Latest News

ചരിത്രകാരന്‍ ഡോ. കെ എന്‍ പണിക്കര്‍ അന്തരിച്ചു

ചരിത്രകാരന്‍ ഡോ. കെ എന്‍ പണിക്കര്‍ അന്തരിച്ചു
X

തിരുവനന്തപുരം: ആധുനിക ഇന്ത്യന്‍ ചരിത്രരചനയില്‍ പ്രമുഖ സ്ഥാനമുള്ള ചരിത്രകാരന്‍ ഡോ. കെ എന്‍ പണിക്കര്‍ അന്തരിച്ചു. തിരുവനന്തപുരത്തെ എസ്‌യുടി ആശുപത്രിയിലായിരുന്നു അന്ത്യം. 90ാം ജന്മദിനാഘോഷം കേരള ചരിത്ര ഗവേഷണ കൗണ്‍സില്‍ നടത്താനിരിക്കെയാണ് അദ്ദേഹത്തിന്റെ നിര്യാണം സംഭവിച്ചത്.

ഇന്ത്യന്‍ മതനിരപേക്ഷതയുടെ ശക്തമായ വക്താവായിരുന്ന കെ എന്‍ പണിക്കര്‍, ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഉയര്‍ച്ചയും അതിന്റെ ആശയാധിപത്യ ശ്രമങ്ങളും വസ്തുനിഷ്ഠമായ ചരിത്രരചനയിലൂടെ ശക്തമായി വിമര്‍ശിച്ച വ്യക്തിയായിരുന്നു. ഇതുമായി ബന്ധപ്പെട്ട നിലപാടുകളുടെ പേരില്‍ വര്‍ഗീയ ശക്തികളില്‍ നിന്ന് ഭീഷണിയും ആക്രമണങ്ങളും നേരിടേണ്ടേി വന്നിട്ടുണ്ട്. ചരിത്രകാരന്‍, ചിന്തകന്‍, മതനിരപേക്ഷതയുടെ കാവല്‍ക്കാരന്‍, സാംസ്‌കാരിക പ്രവര്‍ത്തകന്‍, വിദ്യാഭ്യാസ രംഗത്തെ വിചക്ഷണന്‍ എന്നീ നിലകളില്‍ അദ്ദേഹം നല്‍കിയ സംഭാവനകള്‍ ഇന്ത്യന്‍ ബൗദ്ധിക ലോകത്ത് നിര്‍ണായകമായവയായി കണക്കാക്കപ്പെടുന്നു. ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ ദീര്‍ഘകാലം അധ്യാപകനായും വിവിധ ഭരണ ചുമതലകളിലും പ്രവര്‍ത്തിച്ചു.

1936ല്‍ ഗുരുവായൂരിലെ തൈക്കാട് കണ്ടിയൂര്‍ കുടുംബത്തിലാണ് ജനനം. കുഞ്ഞുപറമ്പില്‍ കൃഷ്ണന്‍ നായരും കണ്ടിയൂര്‍ ഇപ്പുകട്ടിയമ്മയുമാണ് മാതാപിതാക്കള്‍. കണ്ടിയൂര്‍ നാരായണ പണിക്കര്‍ എന്നാണ് മുഴുവന്‍ പേര്. ചാവക്കാട് ബോര്‍ഡ് ഹൈസ്‌കൂളിലാണ് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. പാലക്കാട് വിക്ടോറിയ കോളജില്‍ ബിരുദപഠനം നടത്തിയ അദ്ദേഹം ബിരുദകാലത്ത് കോളജ് യൂണിയന്‍ ചെയര്‍മാനായിരുന്നു. രാജസ്ഥാന്‍ സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദവും പിഎച്ച്ഡിയും നേടി.

രാജസ്ഥാന്‍ സര്‍വകലാശാല, ന്യൂഡല്‍ഹിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ എന്നിവിടങ്ങളില്‍ അധ്യാപകനായി പ്രവര്‍ത്തിച്ച ശേഷം ഡല്‍ഹി സര്‍വകലാശാലയിലെ ഹന്‍സ് രാജ് കോളജില്‍ ലക്ചററായി സേവനം അനുഷ്ഠിച്ചു. 1972 മുതല്‍ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ പ്രൊഫസര്‍, വകുപ്പധ്യക്ഷന്‍, സോഷ്യല്‍ സയന്‍സസ് ഡീന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. വിവിധ വിദേശ സര്‍വകലാശാലകളില്‍ വിസിറ്റിംഗ് പ്രൊഫസറായും ഫെലോയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2001 മുതല്‍ 2017 വരെ കേരള ചരിത്ര ഗവേഷണ കൗണ്‍സിലിന്റെ അധ്യക്ഷനായിരുന്നു. 2008ല്‍ ഇന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസ്സിന്റെ പ്രസിഡന്റായും പ്രവര്‍ത്തിച്ചു.

2000 മുതല്‍ 2001 കാലഘട്ടത്തില്‍ ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായിരുന്നു. 2007 മുതല്‍ 2011 വരെ കേരള ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിന്റെ ഉപാധ്യക്ഷനായി സേവനമനുഷ്ഠിച്ചു. കേരള ഹിസ്റ്ററി കോണ്‍ഗ്രസ്സിന്റെ സ്ഥാപക അധ്യക്ഷനുമാണ്. രാജസ്ഥാന്‍ സ്വദേശിനിയായ അന്തരിച്ച ഉഷാ ഭാര്‍ഗവയാണ് ഭാര്യ. മക്കള്‍: രാഗിണി, ശാലിനി. മരുമക്കള്‍: പീതാംബര്‍, ആര്‍ വി രാമന്‍.

Next Story

RELATED STORIES

Share it