Sub Lead

പൗരത്വ പ്രക്ഷോഭ റാലിയില്‍ പങ്കെടുത്ത യുവാവിന് ആലുവ പോലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചു

മഹല്ല് സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തിരുന്നു എന്നു പറഞ്ഞപ്പോള്‍ പോലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിഷേധിക്കുകയായിരുന്നുവെന്ന് അനസ് പറയുന്നു.

പൗരത്വ പ്രക്ഷോഭ റാലിയില്‍ പങ്കെടുത്ത യുവാവിന് ആലുവ പോലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചു
X

ആലുവ: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധ റാലിയില്‍ പങ്കെടുത്തതിന് യുവാവിന് പോലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചു. ആലുവ യുസി കോളജ് സ്വദേശി ടി എം അനസിനാണ് ആലുവ ഈസ്റ്റ് പോലിസ് സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചത്. മുസ്‌ലിം ജമാഅത്ത് മഹല്ല് ഏകോപന സമിതി നടത്തിയ പറവൂര്‍-ആലുവ ലോങ് മാര്‍ച്ചില്‍ ആണ് അനസ് പങ്കെടുത്തത്.


പിസിസ് സര്‍ട്ടിഫിക്കറ്റ് വാങ്ങുന്നതിനായി സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ ഏതെങ്കിലും കേസുകളില്‍ പ്രതിയാണോ എന്ന് പോലിസ് അനസിനോട് ചോദിച്ചു. ഒരു പെറ്റികേസില്‍ പോലും പ്രതിയല്ലെന്ന് അദ്ദേഹം പോലിസിനെ അറിയിച്ചു. തുടര്‍ന്ന് പൗരത്വ നിയമത്തിനെതിരായ ഏതെങ്കിലും പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തിരുന്നോ എന്ന് പോലിസ് അന്വേഷിക്കുകയായിരുന്നു. മഹല്ല് സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തിരുന്നു എന്നു പറഞ്ഞപ്പോള്‍ പോലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിഷേധിക്കുകയായിരുന്നുവെന്ന് അനസ് പറയുന്നു. അനസ് നല്‍കിയ അപേക്ഷയില്‍ ഇത് രേഖപ്പെടുത്തുകയും ചെയ്തു. കൂടുതല്‍ അന്വേഷണം വേണമെന്നാണ് പോലിസ് പറയുന്നത്.


ഇത് സ്വാഭാവിക നടപടികളുടെ ഭാഗമായാണെന്നാണ് പോലിസിന്റെ വിശദീകരണം. കൊച്ചിന്‍ ഷിപ്‌യാര്‍ഡിലെ ജോലിക്കായാണ് ആലുവ കടൂപ്പാടം സ്വദേശി അനസ് ആലുവ ഈസ്റ്റ് പോലിസ് സ്‌റ്റേഷനില്‍ പോലിസ് ക്ലീയറന്‍സിനുള്ള അപേക്ഷ നല്‍കിയത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ പങ്കെടുത്തതിനാല്‍ കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് ശേഷമേ ക്ലിയറന്‍സ് നല്‍കാനാകൂ എന്നായിരുന്നു എസ്‌ഐ നല്‍കിയ വിശദീകരണം. സംഭവം വിവാദമായതോടെ വി കെ ഇബ്രാഹം കുഞ്ഞ് എംഎല്‍എ ഉള്‍പ്പടെ ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ പാര്‍്ട്ടി നേതാക്കളും സ്റ്റേഷനില്‍ എത്തി. ഇതോടെ സംഭവം അന്വേഷിക്കാമെന്നും നാളെത്തന്നെ പോലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള നടപടി സ്വീകരിക്കാമെന്നും ആലുവ റൂറല്‍ എസ്പി ഉറപ്പ് നല്‍കി.

Next Story

RELATED STORIES

Share it