യമനില്‍ അറബ് സഖ്യസേനാ വ്യോമാക്രമണം; സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ആറു മരണം

വിമത നിയന്ത്രണത്തിലുള്ള മേഖലയില്‍ ആകെ നടത്തിയ 19 ആക്രമണങ്ങളില്‍ 11ഉം തലസ്ഥാനമായ സന്‍ആയിലായിരുന്നുവെന്നാണ് ഹൂഥി നിയന്ത്രണത്തിലുള്ള മസീറ ടിവി ചാനല്‍ റിപോര്‍ട്ട് ചെയ്യുന്നത്.

യമനില്‍ അറബ് സഖ്യസേനാ വ്യോമാക്രമണം;  സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ആറു മരണം

സന്‍ആ: യമന്‍ തലസ്ഥാനമായ സന്‍ആയില്‍ സൗദി-യുഎഇ നേതൃത്വത്തിലുള്ള സഖ്യസേനാ നടത്തിയ വ്യോമാക്രമണത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം ആറു പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. സന്‍ആയിലെ ജനവാസ കേന്ദ്രത്തിലും ഹൂഥി വിമത സൈനിക കേന്ദ്രങ്ങളിലുമാണ് ആക്രമണമുണ്ടായത്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് അല്‍ജസീറ റിപോര്‍ട്ട് ചെയ്യുന്നു. വിമത നിയന്ത്രണത്തിലുള്ള മേഖലയില്‍ ആകെ നടത്തിയ 19 ആക്രമണങ്ങളില്‍ 11ഉം തലസ്ഥാനമായ സന്‍ആയിലായിരുന്നുവെന്നാണ് ഹൂഥി നിയന്ത്രണത്തിലുള്ള മസീറ ടിവി ചാനല്‍ റിപോര്‍ട്ട് ചെയ്യുന്നത്.

കൊല്ലപ്പെട്ടവരില്‍ നാലു കുട്ടികളും റഷ്യയില്‍ നിന്നുള്ള ആരോഗ്യപ്രവര്‍ത്തകരായ രണ്ട് സ്ത്രീകളുമാണ് കൊല്ലപ്പെട്ടതെന്നാണ് റിപോര്‍ട്ടുകള്‍. ഏറ്റവും കൂടുതല്‍ ജനവാസമുള്ള സന്‍ആയുടെ മധ്യഭാഗത്താണ് ആക്രമണമുണ്ടായത്. നിരവധി വീടുകള്‍ തകര്‍ന്നിട്ടുണ്ട്. ചൊവ്വാഴ്ച സൗദി അരാംകോയുടെ പൈപ്പ്‌ലൈനുകള്‍ക്ക് നേരെ നടന്ന ഇരട്ട ഡ്രോണ്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഹൂഥി വിമതര്‍ ഏറ്റെടുത്തിരുന്നു. 2015ല്‍ യമനില്‍ സൗദി നടത്തിയ വ്യോമാക്രമണങ്ങള്‍ക്കുള്ള തിരിച്ചടിയാണെന്ന് അവകാശപ്പെടുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ആക്രമണമുണ്ടായത്.

RELATED STORIES

Share it
Top