Latest News

കോടതി പരിസരത്തു നിന്നുള്ള അറസ്റ്റിന് അനുമതി; ഹൈക്കോടതി മാര്‍ഗനിര്‍ദേശത്തില്‍ ഭേദഗതി വരുത്തി സുപ്രിംകോടതി

കോടതി പരിസരത്തു നിന്നുള്ള അറസ്റ്റിന് അനുമതി; ഹൈക്കോടതി മാര്‍ഗനിര്‍ദേശത്തില്‍ ഭേദഗതി വരുത്തി സുപ്രിംകോടതി
X

തിരുവനന്തപുരം: കോടതി പരിസരങ്ങളില്‍ ആളുകളെ അറസ്റ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട ഹൈക്കോടതി പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശത്തില്‍ സുപ്രിംകോടതി ഭേദഗതി വരുത്തി. തിരിച്ചറിയാവുന്ന (കോഗ്‌നിസബിള്‍) കുറ്റകൃത്യം സംഭവിക്കുന്നതായി കണ്ടാല്‍ പോലിസിന് ഇനി മുതല്‍ കോടതി പരിസരത്തുതന്നെ പ്രതിയെ അറസ്റ്റ് ചെയ്യാമെന്ന് സുപ്രിംകോടതി വ്യക്തമാക്കി. കുറ്റകൃത്യം നടത്തിയ ഉടന്‍ പ്രതിയെയോ പ്രതിയെന്ന് സംശയിക്കുന്നയാളെയോ സ്ഥലത്തുവച്ച് തന്നെ പിടികൂടേണ്ട സാഹചര്യം ഉണ്ടാകുകയോ, പ്രതി കോടതി പരിസരത്ത് ഒളിച്ചിരിക്കാനുള്ള സാധ്യതയുണ്ടാകുകയോ ചെയ്താല്‍ പോലിസിന് ഇടപെടാന്‍ കഴിയുമെന്ന് കോടതി നിരീക്ഷിച്ചു. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെതിരേ കേരള പോലിസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ നല്‍കിയ അപ്പീലിലാണ് സുപ്രിംകോടതിയുടെ നിര്‍ണായക വിധി.

പോലിസും അഭിഭാഷകരും തമ്മിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ രൂപീകരിക്കാനിരിക്കുന്ന പെര്‍മനന്റ് കമ്മിറ്റിയില്‍ ഒരു പോലിസ് ഓഫീസറെ കൂടി ഉള്‍പ്പെടുത്തണമെന്നും സുപ്രിംകോടതി നിര്‍ദേശിച്ചു. അഭിഭാഷക സംഘടന നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ 2025 ആഗസ്റ്റ് 19നാണ് കോടതി പരിസരത്ത് പോലിസ് അറസ്റ്റ് നടത്തരുതെന്നുള്ള പുതിയ മാര്‍ഗനിര്‍ദേശം ഹൈക്കോടതി പുറപ്പെടുവിച്ചത്. ഇത് പോലിസ് പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് കേരള പോലിസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ കക്ഷി ചേര്‍ന്ന് അപ്പീല്‍ നല്‍കിയത്. കോടതി പരിസരത്ത് അറസ്റ്റിന് ഹൈക്കോടതി നല്‍കിയ നിയന്ത്രണം പോലിസ് ഉദ്യോഗസ്ഥരുടെ ക്രമസമാധാന ചുമതലകളില്‍ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കാമെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു. അതിനാല്‍ ഗൗരവകരമായ സാഹചര്യങ്ങളില്‍ മുന്‍കൂര്‍ അനുമതി ഇല്ലാതെ തന്നെ പോലിസിന് അറസ്റ്റ് നടത്താമെന്ന് കോടതി വ്യക്തമാക്കി.

ഇതിനിടെ, പോലിസും അഭിഭാഷകരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ രൂപീകരിക്കുന്ന പെര്‍മനന്റ് കമ്മിറ്റിയില്‍ അഭിഭാഷക പ്രതിനിധികള്‍ മാത്രമുണ്ടെങ്കില്‍ നീതിപൂര്‍വമായ നിലപാട് ഉണ്ടാകില്ലെന്നായിരുന്നു പോലിസ് ഓഫീസേഴ്‌സ് അസോസിയേഷന്റെ വാദം. ഈ വാദം അംഗീകരിച്ചാണ് സമിതിയില്‍ ഒരു പോലിസ് ഓഫീസറെ കൂടി ഉള്‍പ്പെടുത്താന്‍ സുപ്രിംകോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. കമ്മിറ്റിയുടെ പ്രവര്‍ത്തനം പോലിസ് അന്വേഷണങ്ങളിലോ നിയമപരമായി നല്‍കിയിരിക്കുന്ന അധികാരങ്ങളിലോ ഇടപെടാന്‍ പാടില്ലെന്നും സുപ്രിംകോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

കേരള പോലിസ് ഓഫീസേഴ്‌സ് അസോസിയേഷന്റെ ജനറല്‍ സെക്രട്ടറി സി ആര്‍ ബിജു പ്രതികരിച്ചതനുസരിച്ച്, കോടതി പരിസരത്ത് തല്‍ക്ഷണം അറസ്റ്റ് ചെയ്യാവുന്ന സാഹചര്യങ്ങള്‍ വ്യക്തമാക്കിയതിലൂടെ പോലിസ് പ്രവര്‍ത്തനങ്ങള്‍ക്ക് തടസമില്ലാത്ത സാഹചര്യം രൂപപ്പെട്ടിട്ടുണ്ട്. ജഡീഷ്യല്‍ ഉദ്യോഗസ്ഥര്‍, അഭിഭാഷകര്‍, പൊതുജനങ്ങള്‍ എന്നിവര്‍ക്കെതിരേ ആക്രമണം നടന്നാലും പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ ഇനി നിയമപരമായ തടസ്സമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it