Sub Lead

മുത്വലാഖ് കേസ്: ലീഗ്-സമസ്ത നേതാക്കളായ അഭിഭാഷകര്‍ നേര്‍ക്കുനേര്‍

മുത്വലാഖ് വിഷയത്തില്‍ ശക്തമായ നിലപാടെടുത്ത പ്രസ്ഥാനങ്ങളുടെ വക്താവ് തന്നെ ഈ നിയമത്തെ ദുരുപയോഗം ചെയതതായ പരാതി ഉയര്‍ന്നതോടെ വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്.

മുത്വലാഖ് കേസ്:  ലീഗ്-സമസ്ത നേതാക്കളായ അഭിഭാഷകര്‍ നേര്‍ക്കുനേര്‍
X

പരപ്പനങ്ങാടി: മുത്വലാഖ് നിയമം പ്രാബല്യത്തില്‍ വന്നതിന് ശേഷം എടുത്ത രണ്ടാമത്തെ കേസില്‍ മുസ്‌ലിം ലീഗിന്റെയും, സമസ്തയുടേയും നേതാക്കളായ രണ്ട് അഭിഭാഷകര്‍ നേര്‍ക്ക് നേര്‍. പരപ്പനങ്ങാടി കോടതിയിലാണ് കഴിഞ്ഞ ആഴ്ച മുത്വലാഖ് നിയമത്തിന്റെ മറപിടിച്ച് മുസ്‌ലിം ലീഗ് നേതാവും മുന്‍ സീനിയര്‍ പ്ലീനറുമായ അഡ്വ: കെ കെ സൈതലവി കടലുണ്ടി നഗരം സ്വദേശിനിയായ യുവതിക്ക് വേണ്ടി പരാതി നല്‍കിയത്. ഇതിനെ തുടര്‍ന്ന് കേസെടുത്ത നടപടിക്കെതിരായി സമസ്തയുടെ അഭിഭാഷകനും നേതാവുമായ അഡ്വ: മുഹമ്മദ് ത്വയ്യിബി ഹുദവി രംഗത്ത് വന്നിരിക്കുന്നത്.

മുത്വലാഖ് കേസ് വ്യാജമാണെന്ന് ആരോപിച്ച് യുവതിയുടെ ഭര്‍ത്താവ് താനൂര്‍ സ്വദേശി പി അബ്ദുല്‍ സമദും അഡ്വ. കെ കെ സൈതലവിക്കെതിരേ പരാതി നല്‍കിയിട്ടുണ്ട്.

2017 മാര്‍ച്ച് 30നാണ് നാണ് അബ്ദുല്‍സമദും ആനങ്ങാടി സ്വദേശിനി പീടിയേക്കല്‍ ഫസീലയും തമ്മില്‍ വിവാഹിതരായത്. 2018 മധ്യത്തില്‍ ഫസീല ഭര്‍ത്താവ് അബ്ദുല്‍സമദുമായി അകലുകയും സ്വന്തം വീട്ടിലേക്ക് പോകുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഭര്‍ത്താവ് അബ്ദുല്‍സമദ് നിരവധി മധ്യസ്ഥ ശ്രമങ്ങള്‍ നടത്തിയെങ്കിലും വിജയം കണ്ടിരുന്നില്ലെന്ന് പരാതിയില്‍ പറയുന്നു. ദാമ്പത്യം തുടരാന്‍ തയ്യാറല്ലെന്ന് ഫസീല അറിയിച്ചതോടെ സാക്ഷികള്‍ മുഖാന്തിരം രണ്ട് ത്വലാഖ് ചൊല്ലിയതായി കടലുണ്ടി നഗരം ഖാസിയെ രേഖാമൂലം അറിയിച്ചതായും പരാതിയില്‍ പറയുന്നു.

ഇതിനിടയിലാണ് അഡ്വ. കെ കെ സൈതലവി പരപ്പനങ്ങാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഭര്‍ത്താവ് അബ്ദുല്‍സമദിനെതിരെ മുത്വലാഖ് ചൊല്ലി എന്ന വ്യാജേന കേസ് ഫയല്‍ ചെയ്തത്. ഇതിനെതിരെയാണ് അബ്ദുല്‍സമദ് പരപ്പനങ്ങാടി പോലിസ് സ്‌റ്റേഷനിലും ജില്ലാ പോലിസ് സൂപ്രണ്ടിനും പരാതി സമര്‍പ്പിച്ചിരിക്കുന്നത്. തന്റെ ഭാര്യയുമായി ഗൂഡാലോചന നടത്തി ജാമ്യമില്ലാ കുറ്റം ചുമത്തി കേസ് ഫയല്‍ ചെയ്ത് തന്നെ ജയിലല്‍ അടക്കാനും ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാനും നീക്കം നടത്തിയ വക്കീലിനെതിരെ കേരളാ ബാര്‍ കൗണ്‍സിലിലും പരാതി നല്‍കുമെന്ന് അബ്ദുസമദ് പറഞ്ഞു.

ഭര്‍ത്താവ് ഒന്നാം ത്വലാഖോ രണ്ടാം ത്വലാഖോ ചൊല്ലി എന്ന് കോടതിയില്‍ ബോധിപ്പിച്ചാല്‍ തന്നെ വിവാഹ മോചിതയായ മുസ്‌ലിം സ്ത്രീ എന്ന നിലക്ക് ലഭിക്കേണ്ട എല്ലാ ആനുകൂല്യങ്ങള്‍ക്കും അവകാശങ്ങള്‍ക്കും ഭാര്യക്ക് അര്‍ഹത ഉണ്ടെന്നിരിക്കെ അഡ്വ. കെ കെ സൈതലവി നടത്തിയ ഹീനമായ നീക്കം അപലപനീയമാണെന്നും ഇത്തരം നീക്കങ്ങള്‍ക്കെതിരെ പൊതുസമൂഹം ജാഗ്രത പുലര്‍ത്തണമെന്നും അഡ്വ. മുഹമ്മദ് ത്വയ്യിബ് ഹുദവി അഭിപ്രായപ്പെട്ടു. എന്നാല്‍ കോടതിയില്‍ നടക്കുന്ന കേസായതിനാല്‍ ഒന്നും പറയാനില്ലന്നും തന്റെ ജോലിയുടെ ഭാഗമാണിതെന്നും അഡ്വ: കെ കെ സൈതലവി പറഞ്ഞു. മുത്വലാഖ് വിഷയത്തില്‍ ശക്തമായ നിലപാടെടുത്ത പ്രസ്ഥാനങ്ങളുടെ വക്താവ് തന്നെ ഈ നിയമത്തെ ദുരുപയോഗം ചെയതതായ പരാതി ഉയര്‍ന്നതോടെ വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്.

Next Story

RELATED STORIES

Share it