ബ്രെക്‌സിറ്റ്: തെരേസാ മെയ് പരാജയപ്പെട്ടു

ബ്രെക്‌സിറ്റ്:  തെരേസാ മെയ്  പരാജയപ്പെട്ടു
ലണ്ടന്‍: യൂറോപ്യന്‍ യൂണിയന്‍ (ഇയു) വിടാന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് മുന്നോട്ടുവച്ച ബ്രെക്‌സിറ്റ് കരാര്‍ പാര്‍ലമെന്റ് വന്‍ ഭൂരിപക്ഷത്തോടെ തള്ളി. മേയുടെ കരാറിന് അനുകൂലമായി 202 പേര്‍ വോട്ട് ചെയ്തപ്പോള്‍ എതിരായി 432 പേര്‍ വോട്ട് ചെയ്തു. മാര്‍ച്ച് 29നു ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടാനിരിക്കെ, നൂറിലേറെ ഭരണകക്ഷി അംഗങ്ങളും കരാറിനെതിരെ വോട്ട് ചെയ്തതു പ്രധാനമന്ത്രി തെരേസ മേയ്ക്ക് കനത്ത തിരിച്ചടിയായി. അഞ്ചു ദിവസം നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ഹൗസ് ഓഫ് കോമണ്‍സില്‍ കരാര്‍ വോട്ടിനിട്ടത്. അയര്‍ലന്‍ഡ് അതിര്‍ത്തിയിലെ പരിശോധന ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ മേയുടെ കസര്‍വേറ്റീവ് പാര്‍ട്ടിയംഗങ്ങള്‍ തന്നെ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ ചില അംഗങ്ങളും പ്രതിപക്ഷത്തിനൊപ്പം ചേര്‍ന്ന് കാരാറിനെതിരെ വോട്ട് ചെയ്തു.കരാര്‍ അധോസഭ കടക്കാതായതോടെ മൂന്നുദിവസത്തിനുള്ളില്‍ പുതിയ ബ്രെക്‌സിറ്റ് കരാര്‍ (പ്ലാന്‍ബി) മേയ് സഭയില്‍ അവതരിപ്പിക്കേണ്ടിവരും. എന്നാല്‍, ഇതിനുമുമ്പ് കരാറില്‍ ഒരുതവണകൂടി വോട്ടെടുപ്പ് നടത്താന്‍ മേയ് പാര്‍ലമെന്റിനോട് ആവശ്യപ്പെടാനുള്ള സാധ്യത നിലനില്‍ക്കുന്നു. എന്നാല്‍, സാങ്കേതികമായി ഈ നീക്കം എത്രത്തോളം സാധ്യമാണെന്നോ എത്രപേര്‍ ഇതിനെ പിന്തുണയ്ക്കുമെന്നോ വ്യക്തമല്ല.അതിനിടെ സര്‍ക്കാരിനെതിരെ ഇന്ന് അവിശ്വാസപ്രമേയം കൊണ്ടുവരുമെന്നു പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടി പ്രഖ്യാപിച്ചു. എന്നാല്‍, പരിഷ്‌കരിച്ച കരാറുമായി മുന്നോട്ടു പോകുമെന്നും ഇതിനായി യൂറോപ്യന്‍ യൂണിയനുമായി വരും ദിവസങ്ങളില്‍ ചര്‍ച്ച നടത്തുമെന്നും പ്രധാനമന്ത്രിയുടെ വക്താവ് അറിയിച്ചു. ഇന്നു മന്ത്രിസഭാ യോഗം വിളിക്കില്ലെന്നും വ്യക്തമാക്കി.


RELATED STORIES

Share it
Top