ്രക്ഷോഭകര്‍ ഡല്‍ഹി അതിര്‍ത്തിയിലെ തങ്ങളുടെ പഴയ സമര കേന്ദ്രങ്ങളിലേക്ക് തിരിച്ചു പോയി. ഡല്‍ഹിയിലെ അക്രമ സംഭവങ്ങളെ അപലപിച്ച് നിരവധി നേതാക്കള്‍ രംഗത്തുവന്ന പശ്ചാത്തലത്തിലാണ് കര്‍ഷക പരേഡില്‍ നിന്ന് പിന്മാറാന്‍ നേതൃത്വം തീരുമാനിച്ചത്. മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ശശി തരൂര്‍, എന്‍സിപി നേതാവ് ശരത് പവാര്‍ തുടങ്ങി നിരവധി നേതാക്കളാണ് അക്രമസംഭവങ്ങളെ അപലപിച്ചത്. പോലിസുമായുള്ള ഏറ്റുമുട്ടലിനിടെ, കര്‍ഷകരില്‍ ചിലര്‍ ചെങ്കോട്ടയില്‍ അതിക്രമിച്ച് കയറി കര്‍ഷക കൊടി ഉയര്‍ത്തിയത് ഉള്‍പ്പടെയുള്ള വിഷയങ്ങളിലാണ് വിമര്‍ശനം ഉയര്‍ന്നത്. സമരത്തിന്റെ കാരണങ്ങള്‍ ന്യായമാണെങ്കിലും അക്രമസംഭവം അംഗീകരിക്കാന്‍ സാധിക്കില്ല എന്നാണ് നേതാക്കള്‍ പറഞ്ഞത്. കൂടാതെ സമരകേന്ദ്രങ്ങളിലേക്ക് തന്നെ തിരിച്ചുപോകാനും നേതാക്കള്‍ ആവശ്യപ്പെട്ടു. ഈ പശ്ചാത്തലത്തിലാണ് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ തീരുമാനം.

അതേസമയം, കേന്ദ്രസേനയെ അടക്കം രംഗത്തിറക്കിയാണ് സമാധാനം പുനസ്ഥാപിച്ചത്. നിഹാംഗുകള്‍ സിംഘു അതിര്‍ത്തിയില്‍ ആക്രമണം നടത്തിയതായി റിപോര്‍ട്ടുകളുണ്ട്. ഗുരുതര വകുപ്പുകള്‍ ചുമത്തി സമരക്കാര്‍ക്ക് എതിരെ കേസെടുക്കാനാണ് പോലിസ് നീക്കം.

സായുധരായ നിഗാംഗുകള്‍ സിംഘു അതിര്‍ത്തിയില്‍ പോലിസിനെ ആക്രമിച്ചെന്നാണ് പോലിസ് റിപ്പോര്‍ട്ട്. മൂന്‍കൂട്ടി നിശ്ചയിച്ച ഉപാധി തെറ്റിച്ച് സമരക്കാര്‍ ഐടിഒയില്‍ എത്തി. പിരിഞ്ഞു പോകണമെന്ന് ആവശ്യപ്പെട്ട പോലിസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താല്‍ ശ്രമിച്ചു. നിരവധിയിടങ്ങളില്‍ സംഘര്‍ഷം നടന്നു.

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള കര്‍ഷകരുടെ ട്രാക്ടര്‍ റാലിയില്‍ സംഘര്‍ഷം ഉടലെടുത്ത സാഹചര്യത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സ്ഥിതിഗതികള്‍ വിലയിരുത്തി. വീണ്ടും സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് അര്‍ധസൈനിക വിഭാഗത്തിനോട് തയ്യാറായിരിക്കാന്‍ ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കി.

എന്‍എച്ച് 44, ജി ടി കെ റോഡ്, ഔട്ടര്‍ റിങ് റോഡ്, സിഗ്‌നേചര്‍ ബ്രിഡ്ജ്, ജി ടി റോഡ്, ഐഎസ്ബിടി റിങ് റോഡ്, വികാസ് മാര്‍ഗ്, ഐടിഒ,എന്‍എച്ച് 24, നിസാമുദ്ദിന്‍ ഖത്ത, നോയിഡ ലിങ്ക് റോഡ് എന്നിവയിലെ ഗതാഗതം പുനസ്ഥാപിച്ചിട്ടുണ്ട്.

ചെങ്കോട്ടയുടെ ഗേറ്റുകള്‍ തകര്‍ത്ത് അകത്ത് കയറി സംഘര്‍ഷമുണ്ടാക്കിയെന്നാണ് സമരക്കാര്‍ക്കെതിരായ കുറ്റം. ഏറെ പാടുപെട്ടാണ് ചെങ്കോട്ടയില്‍ സ്ഥിതി നിയന്ത്രണ വിധേയമാക്കിയത്. പ്രതിഷേധക്കാര്‍ക്കെതിരെ കലാപത്തിനും, ആയുധം ഉപയോഗിച്ചുള്ള ആക്രമണം, പൊതുമുതല്‍ നശിപ്പിക്കല്‍ എന്നിവയടക്കം ഗുരുതര വകുപ്പുകള്‍ ചുമത്തുമെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it