Sub Lead

പാര്‍ലമെന്റിലെ സുരക്ഷാവീഴ്ച; അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം, സഭ നിര്‍ത്തിവച്ചു

പാര്‍ലമെന്റിലെ സുരക്ഷാവീഴ്ച; അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം, സഭ നിര്‍ത്തിവച്ചു
X

ന്യൂഡല്‍ഹി: പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ചയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആഭ്യന്തരമന്ത്രി അമിത് ഷാ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്ത്. പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധം ശക്തമായതോടെ സഭാ നടപടികള്‍ ഉച്ചയ്ക്ക് രണ്ടുവരെ നിര്‍ത്തിവെച്ചതായി സ്പീക്കര്‍ ഓംബിര്‍ല അറിയിച്ചു. രാജ്യസഭയും പ്രതിപക്ഷ പ്രതിഷേധത്തെത്തുടര്‍ന്ന് നിര്‍ത്തിവച്ചു. അമിത് ഷാ വിശദീകരണം നല്‍കണമെന്ന് പ്രതിപക്ഷം ലോക്‌സഭയില്‍ ആവശ്യപ്പെട്ടെങ്കിലും സ്പീക്കര്‍ ഓം ബിര്‍ല ആവശ്യം തള്ളി. പ്രതിപക്ഷ നേതാക്കളുടെ സഖ്യമായ ഇന്‍ഡ്യാ മുന്നണി നേതാക്കള്‍ യോഗം ചേര്‍ന്നാണ് ഇത്തരമൊരു ആവശ്യം ഉന്നയിച്ചത്. രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ഓഫിസിലാണ് യോഗം ചേര്‍ന്നത്. തുടര്‍ന്ന് പാര്‍ലമെന്റ് സമ്മേളിച്ചപ്പോഴാണ് ആവശ്യം ഉന്നയിച്ചത്. സഭയില്‍ സംഭവിച്ച കാര്യങ്ങളില്‍ എല്ലാവര്‍ക്കും ആശങ്കയുണ്ടെന്നും ലോക്‌സഭയുടെ സുരക്ഷാ ചുമതല ലോക്‌സഭ സെക്രട്ടേറിയറ്റിനാണെന്നും അതില്‍ സര്‍ക്കാരിനെ ഇടപെടുത്തേണ്ടതില്ലെന്നുമായിരുന്നു സ്പീക്കറുടെ വാദം. സുരക്ഷാ വീഴ്ചയില്‍ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. സഭയില്‍ പ്രതിഷേധവുമായെത്തിയ കേരള എംപിമാരായ ഹൈബി ഈഡന്‍, ടി എന്‍ പ്രതാപന്‍, ഡീന്‍ കുര്യാക്കോസ് എന്നിവരെ സ്പീക്കര്‍ താക്കീത് ചെയ്തു.

അതിനിടെ, സുരക്ഷാ വീഴ്ചയുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ മുതിര്‍ന്ന മന്ത്രിമാര്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, അനുരാഗ് ഠാക്കൂര്‍, പിയൂഷ് ഗോയല്‍, പ്രഹ്ലാദ് ജോഷി തുടങ്ങിയവര്‍ പങ്കെടുത്തു. യോഗത്തില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയും സംബന്ധിച്ചു. സംഭവത്തില്‍ കേന്ദ്ര ആഭ്യന്ത്രമന്ത്രാലയം സിആര്‍പിഎഫ് ഡിജിയുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഇതിനിടെ ലോക്‌സഭയില്‍ പ്രസ്താവന നടത്തിയ കേന്ദ്രപ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിക്കുമെന്നു വ്യക്തമാക്കി. സുരക്ഷാ വീഴ്ചയില്‍ ലോക്‌സഭയിലെ എട്ടു സുരക്ഷാജീവനക്കാരെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തു.

Next Story

RELATED STORIES

Share it