Sub Lead

കാസര്‍ഗോഡ് ബിജെപിയില്‍ പൊട്ടിത്തെറി; രവീശ തന്ത്രി രാജിക്ക്

കാസര്‍ഗോഡ് ജില്ലാ ഘടകത്തിലെ പൊട്ടിത്തെറിയെത്തുടര്‍ന്ന് സംസ്ഥാന സമിതി അംഗം രവീശ തന്ത്രി കുണ്ടാര്‍ നേതൃസ്ഥാനത്തുനിന്നുള്ള രാജിപ്രഖ്യാപിച്ചു. പ്രസിഡന്റായി കെ ശ്രീകാന്തിനെ പ്രഖ്യാപിച്ചതില്‍ പ്രതിഷേധിച്ചാണു രാജി.

കാസര്‍ഗോഡ് ബിജെപിയില്‍ പൊട്ടിത്തെറി; രവീശ തന്ത്രി രാജിക്ക്
X

മഞ്ചേശ്വരം: സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രന്‍ സ്ഥാനമേറ്റടുത്തതിനു പിന്നാലെ ബിജെപിയിലെ അസ്വാരസ്യങ്ങള്‍ കൂടുതല്‍ മറനീക്കി പുറത്തേക്ക്. കാസര്‍ഗോഡ് ജില്ലാ ഘടകത്തിലെ പൊട്ടിത്തെറിയെത്തുടര്‍ന്ന് സംസ്ഥാന സമിതി അംഗം രവീശ തന്ത്രി കുണ്ടാര്‍ നേതൃസ്ഥാനത്തുനിന്നുള്ള രാജിപ്രഖ്യാപിച്ചു. പ്രസിഡന്റായി കെ ശ്രീകാന്തിനെ പ്രഖ്യാപിച്ചതില്‍ പ്രതിഷേധിച്ചാണു രാജി. പാര്‍ട്ടി നേതൃത്വത്തിന്റെ അവഗണനയെത്തുടര്‍ന്നാണു രാജിയെന്നും രാജിക്കത്ത് നാളെ സംസ്ഥാന പ്രസിഡന്റിനു നല്‍കുമെന്നും രവീശ തന്ത്രി കുണ്ടാര്‍ വ്യക്തമാക്കി. മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായ തനിക്ക് പാര്‍ട്ടിയില്‍നിന്നു വേണ്ടത്ര പിന്തുണ ലഭിച്ചിട്ടില്ല. പ്രശ്‌നങ്ങള്‍ ചൂണ്ടികാട്ടി നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. എന്നാല്‍ അക്കാര്യത്തിലൊന്നും നടപടിയുണ്ടായില്ല. സംസ്ഥാന സമിതി അംഗമായ തന്നോട് ആലോചിക്കുക പോലും ചെയ്യാതെയാണ് ഇപ്പോള്‍ ജില്ലാ പ്രസിഡന്റായി ശ്രീകാന്തിനെ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതില്‍ വിഷമമുണ്ടെന്നും രവീശ തന്ത്രി പറഞ്ഞു.

താന്‍ ശ്രീകാന്തിന് എതിരല്ല. എന്നാല്‍ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കാസര്‍ഗോഡ് ബിജെപിയില്‍ നടന്ന പ്രശ്‌നങ്ങള്‍ സംസ്ഥാന നേതൃത്വത്തിന് അറിയാം. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഇക്കാര്യത്തില്‍ ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല. ഈ സാഹചര്യത്തില്‍ ഇനിയും പാര്‍ട്ടിയില്‍ തുടരുന്നതില്‍ അര്‍ഥമില്ല. ഇനിയും രാഷ്ട്രീയത്തില്‍ തുടര്‍ന്നാല്‍ ഇവിടെ ഗ്രൂപ്പിസം ഉണ്ടാകും. ഇതിന് വഴിവയ്ക്കുന്നില്ല.

സജീവ രാഷ്ട്രീയത്തില്‍നിന്നു പിന്മാറുകയാണെന്നും അദ്ദേഹം പറഞ്ഞു. മഞ്ചേശ്വരം മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ രവീശ തന്ത്രിയെ സ്ഥാനാര്‍ഥിയാക്കുന്നതിനെതിരെ ബിജെപിയിലെ ഒരുവിഭാഗം കടുത്ത പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഇപ്പോഴത്തെ ജില്ലാ പ്രസിഡന്റ് കെ ശ്രീകാന്തിനെ സ്ഥാനാര്‍ഥിയാക്കാത്തതിന് എതിരെയായിരുന്നു പ്രതിഷേധം.



Next Story

RELATED STORIES

Share it