Sub Lead

മണിപ്പൂര്‍ കലാപം: സിബിഐയോട് തല്‍സ്ഥിതി റിപ്പോര്‍ട്ട് തേടി സുപ്രിംകോടതി

മണിപ്പൂര്‍ കലാപം: സിബിഐയോട് തല്‍സ്ഥിതി റിപ്പോര്‍ട്ട് തേടി സുപ്രിംകോടതി
X

ന്യൂഡല്‍ഹി: മണിപ്പൂര്‍ കലാപക്കേസുകളിലെ അന്വേഷണത്തിന്റെ തല്‍സ്ഥിതി റിപ്പോര്‍ട്ട് രണ്ടാഴ്ചയ്ക്കുള്ളില്‍ സമര്‍പ്പിക്കാന്‍ സിബിഐക്ക് സുപ്രിംകോടതി നിര്‍ദേശം. മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടിരിക്കുന്ന സാഹചര്യത്തിലാണ് കോടതി ഇടപെടല്‍. സംസ്ഥാനത്തെ വംശീയ ആക്രമണത്തിന് ഇരയായവരുടെ പുനരധിവാസത്തിനും ക്ഷേമത്തിനുമായി കോടതി നിയമിച്ച ജസ്റ്റിസ് ഗീത മിത്തല്‍ കമ്മിറ്റിയുടെ ശിപാര്‍ശകള്‍ മാനിക്കണമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് കേന്ദ്ര, മണിപ്പൂര്‍ സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു. കമ്മിറ്റിയുടെ കാലാവധി കോടതി ജൂലൈ 31 വരെ നീട്ടുകയും ചെയ്തു.

2023ലെ മണിപ്പൂര്‍ വംശീയ കലാപ കേസുകളുമായി ബന്ധപ്പെട്ട 11 എഫ്ഐആറുകളാണ് സിബിഐ അന്വേഷിക്കുന്നത്. ഒരിടവേളക്ക് ശേഷം മണിപ്പൂരില്‍ വീണ്ടും കലാപം പൊട്ടിപ്പുറപ്പെട്ടു. കഴിഞ്ഞദിവസം ഉഖ്രുല്‍ ജില്ലയിലെ ലിതാന്‍ ഗ്രാമത്തില്‍ രാത്രിയിലുണ്ടായ അക്രമങ്ങളില്‍ 24 വീടുകള്‍ക്ക് അക്രമികള്‍ തീവച്ചു. ജില്ലയില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ അഞ്ച് ദിവസത്തേക്ക് നിര്‍ത്തിവയ്ക്കുകയും പ്രദേശത്ത് കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും ചെയ്തതായി പ്രാദേശിക ഭരണകൂടം അറിയിച്ചിരുന്നു.

പ്രകോപനപരമായ ഉള്ളടക്കങ്ങള്‍ പ്രചരിക്കുന്നത് തടയാന്‍ മുന്‍കരുതല്‍ നടപടിയായാണ് ഇന്റര്‍നെറ്റ് നിരോധനമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഉഖ്രുല്‍, കാംജോങ് ജില്ലകളില്‍ കുകികള്‍ക്ക് പ്രവേശനം അനുവദിക്കില്ലെന്ന താങ്കുല്‍ നാഗാ ഗോത്രത്തിന്റെ തീരുമാനമാണ് പുതിയ സംഘര്‍ഷത്തിന് തുടക്കമിട്ടത്. സമാധാനശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും കലാപം വ്യാപിക്കുകയാണ്. കലാപം വ്യാപിക്കുമെന്ന ഭയത്തില്‍ കൂടുതല്‍ കേന്ദ്രസേനയെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it