ഒരു ചോദ്യം പോലും നേരിടാന്‍ തയ്യാറാവാതെ മോദിയുടെ ആദ്യ വാര്‍ത്താസമ്മേളനം

പ്രധാനമന്ത്രി നരേന്ദ്രമോദി വാര്‍ത്താ സമ്മേളനത്തില്‍ സംസാരിച്ചെങ്കിലും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയോടാണ് ചോദ്യം എന്ന് മാധ്യമപ്രവര്‍ത്തകര്‍ ആവര്‍ത്തിച്ചെങ്കിലും പാര്‍ട്ടി പ്രസിഡന്റുള്ളപ്പോള്‍ അച്ചടക്കമുള്ള പ്രവര്‍ത്തകനായി താനിവിടെ ഇരിക്കുന്നതാണ് ഉചിതമെന്ന് മോദി പറഞ്ഞു.

ഒരു ചോദ്യം പോലും നേരിടാന്‍ തയ്യാറാവാതെ മോദിയുടെ ആദ്യ വാര്‍ത്താസമ്മേളനം

ന്യൂഡല്‍ഹി: പ്രധാനമന്ത്രി പദത്തിലെത്തിയ ശേഷം നരേന്ദ്രമോദി ആദ്യമായി പത്രസമ്മേളനം വിളിച്ചു ചേര്‍ത്തു. ബിജെപി ആസ്ഥാനത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായും ഒപ്പമുണ്ടായിരുന്നു. പ്രജ്ഞാ സിങ് താക്കൂറിന്റെ വിവാദപരാമര്‍ശങ്ങളുടെ പശ്ചാത്തലത്തില്‍ അമിത് ഷാ വാര്‍ത്താ സമ്മേളനം നടത്തുമെന്നാണ് ആദ്യം വ്യക്തമാക്കിയിരുന്നത്. പിന്നീട് അപ്രതീക്ഷിതമായി നരേന്ദ്രമോദി കൂടി വാര്‍ത്താ സമ്മേളനത്തിനെത്തുകയായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദി വാര്‍ത്താ സമ്മേളനത്തില്‍ സംസാരിച്ചെങ്കിലും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയോടാണ് ചോദ്യം എന്ന് മാധ്യമപ്രവര്‍ത്തകര്‍ ആവര്‍ത്തിച്ചെങ്കിലും പാര്‍ട്ടി പ്രസിഡന്റുള്ളപ്പോള്‍ അച്ചടക്കമുള്ള പ്രവര്‍ത്തകനായി താനിവിടെ ഇരിക്കുന്നതാണ് ഉചിതമെന്ന് മോദി പറഞ്ഞു.

എല്ലാവരോടും നന്ദി പറയാനെത്തിയതാണെന്ന് മോദി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കുടുംബാധിപത്യത്തെ തകര്‍ത്ത് അധികാരത്തിലെത്തിയ ജനങ്ങളുടെ സര്‍ക്കാര്‍ വാഗ്ദാനം നിറവേറ്റി. പ്രാപ്തിയുള്ള സര്‍ക്കാരാണെങ്കില്‍ തിരഞ്ഞെടുപ്പും ഐപിഎല്ലും ഒരേ സമയം നടത്താന്‍ കഴിയും. അപൂര്‍വ്വമായേ അഞ്ച് വര്‍ഷം പൂര്‍ത്തീകരിച്ച സര്‍ക്കാര്‍ അധികാരത്തില്‍ വരാറുള്ളൂ. 2019ല്‍ മികച്ച ഭൂരിപക്ഷത്തോടെ പാര്‍ട്ടി അധികാരത്തില്‍ തിരിച്ചുവരുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

വാര്‍ത്താ സമ്മേളനത്തില്‍ പ്രധാനമന്ത്രിയോട് മാധ്യമ പ്രവര്‍ത്തക ചോദ്യം ചോദിക്കാനൊരുങ്ങിയപ്പോള്‍ പാര്‍ട്ടി അധ്യക്ഷന്‍ മറുപടി തരുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി.

മോദിഭരണത്തിനായുള്ള ജനങ്ങളുടെ ആഗ്രഹപ്രകടനം പ്രചാരണ സമയത്ത് കണ്ടെന്നും ഒരിക്കല്‍ കൂടി മോദി സര്‍ക്കാര്‍ വേണമെന്ന ആവശ്യം പൊതു ജനത്തില്‍ നിന്ന് ഉയര്‍ന്നു കേട്ടെന്നും അമിത് ഷാ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഓരോ പതിനഞ്ച് ദിവസം കൂടുന്തോറും മോദി സര്‍ക്കാര്‍ പുതിയ പദ്ധതികള്‍ കൊണ്ടുവന്നുവെന്നും 300ലധികം സീറ്റുകള്‍ നേടി മോദി വീണ്ടും അധികാരത്തില്‍ വരുമെന്നും അമിത് ഷാ പറഞ്ഞു.തിരഞ്ഞെടുപ്പ് പ്രചാരണത്തിന് അവസാനം കുറിച്ച് കൊണ്ടാണ് ഇരുവരും വാര്‍ത്താ സമ്മേളനം നടത്തിയത്.

ഭരണനേട്ടം എണ്ണിപ്പറഞ്ഞാണ് അമിത് ഷാ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിച്ചത്. സാധാരണക്കാരന്റെ ജീവിതനിലവാരം മോദിയുടെ ഭരണകാലത്ത് ഉയര്‍ന്നെന്നും, വികസനം വര്‍ധിച്ചെന്നും, എല്ലാ ആറ് മാസത്തിലും ഒരോ പുതിയ പദ്ധതികള്‍ കൊണ്ടുവന്നെന്നും അമിത് ഷാ അവകാശപ്പെട്ടു.

തിരഞ്ഞെടുപ്പ് കാലത്ത് മഹാത്മാഗാന്ധിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ ബിജെപി നേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ട്. പരാതികള്‍ പരിശോധിക്കാന്‍ പാര്‍ട്ടി സംവിധാനമുണ്ട്. അച്ചടക്ക സമിതിക്ക് മുമ്പാകെ ഈ പരാമര്‍ശങ്ങള്‍ നല്‍കിയിട്ടുണ്ട്. അച്ചടക്ക സമിതിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് വേണ്ട നടപടി സ്വീകരിക്കുമെന്നും ഷാ പറഞ്ഞു.

റഫാല്‍ ഉള്‍പ്പടെയുള്ള അഴിമതികളെക്കുറിച്ച് മോദി സംസാരിക്കണമെന്ന് രാഹുല്‍ ഗാന്ധി തത്സമയം തന്നെ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടപ്പോള്‍ റഫാല്‍ അഴിമതിയാരോപണത്തിന് രാജ്യത്തിന്റെ പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍ തന്നെ പാര്‍ലമെന്റില്‍ വന്ന് മറുപടി പറഞ്ഞതാണ്. മറ്റ് ആരോപണങ്ങളുണ്ടായിരുന്നെങ്കില്‍ രാഹുല്‍ അത് സുപ്രീംകോടതിയില്‍ പറയണമായിരുന്നു. അഞ്ച് വര്‍ഷത്തെ ഭരണത്തിനിടെ ഒരു അഴിമതിയാരോപണം കേട്ടിട്ടില്ലാത്ത സര്‍ക്കാരാണ് ഇതെന്നും ഷാ പറഞ്ഞു.

ബിജെപി ഹിംസാ പാര്‍ട്ടിയാണെന്ന പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ പ്രസ്താവനക്കെതിരെ അമിത് ഷാ രംഗത്തെത്തി. ബിജെപിയുടെ പ്രവര്‍ത്തകര്‍ നിരന്തരം പശ്ചിമബംഗാളില്‍ കൊല്ലപ്പെടുകയാണ്. എന്നിട്ടും എന്ത് അടിസ്ഥാനത്തിലാണ് മമത ഇത്തരം പരാമര്‍ശം നടത്തുന്നതെന്നും ഷാ ചോദിച്ചു.

RELATED STORIES

Share it
Top