Sub Lead

പശുക്കളെ പരിപാലിച്ചാല്‍ കുറ്റവാസന കുറയുമെന്ന് ആര്‍എസ്എസ് മേധാവി

യോഗി ഭരിക്കുന്ന ഉത്തര്‍പ്രദേശിലെ ഉന്നാവോ ബലാത്സംഗങ്ങളുടെ തലസ്ഥാനമെന്ന് കുപ്രസിദ്ധി നേടിയത് വാര്‍ത്തയാകുന്നതിന് ഇടയിലാണ് ആര്‍എസ്എസ് മേധാവിയുടെ പ്രസ്താവന എന്നത് ശ്രദ്ധേയമാണ്.

പശുക്കളെ പരിപാലിച്ചാല്‍ കുറ്റവാസന കുറയുമെന്ന് ആര്‍എസ്എസ് മേധാവി
X

പൂനെ: മനുഷ്യരേക്കാള്‍ പശുക്കള്‍ക്ക് പ്രധാന്യം കൊടുക്കുന്ന യോഗിയുടെ യുപിയില്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുന്നതിനിടെ പശുക്കളെ പരിപാലിച്ചാല്‍ കുറ്റവാസന കുറയുമെന്ന വിചിത്ര വാദവുമായി ആര്‍എസ്എസ് മേധാവി. ജയിലുകളില്‍ ഗോ ശാലകള്‍ വേണം എന്ന അഭിപ്രായം രേഖപ്പെടുത്തുന്നതിനിടെയാണ്, ജയിലുകളില്‍ പശുക്കളെ പരിപാലിക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തിയാല്‍ അത് തടവുകാരുടെ കുറ്റവാസനകള്‍ കുറയ്ക്കും എന്നും, മുന്‍കാലങ്ങളില്‍ ഇത്തരം അനുഭവങ്ങള്‍ ഉണ്ടെന്നും ആര്‍എസ്എസ് മേധാവി സൂചിപ്പിച്ചത്. പൂനെയില്‍ ഗോവിജ്ഞ്യാന്‍ സന്‍സോദന്‍ അവാര്‍ഡ്ദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ആര്‍എസ്എസ് മേധാവി. പശു സംബന്ധിയായ ശാസ്ത്രീയ കാര്യങ്ങള്‍ പരിശോധിക്കുന്ന സംഘടനയാണ് ഗോവിജ്ഞ്യാന്‍ സന്‍സോദന്‍.

കുറ്റകൃത്യങ്ങള്‍ കുറയുന്നതായുള്ള അനുഭവങ്ങളും ആര്‍എസ്എസ് മേധാവി വിശദീകരിച്ചു. ഗോ ശാല തുറന്ന ജയില്‍ മേധാവി തന്നോട്ട് സംസാരിച്ചു. പശുക്കളെ പരിപാലിക്കുന്ന തടവുകാരുടെ മനസ് മാറുന്നതായി തന്നോട് പറഞ്ഞു. ഇത്തരത്തില്‍ ഒരു അനുഭവം ആഗോള വ്യാപകമായി നടപ്പിലാക്കാന്‍ തെളിവ് വേണം. അതിനായി പശുക്കളെ പരിപാലിക്കുന്ന തടവുകാരുടെ മാനസിക നില നിരന്തരം രേഖപ്പെടുത്തണം. അവരിലുണ്ടാകുന്ന മാറ്റം രേഖപ്പെടുത്തണം. ആയിരക്കണക്കിന് സ്ഥലങ്ങളിലെ കണക്ക് ലഭിച്ചാല്‍ ഇത് സ്ഥാപിക്കാന്‍ സാധിക്കുമെന്നും ആര്‍എസ്എസ് മേധാവി പറഞ്ഞു.

ആരും ശ്രദ്ധിക്കാനില്ലാത്ത പശുക്കളെ പരിപാലിക്കാന്‍ കൂടുതല്‍പ്പേര്‍ രംഗത്ത് വരണമെന്ന് മോഹന്‍ ഭാഗവത് ആവശ്യപ്പെട്ടു. പാവനമായ അന്തരീക്ഷത്തിലാണ് ഇന്ത്യക്കാര്‍ പശുക്കളെ സംരക്ഷിക്കുന്നത്. പശുക്കള്‍ പാലും ഇറച്ചിയും നല്‍കുന്നവ മാത്രമാണ് എന്നാണ് വിദേശികളുടെ ധാരണ. എന്നാല്‍ ഇന്ത്യയില്‍ പശുപരിപാലനം പാവനമായ ഒരു ദൗത്യമാണ് ആര്‍എസ്എസ് മേധാവി പറയുന്നു.

യോഗി ഭരിക്കുന്ന ഉത്തര്‍പ്രദേശിലെ ഉന്നാവോ ബലാത്സംഗങ്ങളുടെ തലസ്ഥാനമെന്ന് കുപ്രസിദ്ധി നേടിയത് വാര്‍ത്തയാകുന്നതിന് ഇടയിലാണ് ആര്‍എസ്എസ് മേധാവിയുടെ പ്രസ്താവന എന്നത് ശ്രദ്ധേയമാണ്.

ഒരു വര്‍ഷത്തിനിടയില്‍ മാത്രം ഉന്നാവോയില്‍ നടന്നത് 86 ബലാത്സംഗങ്ങളാണ്. ജനുവരി മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ 185 ലൈംഗികാക്രമണങ്ങള്‍ ഈ ജില്ലയില്‍ നടന്നു. ഉത്തര്‍പ്രദേശിന്റെ തലസ്ഥാനമായ ലക്‌നോവില്‍ നിന്ന് 63 കിലോമീറ്റര്‍ മാത്രം അകലെയാണ് ഉന്നാവോ. 31 ലക്ഷം പേരാണ് ഈ ജില്ലയില്‍ താമസിക്കുന്നത്.

ഇക്കൂട്ടത്തില്‍ രാജ്യത്ത് ചര്‍ച്ചയായ അതിക്രൂരമായ ബലാല്‍സംഗങ്ങള്‍ പലതുമുണ്ട്. ഇവയില്‍ ഏറ്റവുമൊടുവില്‍ ഉണ്ടായതാണ് വ്യാഴാഴ്ചത്തേത്. ബലാല്‍സംഗം ചെയ്തതിനു ശേഷം ഇരയെ തീക്കൊളുത്തിക്കൊന്ന സംഭവം. മിക്ക കേസുകളിലും പ്രതികള്‍ പിടിയിലാവുകയും ജാമ്യത്തിലിറങ്ങുകയും ചെയ്തു. ഉന്നാവോയിലെ പോലിസ് സംവിധാനം പൂര്‍ണമായും രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു എന്നാണ് ഉന്നാവോയിലെ ജനങ്ങള്‍ പരാതിപ്പെടുന്നത്. ഇക്കാരണത്താല്‍ തന്നെ ക്രിമിനലുകള്‍ക്ക് രക്ഷപ്പെടാന്‍ എളുപ്പമാണ്.




Next Story

RELATED STORIES

Share it