World

അമേരിക്കന്‍ യുദ്ധ വിമാനം ഇറാനില്‍ തകര്‍ന്നുവീണു

അമേരിക്കന്‍ യുദ്ധ വിമാനം ഇറാനില്‍ തകര്‍ന്നുവീണു
X

തെഹ്‌റാന്‍: അമേരിക്കന്‍ യുദ്ധവിമാനത്തിന്റെ പൈലറ്റ് വിമാനത്തില്‍ നിന്ന് സ്വയം ഇജക്ട് ചെയ്ത് ചാടിയ സൈനികന്‍ തെക്കുപടിഞ്ഞാറന്‍ ഇറാനില്‍ വീണതായി ഇറാനിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഈ പൈലറ്റിനെ ഇതുവരെ ഇറാന്‍ സൈനികര്‍ പിടികൂടിയതായി വിവരമില്ല. പൈലറ്റിനെ ഉപദ്രവിക്കാതെ ജീവനോടെ പോലിസിന് കൈമാറണമെന്നാണ് ഇറാന്‍ സൈന്യം ജനങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്. അമേരിക്കന്‍ സൈന്യത്തിന്റെ ഒരു എഫ്-35 യുദ്ധവിമാനമാണ് ഇറാന്‍ തകര്‍ത്തതെന്ന് അവകാശപ്പെടുന്നുണ്ട്. എന്നാല്‍ ഇറാന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ട വിമാന അവശിഷ്ടങ്ങളുടെ ചിത്രം എഫ്-15ഇ വിമാനത്തിന്റേതാണെന്ന് പ്രതിരോധ വിദഗ്ധര്‍ വിലയിരുത്തുന്നതായി ഇന്ത്യന്‍ എക്സ്പ്രസ് റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഇറാനിലെ പര്‍വ്വതപ്രദേശമായ കോഹ്കിലുയേ ആന്റ് ബോയര്‍-അഹമ്മദ് പ്രവിശ്യയിലാണ് സംഭവം നടന്നതെന്നാണ് റിപോര്‍ട്ട്. പൈലറ്റിനെ കണ്ടെത്താന്‍ അമേരിക്കന്‍ ഹെലികോപ്റ്ററുകള്‍ ഇറാന്‍ അതിര്‍ത്തിക്കുള്ളില്‍ തിരച്ചില്‍ നടത്തുന്നതായും സൂചനകളുണ്ട്. സംഭവത്തെക്കുറിച്ച് അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡോ, യുഎസ് ഭരണകൂടമോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. യുദ്ധമുഖത്ത് നിന്നുള്ള വാദമായതിനാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണം ആവശ്യമാണ്. അഞ്ച് ആഴ്ചയായി തുടരുന്ന യുദ്ധത്തില്‍ ഏറ്റവും നിര്‍ണായകമായ സംഭവമാണിത്. അമേരിക്കന്‍ പൈലറ്റ് ഇറാന്‍ സൈന്യത്തിന്റെ പിടിയിലായാല്‍ അത് മേഖലയിലെ സംഘര്‍ഷം കൂടുതല്‍ വഷളാകാന്‍ കാരണമാകുമെന്നാണ് കരുതുന്നത്. പൈലറ്റിനെ ജീവനോടെ പിടികൂടി കൈമാറുന്നവര്‍ക്ക് വലിയ പ്രതിഫലം നല്‍കുമെന്ന് ഇറാനിലെ പ്രാദേശിക ടെലിവിഷന്‍ ചാനലുകള്‍ റിപോര്‍ട്ട് ചെയ്യുന്നുണ്ട്.




Next Story

RELATED STORIES

Share it