World

വാഷിങ്ടണ്‍ പോസ്റ്റിലെ കൂട്ടപ്പിരിച്ച് വിടല്‍ വിവാദം; സിഇഒയും പ്രസാധകനുമായ വില്‍ ല്യൂവിസ് രാജിവച്ചു

വാഷിങ്ടണ്‍ പോസ്റ്റിലെ കൂട്ടപ്പിരിച്ച് വിടല്‍ വിവാദം; സിഇഒയും പ്രസാധകനുമായ വില്‍ ല്യൂവിസ് രാജിവച്ചു
X

വാഷിങ്ടണ്‍: ജീവനക്കാരുടെ കൂട്ടപ്പിരിച്ച് വിടലിന് പിന്നാലെ രാജി പ്രഖ്യാപിച്ച് വാഷിങ്ടണ്‍ പോസ്റ്റ് സിഇഒയും പ്രസാധകനുമായ വില്‍ ല്യൂവിസ്. ലൂയിസിന് പകരം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ടംബ്ലറിന്റെ മുന്‍ സിഇഒ ജെഫ് ഡി ഒനോഫ്രിയോയെ നിയമിച്ചതായി പത്രം അറിയിച്ചു. ഇദ്ദേഹത്തെ കഴിഞ്ഞ വര്‍ഷം വാഷിങ്ടണ്‍ പോസ്റ്റിന്റെ മുഖ്യ സാമ്പത്തികകാര്യ ഉദ്യോഗസ്ഥനായി നിയമിച്ചിരുന്നു. ആമസോണ്‍ ഉടമ ജെഫ് ബെസോസിന്റേതാണ് വാഷിങ്ടണ്‍ പോസ്റ്റ് എന്ന അമേരിക്കന്‍ ദിന പത്രം.

പത്രത്തിന്റെ റിപ്പോര്‍ട്ടര്‍മാരില്‍ ഒരാള്‍ ലൂയിസ് അധികൃതര്‍ക്ക് അയച്ച ഇ- മെയില്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ചു. 'ഞാന്‍ സ്ഥാനമൊഴിയാന്‍ ശരിയായ സമയമാണിത്' ലൂയിസ് ഇ-മെയില്‍ സന്ദേശത്തില്‍ പറയുന്നു. വാഷിങ്ങ്ടണ്‍ പോസ്റ്റിന്റെ സുസ്ഥിര ഭാവി ഉറപ്പാക്കുന്നതിന്, വര്‍ഷങ്ങളോളം ഉയര്‍ന്ന നിലവാരമുള്ള പക്ഷപാതരഹിതമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാന്‍ താന്‍ ശക്തമായ തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട്' വൈറ്റ് ഹൗസ് ബ്യൂറോ ചീഫ് മാറ്റ് വിസര്‍ പങ്കിട്ട പോസ്റ്റില്‍ ലൂയിസ് പറയുന്നു.

എന്നാല്‍ ലൂയിസ് അധികാരത്തില്‍ ഇരിക്കുമ്പോള്‍ തന്നെ നിരവധി വരിക്കാരും ജീവനക്കാരും ഒരുപോലെ മാനേജ്മെന്റിനെ നിശിതമായി വിമര്‍ശിച്ചിരുന്നു. ചൊവ്വാഴ്ച പത്രത്തിലെ വിദേശ, പ്രാദേശിക, സ്പോര്‍ട്സ് ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തു. ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തത് അനുസരിച്ച് വാഷിങ്ടണ്‍ പോസ്റ്റ് 800 പത്രപ്രവര്‍ത്തകരില്‍ ഏകദേശം 300 പേരെ പിരിച്ചുവിട്ടു. റഷ്യയുമായുള്ള യുദ്ധം രൂക്ഷമായതോടെ പത്രത്തിനുവേണ്ടി മിഡില്‍ ഈസ്റ്റില്‍ ജോലി ചെയ്യുന്ന മുഴുവന്‍ റിപോര്‍ട്ടര്‍മാരേയും യുക്രെയ്ന്‍ ലേഖകനെയും ഒഴിവാക്കി.

സ്‌പോര്‍ട്സ്, ഗ്രാഫിക്സ്, പ്രാദേശിക വാര്‍ത്താ വകുപ്പുകള്‍ എന്നിവയെല്ലാം ഒഴിവാക്കി, പത്രത്തിന്റെ ദൈനംദിന പോഡ്കാസ്റ്റ് പോസ്റ്റ് റിപോര്‍ട്ട്‌സ് താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. പത്ര ഓഫിസിന്റെ ആസ്ഥാനത്തിന് മുന്നില്‍ നടന്ന പ്രതിഷേധത്തില്‍ നൂറുകണക്കിന് പേര്‍ പങ്കെടുത്തു.

സോഷ്യല്‍ മീഡിയയുമായി മത്സരിക്കുന്നതിനിടയില്‍ രാജ്യത്തുടനീളമുള്ള പത്രങ്ങള്‍ വരുമാനത്തിലും സബ്സ്‌ക്രിപ്ഷനിലും ഇടിവ് നേരിടുന്നുണ്ട്. അമേരിക്കയിലുടനീളമുള്ള പത്രങ്ങള്‍ കടുത്ത വ്യവസായ പ്രതിസന്ധികള്‍ നേരിടുന്നുണ്ടെങ്കിലും, ന്യൂയോര്‍ക്ക് ടൈംസ്, വാള്‍സ്ട്രീറ്റ് ജേണല്‍ പോലുള്ള ദേശീയ പത്രങ്ങള്‍ക്ക് സാമ്പത്തികമായി മുന്നേറാന്‍ സാധിച്ചിട്ടുണ്ട്.





Next Story

RELATED STORIES

Share it