Sub Lead

രാഹുല്‍ ഗാന്ധിയുടെ അയോഗ്യത: വയനാട്ടില്‍ പുതിയ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമോ...?

തിരഞ്ഞെടുപ്പ് കമ്മീഷന് വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ പ്രത്യേക തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാം. സെന്‍ട്രല്‍ ഡല്‍ഹിയിലെ സര്‍ക്കാര്‍ ബംഗ്ലാവ് ഒഴിയാനും രാഹുലിനോട് ആവശ്യപ്പെടാം. അതേസമയം, തീരുമാനത്തെ രാഹുല്‍ ഗാന്ധിക്ക് കോടതിയില്‍ ചോദ്യം ചെയ്യാം.

രാഹുല്‍ ഗാന്ധിയുടെ അയോഗ്യത: വയനാട്ടില്‍ പുതിയ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമോ...?
X

ന്യൂഡല്‍ഹി: മോദിവിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ ഗുജറാത്ത് കോടതി ശിക്ഷിക്കപ്പെട്ടതിനു പിന്നാലെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാ അംഗത്വം റദ്ദാക്കിയതോടെ ഉയര്‍ന്നുവരുന്നത് നിരവധി ചോദ്യങ്ങള്‍. ലോക്‌സഭാ സെക്രട്ടേറിയറ്റ് ആണ് രാഹുലിന്റെ ലോക്‌സ ഭാ അംഗത്വം റദ്ദാക്കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്. കേരളത്തിലെ വയനാട്ടില്‍ നിന്നുള്ള എംപി ശിക്ഷിക്കപ്പെട്ടതോടെ തന്നെ 'സ്വയം' അയോഗ്യനായെന്ന് ചില നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം, ശിക്ഷ മേല്‍ക്കോടതിയില്‍ റദ്ദാക്കാന്‍ കഴിഞ്ഞാല്‍ നടപടി ഒഴിവാക്കാമെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. 2019ല്‍ നടത്തിയ പ്രസംഗത്തിന്റെ പേരില്‍ ഗുജറാത്ത് മുന്‍ മന്ത്രി പൂര്‍ണേഷ് മോദി നല്‍കിയ മാനനഷ്ടക്കേസിലാണ് സൂറത്ത് കോടതി കഴിഞ്ഞ ദിവസം രാഹുല്‍ഗാന്ധിയെ രണ്ടുവര്‍ഷം തടവിന് ശിക്ഷിച്ചത്. വിധിക്കെതിരെ അപ്പീല്‍ നല്‍കുന്നതിന് രാഹുല്‍ ഗാന്ധിക്ക് ജാമ്യം ലഭിക്കുകയും ശിക്ഷ 30 ദിവസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്‌തെങ്കിലും, കോടതിയുടെ ഉത്തരവ് അദ്ദേഹത്തെ നിയമപ്രകാരം പാര്‍ലമെന്റ് അംഗമെന്ന നിലയില്‍ സ്വയമേവ അയോഗ്യനാക്കാനുള്ള സാധ്യതയുണ്ടാക്കിയതായി ചില നിയമവിദഗ്ധര്‍ പറഞ്ഞു. ഒരു പാര്‍ലമെന്റ് അംഗം ഏതെങ്കിലും കുറ്റത്തിന് കുറഞ്ഞത് രണ്ട് വര്‍ഷമെങ്കിലും ശിക്ഷിക്കപ്പെട്ടാല്‍ അവര്‍ അയോഗ്യരാക്കപ്പെടുമെന്നാണ് 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 8(3) പറയുന്നത്.

സൂറത്ത് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ലോക്‌സഭാ സെക്രട്ടേറിയറ്റ് രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കുകയും അദ്ദേഹത്തിന്റെ മണ്ഡലം ഒഴിഞ്ഞതായി പ്രഖ്യാപിക്കുകയും ചെയ്തു. അതിനാല്‍ തന്നെ തിരഞ്ഞെടുപ്പ് കമ്മീഷന് വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ പ്രത്യേക തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാം. സെന്‍ട്രല്‍ ഡല്‍ഹിയിലെ സര്‍ക്കാര്‍ ബംഗ്ലാവ് ഒഴിയാനും രാഹുലിനോട് ആവശ്യപ്പെടാം. അതേസമയം, തീരുമാനത്തെ രാഹുല്‍ ഗാന്ധിക്ക് കോടതിയില്‍ ചോദ്യം ചെയ്യാം. തിരഞ്ഞെടുപ്പ് കമ്മീഷനുമായി കൂടിയാലോചിച്ച് എംപിമാരെ അയോഗ്യരാക്കാന്‍ രാഷ്ട്രപതിക്ക് മാത്രമേ കഴിയൂവെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. എന്നാല്‍ ബിജെപി ഇക്കാര്യത്തോട് വിയോജിക്കുകയാണ്. 'നിയമത്തിന്റെ പ്രവര്‍ത്തനത്താല്‍, അവന്‍ അയോഗ്യനാകുന്നു, എന്നാല്‍ തീരുമാനം സ്പീക്കറെ അറിയിക്കണം. എന്നാല്‍ ഇന്നത്തെ നിലയില്‍, അദ്ദേഹം അയോഗ്യനായി നിലകൊള്ളുന്നതായി പ്രമുഖ അഭിഭാഷകനും ബിജെപി എംപിയുമായ മഹേഷ് ജഠ്മലാനി പറഞ്ഞു.

രണ്ട് വര്‍ഷത്തെ ജയില്‍ ശിക്ഷയോടെ എംപിയെന്ന നിലയില്‍ രാഹുല്‍ ഗാന്ധി സ്വാഭാവികമായും അയോഗ്യനാക്കപ്പെടുമെന്ന് മുന്‍ കേന്ദ്ര നിയമമന്ത്രിയും സുപ്രിംകോടതി മുന്‍ അഭിഭാഷകനുമായ കപില്‍ സിബലും പറഞ്ഞു. ഏതെങ്കിലും മേല്‍ക്കോടതി വിധി റദ്ദാക്കിയില്ലെങ്കില്‍ അടുത്ത എട്ട് വര്‍ഷത്തേക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനും രാഹുല്‍ ഗാന്ധിക്ക് കഴിയില്ല. വിധിയെ മേല്‍ക്കോടതിയില്‍ ചോദ്യം ചെയ്യാന്‍ കോണ്‍ഗ്രസ് പദ്ധതിയിടുന്നതായി രാഹുലുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. ശിക്ഷ സസ്‌പെന്‍ഡ് ചെയ്യുന്നതിനും ഉത്തരവ് മരവിപ്പിക്കുന്നതിനുമുള്ള അപ്പീല്‍ അംഗീകരിച്ചില്ലെങ്കില്‍ സുപ്രീം കോടതിയെ സമീപിക്കാനാണ് തീരുമാനം.

Next Story

RELATED STORIES

Share it