Big stories

സീറ്റ് തര്‍ക്കം മുറുകുന്നു; കേരള കോണ്‍ഗ്രസ് വീണ്ടും പിളരുമോ?

കേരള കോണ്‍ഗ്രസ് നേതാക്കളുമായി കോണ്‍ഗ്രസ് നേതൃത്വം നടത്തിയ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു. രണ്ടു സീറ്റുകള്‍ നല്‍കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ട് കോണ്‍ഗ്രസ് അറിയിച്ചു.

സീറ്റ് തര്‍ക്കം മുറുകുന്നു; കേരള കോണ്‍ഗ്രസ് വീണ്ടും പിളരുമോ?
X

കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന് രണ്ടു സീറ്റ് നല്‍കുന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു. കേരള കോണ്‍ഗ്രസ് നേതാക്കളുമായി കോണ്‍ഗ്രസ് നേതൃത്വം നടത്തിയ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു. രണ്ടു സീറ്റുകള്‍ നല്‍കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ട് കോണ്‍ഗ്രസ് അറിയിച്ചു. ചൊവ്വാഴ്ച ആലുവയില്‍ സീറ്റു വിഭജനം സംബന്ധിച്ചു വീണ്ടും ചര്‍ച്ച നടത്തുമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. രണ്ട് സീറ്റ് വേണമെന്ന നിലപാടില്‍ കേരളാ കോണ്‍ഗ്രസും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് പരസ്യമായി പ്രഖ്യാപിച്ച് പി ജെ ജോസഫും ഉറച്ച് നില്‍ക്കുകയാണ്. എന്നാല്‍, കേരളാ കോണ്‍ഗ്രസിന് ഒരു സീറ്റ് മാത്രമെ നല്‍കാനാകൂ എന്നാണ് കോണ്‍ഗ്രസ് നിലപാട്.

അതേസമയം, ഒരു സീറ്റ് മാത്രമാണെങ്കിലും ആര് മത്സരിക്കുമെന്ന തര്‍ക്കമാണ് കേരളാ കോണ്‍ഗ്രസിലുള്ളത്. പി ജെ ജോസഫ് പരസ്യമായി സന്നദ്ധത അറിയിച്ചെങ്കിലും ജോസഫിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ മാണി ഒരുക്കമല്ല. ഇരുവിഭാഗവും നിലപാടില്‍ ഉറച്ച് നിന്നാല്‍ കേരളാ കോണ്‍ഗ്രസില്‍ വീണ്ടുമൊരു പിളര്‍പ്പിന് കളമൊരുങ്ങുകയും ചെയ്യും.

അത് കൊണ്ടു തന്നെ കേരളാ കോണ്‍ഗ്രസുമായുള്ള യുഡിഎഫ് സീറ്റ് വിഭജന ചര്‍ച്ചയില്‍ കോണ്‍ഗ്രസ് നിലപാടാകും ശ്രദ്ധേയം. പി ജെ ജോസഫിനെ പിണക്കി ഒരു രാഷ്ട്രീയ തീരുമാനം കോണ്‍ഗ്രസ് ആഗ്രഹിക്കുന്നില്ല, മാണിയെ പിണക്കാനും കഴിയില്ല. ഒരു സീറ്റുമാത്രമെ നല്‍കാനാകൂ എന്ന നിലപാടില്‍ വിട്ടുവീഴ്ചക്കും കോണ്‍ഗ്രസ് തയ്യാറല്ല. പാര്‍ട്ടി അയഞ്ഞെന്നു കരുതേണ്ടെന്നും രമ്യമായ പരിഹാരമുണ്ടാകുമെന്നാണു പ്രതീക്ഷയെന്നും കെ.എം.മാണി പറഞ്ഞു.

പി ജെ ജോസഫിനെ സ്ഥാനാര്‍ത്ഥിയാക്കാനാകില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വത്തെ കെ എം മാണി അറിയിച്ചിട്ടുണ്ട്. അങ്ങനെ എങ്കില്‍ കേരളാ കോണ്‍ഗ്രസിന് നല്‍കുന്ന ഒരു സീറ്റില്‍, അത് കോട്ടയമായാലും ഇടുക്കിയായലും ജോസഫിന് കൂടി സ്വീകാര്യനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമെന്ന ഫോര്‍മുലയായിരിക്കും കോണ്‍ഗ്രസ് മുന്നോട്ട് വയ്ക്കുക. പാര്‍ട്ടി പറഞ്ഞാല്‍ മല്‍സരിക്കുമെന്ന് പി ജെ ജോസഫ് ആവര്‍ത്തിച്ചു. പാര്‍ട്ടി ആവശ്യപ്പെട്ട മൂന്ന് സീറ്റുകളില്‍ എവിടെയാണെങ്കിലും മത്സരിക്കും. കോണ്‍ഗ്രസുമായുള്ള സീറ്റ് വിഭജന ചര്‍ച്ചകള്‍ക്കായി എറണാകുളം ഗസ്റ്റ്ഹൗസില്‍ എത്തിയപ്പോഴായിരുന്നു പി ജെ ജോസഫിന്റെ പ്രതികരണം.

കോട്ടയത്ത് മത്സരിക്കാന്‍ സന്നദ്ധരായി ഇതിനകം തന്നെ മൂന്നോ നാലോ നേതാക്കള്‍ മാണി വിഭാഗത്തില്‍ നിന്ന് തന്നെ മുന്നോട്ട് വന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ് ഫോര്‍മുലയോട് കേരളാ കോണ്‍ഗ്രസും കെ എം മാണിയും എങ്ങനെ പ്രതികരിക്കുമെന്നും വ്യക്തമല്ല.

Next Story

RELATED STORIES

Share it