Latest News

ഇൻഷുറൻസിനായി ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 12 വർഷത്തിനുശേഷം പിടിയിൽ

ഇൻഷുറൻസിനായി ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 12 വർഷത്തിനുശേഷം പിടിയിൽ
X

അരീക്കോട്: ഭാര്യയെയും മക്കളെയും സ്കൂട്ടർ വെള്ളക്കെട്ടിലേക്ക് മറിച്ചിട്ട് കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 12 വർഷത്തിനുശേഷം പിടിയിൽ. മലപ്പുറം അരീക്കോട് വാവൂർ സ്വദേശി കൂടാംതൊടി മുഹമ്മദ് ഷരീഫിനെയാണ് കൊണ്ടോട്ടി ഡാൻസാഫ് സംഘം ബെംഗളൂരുവിൽ നിന്ന് അറസ്റ്റ് ചെയ്തത്.

2013 ജൂലൈ 21ന് രാത്രി ഭാര്യയെയും മക്കളെയും വെള്ളക്കെട്ടിലേക്ക് സ്‌കൂട്ടർ തള്ളിയിട്ടുകൊന്നുവെന്നാണ് കേസ്. ജയിലിൽ കിടന്ന പ്രതി ജാമ്യം കിട്ടി പുറത്തുവന്ന ശേഷം ഒളിവിൽ പോകുകയായിരുന്നു. ഷരീഫിന്റെ ഭാര്യ ഒളവട്ടൂർ മായക്കരതടത്തിൽ സാബിറ (21), മക്കളായ ഫാത്തിമ ഫിദ (4), ഹൈഫ (രണ്ട്) എന്നിവരെ വെള്ളക്കെട്ടിൽ തള്ളിയിട്ടു കൊലപ്പെടുത്തിയെന്നാണ് കേസ്.

കുടുംബവുമൊത്ത് കോഴിക്കോട്ടുനിന്ന് പെരുന്നാൾ വസ്ത്രങ്ങൾ വാങ്ങി വീട്ടിലേക്കുവരുമ്പോൾ ടയർ പഞ്ചറായി അപകടമുണ്ടായതെന്നാണ് ഷെരീഫ് നാട്ടുകാരോട് പറഞ്ഞിരുന്നത്. സംശയംതോന്നി പോലിസ് നടത്തിയ അന്വേഷണത്തിലാണ് ആസൂത്രണം ചെയ്‌ കൊലപാതകമായിരുന്നെന്ന് തെളിഞ്ഞത്.

ഇതിന് രണ്ടുമാസം മുമ്പ് പ്രതി ഭാര്യയുടെ പേരിൽ 10 ലക്ഷം രൂപയുടെ ഇൻഷുറൻസ് പോളിസി എടുത്തതായി പോലിസ് കണ്ടെത്തി. 76-ാം ദിവസം അന്വേഷണ സംഘം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.

ഇതിനിടെ പ്രതിക്ക് ജാമ്യം ലഭിച്ചു. 2015 ഏപ്രിൽ 22ന് ഒളിവിൽപോയതിനു ശേഷം ഇയാളെക്കുറിച്ച് വിവരമൊന്നുമില്ലായിരുന്നു. തുടർന്ന് സാബിറയുടെ പിതാവ് മുഖ്യമന്ത്രിക്ക് പരാതി നൽകിയതിനെ തുടർന്ന് പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച് അന്വേഷണം നടത്തിവരികയായിരുന്നു.

Next Story

RELATED STORIES

Share it