Sub Lead

എസ്‌ഐആര്‍ ഹിയറിങ് നടപടികള്‍ ഇന്ന് അവസാനിക്കും; 21ന് അന്തിമ വോട്ടര്‍ പട്ടിക

എസ്‌ഐആര്‍ ഹിയറിങ് നടപടികള്‍ ഇന്ന് അവസാനിക്കും; 21ന് അന്തിമ വോട്ടര്‍ പട്ടിക
X

തിരുവനന്തപുരം: സംസ്ഥാനത്തെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായുള്ള ഹിയറിങ് നടപടികള്‍ ഇന്ന് അവസാനിക്കും. കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, കൊല്ലം ഒഴികെയുള്ള ജില്ലകളില്‍ നോട്ടീസ് നല്‍കിയ മുഴുവന്‍ ആളുകളുടെയും ഹിയറിങ് പൂര്‍ത്തിയായി.

സംസ്ഥാനത്തെ 140 നിയോജകമണ്ഡലങ്ങളില്‍ 122 മണ്ഡലങ്ങളിലും ഹിയറിങ് 100 ശതമാനമായി. കമ്മീഷന്‍ അവസാനം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 36,89,057 പേര്‍ക്ക് ഹിയറിങ് നോട്ടീസ് അയച്ചു. കരട് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടവരില്‍ ഹിയറിങ്ങിന് ശേഷം വിവിധ കാരണങ്ങളാല്‍ 39,297 പേര്‍ പുറത്തായി. 21ന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും.

ഇതിനിടെ, കാസര്‍കോട് മഞ്ചേശ്വരം നിയോജകമണ്ഡലത്തില്‍ വോട്ടര്‍മാരെ പട്ടികയില്‍ നിന്ന് നീക്കം ചെയ്യാനായി ബിജെപി ഫോം-7 ദുരുപയോഗം ചെയ്യുന്നതായി പരാതി ഉയര്‍ന്നു. പൗരത്വം പോലും ചോദ്യം ചെയ്താണ് ബിജെപി വ്യാജ പരാതി നല്‍കുന്നതെന്നാണ് ആരോപണം. ഇതിന് ചില ഉദ്യോഗസ്ഥര്‍ ബിജെപിയെ സഹായിക്കുന്നതായും ആരോപണം.

ഒരു പ്രത്യേക സമുദായത്തിന്റെ മാത്രം വോട്ട് നീക്കം ചെയ്യാനുള്ള ശ്രമങ്ങള്‍ നടക്കുന്നുവെന്ന് എ കെ എം അഷ്‌റഫ് എംഎല്‍എ ആരോപിച്ചു. ഫോം 7 ദുരുപയോഗം ചെയ്ത് വ്യാജ പരാതി നല്‍കിയ ബിജെപി നേതാവിനെതിരേ ഇആര്‍ഒയ്ക്ക് പരാതി നല്‍കി.

1960ലെ രജിസ്ട്രേഷന്‍ ഓഫ് ഇലക്ടര്‍ റൂള്‍സ് പ്രകാരമുള്ള ഫോം 7 ദുരുപയോഗം ചെയ്ത് ബിജെപി നേതാവ് പ്രദേശത്തെ ചില വോട്ടര്‍മാരെ കൂട്ടത്തോടെ നീക്കം ചെയ്യാനുള്ള അപേക്ഷ നല്‍കിയെന്ന് യുഡിഎഫും ആരോപിച്ചു.

പൈവളികെ പഞ്ചായത്തിലെ 128ാം ബൂത്തായ എസ്ആര്‍എല്‍പി സ്‌കൂള്‍ ബൂത്തിലെ ഏഴ് വോട്ടര്‍മാര്‍ക്കെതിരെ ബിജെപി ജില്ലാ സെക്രട്ടറി ഉമേഷാണ് പരാതി നല്‍കിയത്. പിന്നാലെ ഏഴുപേര്‍ക്കും ഹിയറിങിന് ഹാജരാകാന്‍ നോട്ടീസ് ലഭിക്കുകയായിരുന്നു. ഇതില്‍ ആറുപേര്‍ സ്ഥിരമായി താമസം മാറിയവരാണെന്നും ഒരാള്‍ക്ക് ഇന്ത്യന്‍ പൗരനല്ലെന്നും കാണിച്ചാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. പഞ്ചായത്ത് തിരഞ്ഞെടുപ്പിലടക്കം വോട്ട് ചെയ്തവര്‍ക്കാണ് ഇപ്പോള്‍ നോട്ടീസ് ലഭിച്ചിരിക്കുന്നത്. എന്നാല്‍ ഇവര്‍ കാലങ്ങളായി ഇവിടെ വോട്ട് ചെയ്യുന്ന സ്വദേശികളാണെന്നും 70 വയസ് പിന്നിട്ട നബീസയെപ്പോലെയുള്ളവരെ വിദേശികളായി ചിത്രീകരിക്കുന്നത് അസംബന്ധമാണെന്നും യുഡിഎഫ് ആരോപിക്കുന്നു.

Next Story

RELATED STORIES

Share it