World

ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ 40 രാജ്യങ്ങള്‍ പങ്കെടുത്ത നയതന്ത്ര ചര്‍ച്ചകള്‍ തുടങ്ങി; ചര്‍ച്ചയില്‍ ഇന്ത്യയും

ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ 40 രാജ്യങ്ങള്‍ പങ്കെടുത്ത നയതന്ത്ര ചര്‍ച്ചകള്‍ തുടങ്ങി; ചര്‍ച്ചയില്‍ ഇന്ത്യയും
X

ലണ്ടന്‍: ഇറാനെതിരായ യുഎസ്-ഇസ്രായേല്‍ യുദ്ധത്തെത്തുടര്‍ന്ന് അടഞ്ഞുകിടക്കുന്ന ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ നല്‍പതിലധികം രാജ്യങ്ങളില്‍നിന്നുള്ള നയതന്ത്രജ്ഞര്‍ യോഗം ചേര്‍ന്നു. ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി യെവെറ്റ് കൂപ്പര്‍ വിളിച്ചുചേര്‍ത്ത യോഗത്തിലേക്ക് ഇന്ത്യക്കും ക്ഷണമുണ്ടായിരുന്നു. വെര്‍ച്വലായി നടന്ന യോഗത്തില്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പങ്കെടുത്തതായി കേന്ദ്ര സര്‍ക്കാര്‍ സ്ഥിരീകരിച്ചു.

ഹോര്‍മുസ് അടച്ചിട്ട ഇറാന്റെ നടപടികള്‍ ആഗോള സമ്പദ് വ്യവസ്ഥയെ ബന്ദിയാക്കിയെന്ന് ബ്രിട്ടന്‍ കുറ്റപ്പെടുത്തി. യുഎസ് യോഗത്തില്‍ പങ്കെടുത്തില്ല. ഹോര്‍മുസ് സുരക്ഷിതമാക്കുന്നത് അമേരിക്കയുടെ ചുമതലയല്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് വ്യക്തമാക്കിയതിന് പിന്നാലെയാണ് ഈ യോഗം. ഇറാന്‍ യുദ്ധത്തില്‍ തങ്ങളെ പിന്തുണയ്ക്കാത്തതിന് യൂറോപ്യന്‍ സഖ്യകക്ഷികളെ ട്രംപ് വിമര്‍ശിക്കുകയും നാറ്റോയില്‍നിന്ന് യുഎസ് പിന്‍മാറുമെന്ന ഭീഷണി വീണ്ടും ഉയര്‍ത്തുകയും ചെയ്തിരുന്നു.

ഹോര്‍മുസ് വീണ്ടും തുറക്കുന്നതിന് സൈനിക മാര്‍ഗ്ഗങ്ങളേക്കാള്‍ രാഷ്ട്രീയ, നയതന്ത്ര മാര്‍ഗ്ഗങ്ങള്‍ക്കാണ് ഊന്നല്‍ നല്‍കുന്നതെന്നാണ് ബ്രിട്ടന്റെ നിലപാട്. എണ്ണ, ഭക്ഷ്യവസ്തുക്കളുടെ വിലയിലുണ്ടായ വര്‍ധനവ് ലോകമെമ്പാടുമുള്ള കുടുംബങ്ങളെയും വ്യവസായങ്ങളേയും ബാധിക്കുന്നുണ്ടെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ചൂണ്ടിക്കാട്ടി.

ഫെബ്രുവരി 28-ന് യുദ്ധം ആരംഭിച്ചതിനുശേഷം ഹോര്‍മുസിനും സമീപ മേഖലയിലുമായി വാണിജ്യ കപ്പലുകള്‍ക്ക് നേരെ 23 നേരിട്ടുള്ള ആക്രമണങ്ങളുണ്ടായി. ഇതില്‍ കപ്പല്‍ 11 ജീവനക്കാര്‍ കൊല്ലപ്പെട്ടതായും ഷിപ്പിങ് ഡാറ്റാ സ്ഥാപനമായ ലോയ്ഡ്സ് ലിസ്റ്റ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

'കടലിടുക്കിലൂടെയുള്ള ഗതാഗതം വളരെയേറെ കുറഞ്ഞു, ഇറാനിയന്‍ എണ്ണ കൊണ്ടുപോകുന്ന കപ്പലുകള്‍ക്കാണ് കൂടുതല്‍ പ്രധാന്യം ലഭിക്കുന്നത്. ആര്‍ക്കെല്ലാം കടന്നുപോകാം എന്നത് സംബന്ധിച്ച് ഇറാന്‍ പരിശോധന നടത്തുകയാണ്', ലോയ്ഡ്സ് റിപ്പോര്‍ട്ടില്‍ പറയുന്നു.

നാല്‍പതിലധികം രാജ്യങ്ങള്‍ പങ്കെടുത്ത യോഗത്തില്‍, കടലിടുക്ക് സുരക്ഷിതമായി വീണ്ടും തുറക്കുന്നത് ഉറപ്പാക്കുന്നതിനുള്ള 'നയതന്ത്രപരവും ആഗോളതലത്തിലുള്ളതുമായ ആസൂത്രണ നടപടികള്‍' ചര്‍ച്ച ചെയ്തതായും യുദ്ധത്തില്‍ കുടുങ്ങിയ 2,000 കപ്പലുകളിലെ 20,000 നാവികരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ ചര്‍ച്ചചെയ്തതായും കൂപ്പര്‍ പറഞ്ഞു.





Next Story

RELATED STORIES

Share it