Sub Lead

മോദിക്കെതിരേ മല്‍സരിക്കുന്ന മഞ്ഞള്‍ കര്‍ഷകരുടെ നാമനിര്‍ദേശ പത്രിക തള്ളി

എല്ലാ മാനദണ്ഡങ്ങളും പാലിച്ചു നല്‍കിയ പത്രികകള്‍ തള്ളിയ നടപടി, രാജ്യത്ത് ജനാധിപത്യം കൊല ചെയ്യപ്പെട്ടതിന്റെ തെളിവാണെന്നു തെലങ്കാന ടര്‍മെറിക് ഫാര്‍മേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കൊട്ടപ്പാട്ടി നരസിംഹ നായിഡു പറഞ്ഞു

മോദിക്കെതിരേ മല്‍സരിക്കുന്ന മഞ്ഞള്‍ കര്‍ഷകരുടെ നാമനിര്‍ദേശ പത്രിക തള്ളി
X

വരാണസി: കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നടപടികള്‍ തുറന്നു കാട്ടുന്നതിനായി പ്രധാനമന്ത്രി മോദിക്കെതിരേ മല്‍സരിക്കുന്ന കര്‍ഷകരുടെ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. തെലങ്കാനയില്‍ നിന്നുള്ള 25 മഞ്ഞള്‍ കര്‍ഷകരാണ് കേന്ദ്രസര്‍ക്കാരിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി വാരാണസിയില്‍ മല്‍സരിക്കാന്‍ പത്രിക സമര്‍പിച്ചത്. ഇവരില്‍ 24 പേരുടെയും പത്രിക വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി റിട്ടേണിങ് ഓഫിസര്‍ തള്ളുകയായിരുന്നു. ഇസ്താരി സുന്നം എന്ന കര്‍ഷകന്റെ പത്രിക മാത്രമാണ് സ്വീകരിച്ചത്.

എല്ലാ മാനദണ്ഡങ്ങളും പാലിച്ചു നല്‍കിയ പത്രികകള്‍ തള്ളിയ നടപടി, രാജ്യത്ത് ജനാധിപത്യം കൊല ചെയ്യപ്പെട്ടതിന്റെ തെളിവാണെന്നു തെലങ്കാന ടര്‍മെറിക് ഫാര്‍മേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കൊട്ടപ്പാട്ടി നരസിംഹ നായിഡു പറഞ്ഞു. പത്രികകളെല്ലാം ഒരുമിച്ചു തള്ളിയ നടപടി ഞെട്ടിപ്പിക്കുന്നതാണ്. മോദിക്കുവേണ്ടി ഒത്തു കളിക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍. കമ്മീഷന്‍ നടപടിക്കെതിരേ പരാതി നല്‍കുകയും നിയമ നടപടികളുമായി മുന്നോട്ടു പോവുമെന്നും നായിഡു വ്യക്തമാക്കി. കര്‍ഷക പ്രതിഷേധത്തിന്റെ ഭാഗമായി തെലങ്കാനയില്‍ നിന്നുള്ള 55 കര്‍ഷകരും തമിഴ്‌നാട്ടില്‍ നിന്നുള്ള 40 കര്‍ഷകരുമാണ് ആദ്യഘട്ടത്തില്‍ മോദിക്കെതിരേ മല്‍സരിക്കാന്‍ തയ്യാറായിരുന്നത്. പിന്നീട് തെലങ്കാനയില്‍ നിന്നുള്ള 25 കര്‍ഷകരും തമിഴ്‌നാട്ടില്‍ നിന്നുള്ള നാലു കര്‍ഷകരും മല്‍സരിച്ചാല്‍ മതിയെന്നു തീരുമാനിക്കുകയായിരുന്നു.

വാരാണസിയില്‍ നിന്നു മോദിക്കെതിരേ മല്‍സരിക്കുന്ന എസ് പി സ്ഥാനാര്‍ഥിയും ബിഎസ്എഫ് മുന്‍ ജവാനുമായ തേജ് ബഹാദൂര്‍ യാദവിന്റെ പത്രിക നേരത്തെ കമ്മീഷന്‍ തള്ളിയിരുന്നു. ബിഎസ്എഫ് ജവാന്മാര്‍ക്ക് നല്‍കുന്ന ഭക്ഷണം മോശമാണെന്ന് ഫെയ്‌സ്ബുക്ക് ലൈവിലൂടെ പരാതി ഉന്നയിച്ചതിനെതുടര്‍ന്നാണ് ഇദ്ദേഹത്തെ ബിഎസ്എഫില്‍ നിന്നു പുറത്താക്കിയത്.

Next Story

RELATED STORIES

Share it