Top

ഡല്‍ഹി പോലിസിന്റെ മൂക്കിന് താഴെയാണ് വംശഹത്യ അരങ്ങേറുന്നത്

സായുധരായ സംഘപരിവാര കൊലയാളികള്‍ വീടുകള്‍ കത്തിക്കുകയും മുസ്‌ലിംകളെ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയും ചെയ്യുന്നത് പോലിസ് സാനിധ്യത്തില്‍

ഡല്‍ഹി പോലിസിന്റെ മൂക്കിന് താഴെയാണ് വംശഹത്യ അരങ്ങേറുന്നത്
X

ന്യൂഡല്‍ഹി: പൗരത്വ പ്രക്ഷോഭകര്‍ക്കെതിരേ വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ തുടരുന്ന വംശഹത്യയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 19 ആയി. സംഘ പരിവാര്‍ അനുകൂലികള്‍ ആരംഭിച്ച ഏകപക്ഷീയ ആക്രമണത്തില്‍ ഇതുവരെ 150 ഓളം പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ 70 പേര്‍ക്ക് വെടിയേറ്റാണ് പരിക്ക്.

മൂന്ന് ദിവസമായി ഏകപക്ഷീയവും ആസൂത്രിതവുമായും സംഘപരിവാര്‍ നടത്തുന്ന അക്രമത്തിന്റെ പിടിയിലായിരിക്കുന്ന വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ഇന്നലത്തെ കാഴ്ചകള്‍ ഏറെ ഞെട്ടിക്കുന്നതാണ്. രാവിലെ മുതല്‍ അര്‍ദ്ധരാത്രി വരെ സംഘപരിവാര സംഘം വടികളും വാളുകളുമായി നിരത്തിലിറങ്ങി ആക്രമണം അഴിച്ചുവിട്ടു. മുസ്‌ലിംകളുടെ കടകളും വീടുകളും അഗ്നിക്കിരയാക്കി. പട്ടാപ്പകല്‍ അക്രമം അരങ്ങേറുമ്പോള്‍ നിശബ്ദ കാണികളായി നില്‍ക്കുകയാണ് പോലിസ് ചെയ്തത്.

അക്രമത്തില്‍ പരിക്കേറ്റവരെ പ്രവേശിപ്പിച്ച ജിടിബി ആശുപത്രിയില്‍ അതിക്രമിച്ച് കയറി രക്തദാഹികളായ കൊലയാളി സംഘം വീണ്ടും ആക്രമിച്ചു. റാപിഡ് ആക്ഷന്‍ ഫോഴ്‌സും സെന്‍ട്രല്‍ റിസര്‍വ് പോലിസ് ഫോഴ്‌സും ഉച്ചകഴിഞ്ഞ് 3 മണിയോടെ മാത്രമാണ് പ്രദേശത്തെത്തിയത്. മുസ്‌ലിം പ്രദേശങ്ങളിലുള്ളവര്‍ ഭീതിയെത്തുടര്‍ന്ന് വീടുകള്‍ക്കുള്ളില്‍ തന്നെ കഴിയുകയാണ്.

പോലസിന്റെ സാന്നിധ്യത്തില്‍ സംഘപരിവാര്‍ കൊലയാളികള്‍ തെരുവ് ഭരിച്ചു:

* രാവിലെ 7 നും ഉച്ചയ്ക്ക് 12 നും ഇടയില്‍, മൗജ്പൂര്‍, ബാബര്‍പൂര്‍, കബീര്‍നഗര്‍, വെസ്റ്റ് ജ്യോതി നഗര്‍, ഗോകുല്‍പുരി എന്നിവിടങ്ങളിലെ നിരത്തുകളില്‍ തങ്ങള്‍ ആക്രമണം നടത്തുമെന്ന് ഉത്സാഹത്തോടെ വിളിച്ചു പറയുവാന്‍ യുവാക്കള്‍ ധൈര്യപ്പെടുന്നതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ട് ചെയ്തു. വൃന്ദാബനിലെ ഒരു ക്ഷേത്രത്തിലെ 21കാരനായായ പൂജാരി പറഞ്ഞു: 'കഴിഞ്ഞ രാത്രിയിലെ തെറ്റ് ഞങ്ങള്‍ക്ക് ആവര്‍ത്തിക്കാനാവില്ല. ഞങ്ങള്‍ക്ക് ഇന്നലെ രാത്രി ഉറങ്ങാന്‍ കഴിഞ്ഞില്ല. അതിനാല്‍ സ്വയം പ്രതിരോധിക്കാന്‍ ഞങ്ങള്‍ തയ്യാറായിക്കഴിഞ്ഞു. ഈ തയാറെടുപ്പുകള്‍ പോലിസ് ഉദ്യോഗസ്ഥരുടെ പൂര്‍ണ്ണ നിരീക്ഷണത്തിലായിരുന്നു'.

* രാവിലെ 11.15 ന് ചജ്ജുപൂര്‍-കബീര്‍നഗര്‍ റോഡില്‍ സായുധരായ സംഘം ജയ് ശ്രീരാം വിളിച്ചുകൊണ്ട് മുഖംമറച്ച നൂറുകണക്കിന് ആക്രമികള്‍ നിലയുറപ്പിച്ചിരുന്നു. ആറ് പോലിസുകാര്‍ ഈ ആക്രമി സംഘത്തിന് സമീപം നിഷ്‌ക്രിയമായി നിന്നു. സനാതന്‍ ധര്‍മ്മ മന്ദിരിന് പുറത്ത് തടിച്ചുകൂടിയ ആക്രമികളില്‍ ഒരാള്‍ പറഞ്ഞു: 'മൂന്ന് ദിവസമായി മുസ്‌ലിംകള്‍ ഞങ്ങളുടെ നേരെ കല്ലെറിഞ്ഞു, ആക്രമിച്ചു, വാഹനങ്ങള്‍ക്ക് തീയിട്ടു. എത്ര ദിവസം ഞങ്ങള്‍ മിണ്ടാതിരിക്കും? ഇന്ന് ഞങ്ങള്‍ പുറത്തുവന്നിട്ടുണ്ട്, ഞങ്ങള്‍ പുലര്‍ച്ചെ 4 മണി മുതല്‍ ആയുധങ്ങള്‍ ശേഖരിക്കാന്‍ തുടങ്ങി. അതിനുശേഷം കാര്യങ്ങള്‍ ഞങ്ങളുടെ കൈയ്യില്‍ എടുത്തിയിട്ടുണ്ട്'.

* രാവിലെ മുതല്‍ ആയുധധാരികളായ ചെറിയ സംഘങ്ങള്‍ 50 മീറ്റര്‍ ഇടവിട്ട് മൂന്ന് കിലോമീറ്റര്‍ ദൂരത്തില്‍ മൗജ്പൂര്‍ ചൗക്കിനും ജിടിബി ആശുപത്രിക്കും ഇടയിലെ റോഡരികില്‍ നിലയുറപ്പിച്ചിരുന്നു. റോഡിനു കുറുകെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ കബീര്‍ നഗറാണ്.

* ഉച്ചയ്ക്ക് 1.30 ഓടെ ദുര്‍ഗാപുരി ചൗക്കില്‍ നിന്ന് മൗജ്പൂര്‍ ചൗക്കിലേക്ക് പോകുകയായിരുന്ന ബൈക്ക് യാത്രക്കാരായ രണ്ട് മുസ്‌ലിം യുവാക്കളെ തടഞ്ഞുനിര്‍ത്തി ആക്രമിച്ചു. സുരക്ഷാ ഉദ്യോഗസ്ഥര്‍ കണ്ണീര്‍ വാതക ഷെല്ലുകള്‍ പ്രയോഗിച്ച് ജനക്കൂട്ടത്തെ പിരിച്ചുവിട്ടു. എന്നാല്‍ അവര്‍ വീണ്ടും സംഘടിക്കാന്‍ കൂടുതല്‍ സമയം എടുത്തില്ല ഇത് പ്രദേശത്തുടനീളമുള്ള അക്രമബാധിത മേഖലകളില്‍ കാണുന്ന മാതൃകയായിരുന്നു അത്.

* മേഖലകളില്‍ 144ാം വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സായുധധാരികള്‍ തെരുവുകളില്‍ നിലയുറപ്പിച്ചിരുന്നു. ചജ്ജുപൂരിലെ 20ല്‍ താഴെ മാത്രംവരുന്ന പോലിസ് ഉദ്യോഗസ്ഥര്‍ ഇതിന്റെ കാഴ്ചക്കാരായി മാറി. രാവിലെ 11:30നും ഉച്ചക്ക് ഒരു മണിക്കും ഇടയില്‍, മജ്പൂര്‍ ചൗക്കില്‍ നിന്ന് ജിടിബി ആശുപത്രിയിലേക്ക് ആംബുലന്‍സുകള്‍ക്കും പോലിസ് ജീപ്പുകള്‍ക്കും കടന്നുപോകാന്‍ കുറഞ്ഞത് എട്ട് തവണയെങ്കിലും പോലിസ് ഉദ്യോഗസ്ഥര്‍ക്ക് ലാത്തി വീശേണ്ടിവന്നു.

മുഖംമൂടി ധാരികളായ ആക്രമികള്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ പരിശോധിക്കുകയും മുസ്‌ലിംകളാണോയെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നുണ്ടായിരുന്നു. ഉച്ചകഴിഞ്ഞ് 2 മണിയോടെ, മൗജ്പൂര്‍ ചൗക്കിന് തൊട്ടടുത്തായി, ഒരു മുസ്‌ലിം യുവാവ് ആക്രമണത്തിനിരയായി. അവിടെയുണ്ടായിരുന്ന കോണ്‍സ്റ്റബിള്‍ രതല്‍ ലാല്‍ സോളങ്കി പറഞ്ഞതിങ്ങനെയാണ്, 'അവര്‍ നമ്മെ കൊന്നാല്‍ ഞങ്ങള്‍ അവരെയും കൊല്ലും'.

* വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ മറ്റൊരു നിയമം നിലവിലുണ്ട്, മൊബൈല്‍ ഫോണുകളോ മറ്റേതെങ്കിലും റെക്കോര്‍ഡിംഗ് ഉപകരണങ്ങളോ ഉപയോഗിക്കുന്നത് നിരോധിച്ചു. തെരുവുകളില്‍ ചുറ്റി സഞ്ചരിക്കുന്ന ആളുകള്‍ വീഡിയോ റെക്കോര്‍ഡ് ചെയ്യുന്നുണ്ടോയെന്ന് നിരീക്ഷിക്കുകയായിരുന്നു. ഉച്ചയ്ക്ക് 12ന് സാംസങ് സ്മാര്‍ട്ട് പ്ലാസയ്ക്ക് സമീപം ബൈക്കിലെ രണ്ട് ആണ്‍കുട്ടികളെ തടഞ്ഞുനിര്‍ത്തി അവരുടെ ഫോണുകള്‍ നിലത്തേക്ക് എറിഞ്ഞു. ഞങ്ങള്‍ ഹിന്ദുക്കളാണെന്ന് അവര്‍ വിളിച്ചുപറഞ്ഞു, പക്ഷേ ഫലമുണ്ടായില്ല.

റോഡിലെ നാല് മാധ്യമപ്രവര്‍ത്തകരോട് ഐഡന്റിറ്റി കാര്‍ഡ് കാണിക്കാന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു. അവര്‍ ഹിന്ദു നാമധാരികള്‍ ആയതിനാല്‍ വെറുതെവിട്ടു. അവരുടെ ഫോണുകള്‍ പരിശോധിക്കുകയും അവ ഉപയോഗിക്കരുതെന്ന മുന്നറിയിപ്പും നല്‍കി. 3 കിലോമീറ്റര്‍ അകലെ രണ്ട് എന്‍ഡിടിവി മാധ്യമപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടു. മറ്റൊരു സ്ഥലത്ത് മറ്റൊരു പത്രപ്രവര്‍ത്തകന് വെടിയേറ്റു.

ഉച്ചകഴിഞ്ഞ് 2:30ഓടെ, മൗജ്പൂര്‍ ചൗക്കില്‍ ആക്രമികള്‍ സംഘടിച്ചപ്പോള്‍, പോലിസ് മൂന്ന് ടിയര്‍ഗാസ് ഷെല്ലുകള്‍ പ്രയോഗിച്ചു. മുഖംമൂടി ധരിച്ച ആക്രമികളുടെ കൈയ്യില്‍ പെട്രോള്‍ ബോംബുകള്‍ ഉണ്ടായിരുന്നു. കുറഞ്ഞത് ആറ് പേര്‍ ചേര്‍ന്ന്, ഏകദേശം 100 മീറ്റര്‍ അകലെ, പോലിസിന്റെ സാന്നിധ്യത്തില്‍ കബീര്‍ നഗര്‍ ഭാഗത്തെ ഒരു വീട്ടിലേക്ക് പെട്രോള്‍ ബോംബ് എറിഞ്ഞു.

* ഉച്ചകഴിഞ്ഞ്, ഒരു പാറ്റേണ്‍ ഉണ്ടായിരുന്നു: മുസ്‌ലിംകളുടെ ഉടമസ്ഥതയിലുള്ള വസ്തുവകകള്‍ കണ്ടെത്തി തീവെക്കുകയായിരുന്നു ലക്ഷ്യം. ഒരു കട കത്തിച്ച ശേഷമാണ് പോലിസ് എത്തിയത്. വെസ്റ്റ് ജ്യോതി നഗറിലെ ഹെയര്‍ കട്ടിംഗ് സലൂണ്‍ വൈകുന്നേരം 4.54 ഓടെയാണ് തീവച്ചത്. നിമിഷങ്ങള്‍ക്കകം ദുര്‍ഗാപുരി ചൗക്കിന് സമീപം മറ്റൊരു ജ്യൂസ് ഷോപ്പ് ആക്രമിക്കപ്പെട്ടതായി റിപോര്‍ട്ടുകള്‍ വന്നു. സൈന്യം അവിടെയെത്തുമ്പോഴേക്കും പ്രാദേശിക കച്ചവടക്കാര്‍ ഒരു അക്രമിയെ പിടികൂടിയിരുന്നു. ഇയാളെ പോലിസിന് കൈമാറി. താമസിയാതെ, മുന്‍കരുതല്‍ നടപടിയായി മുസ്‌ലിം ഉടമസ്ഥരുടെ പേരുകള്‍ അടങ്ങിയ സൈന്‍ബോര്‍ഡുകള്‍ ഈ പ്രദേശത്ത് നിന്നും എടുത്തുമാറ്റി.

Next Story

RELATED STORIES

Share it