Cricket

'ടീമില്‍ സൂപ്പര്‍ സ്റ്റാറുകള്‍ വേണ്ട, സൂപ്പര്‍ ടീമാവണം; ടീം അര്‍പ്പിച്ച വിശ്വാസം സഞ്ജു കാത്തുസൂക്ഷിച്ചു: ഗൗതം ഗംഭീര്‍

ടീമില്‍ സൂപ്പര്‍ സ്റ്റാറുകള്‍ വേണ്ട, സൂപ്പര്‍ ടീമാവണം; ടീം അര്‍പ്പിച്ച വിശ്വാസം സഞ്ജു കാത്തുസൂക്ഷിച്ചു: ഗൗതം ഗംഭീര്‍
X

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനെന്ന നിലയില്‍ തന്റെ ഉത്തരവാദിത്തം വിമര്‍ശകര്‍ക്ക് മറുപടി നല്‍കലല്ല, മറിച്ച് ഡ്രസ്സിംഗ് റൂമിലെ 30 പേരോടും സത്യസന്ധതയോടെ ഇടപെടുകയാണെന്ന് മുഖ്യപരിശീലകന്‍ ഗൗതം ഗംഭീര്‍. മാധ്യമങ്ങള്‍ക്ക് സൂപ്പര്‍ സ്റ്റാറുകളെ സൃഷ്ടിക്കാനായിരിക്കും താല്‍പര്യം, എന്നാല്‍ ഒരു സൂപ്പര്‍ ടീമിനെ ഉണ്ടാക്കുക എന്നതാണ് എന്റെ ലക്ഷ്യം. കഴിഞ്ഞ ഒന്നര വര്‍ഷമായി ടീമിലെ ഒരാള്‍ പോലും സ്വന്തം വ്യക്തിഗത നേട്ടങ്ങളെക്കുറിച്ച് സംസാരിച്ചിട്ടില്ല. ആ ഒരു മാറ്റമാണ് ലോകകപ്പ് കിരീടം ഇന്ത്യയിലെത്തിച്ചതെന്നും ഗംഭീര്‍ പറഞ്ഞു. എഎന്‍ഐ പോഡ്കാസ്റ്റില്‍ സംസാരിക്കവെയാണ് ലോകകപ്പ് വിജയത്തിന് ശേഷമുള്ള തന്റെ നിലപാടുകളും ടീമിനുള്ളിലെ മാറ്റങ്ങളും ഗംഭീര്‍ വ്യക്തമാക്കിയത്.

മലയാളി താരം സഞ്ജു സാംസണെ ലോകകപ്പിലുടനീളം പിന്തുണച്ചതിനെക്കുറിച്ചും അഭിമുഖത്തില്‍ ഗംഭീര്‍ തുറന്നുപറഞ്ഞു. സഞ്ജുവിന് ടീമിനായി ഒരുപാട് കാര്യങ്ങള്‍ നല്‍കാന്‍ കഴിയുമെന്ന് എനിക്ക് ഉറപ്പായിരുന്നു. അവന്റെ പ്രതിഭയില്‍ ഞങ്ങള്‍ക്കാര്‍ക്കും സംശയമില്ലായിരുന്നു. ലോകകപ്പിന് തൊട്ടു മുമ്പ് ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ അവന്‍ ഫോം ഔട്ടായി. ട്വന്റി-20 ക്രിക്കറ്റില്‍ മൂന്ന് സെഞ്ചുറി നേടിയൊരു താരം ഒരു പരമ്പരയില്‍ നിറം മങ്ങുന്നതൊന്നും വലിയ പ്രശ്‌നമല്ല. അതുകൊണ്ടാണ് ലോകകപ്പിന്റെ തുടക്കത്തില്‍ അവനൊരു ബ്രേക്ക് കൊടുത്തത്. അതിനുശേഷം അവന്‍ ശക്തമായി തിരിച്ചുവന്നു. ടൂര്‍ണമെന്റിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതിലൂടെ ടീം അര്‍പ്പിച്ച വിശ്വാസം സഞ്ജു കാത്തുസൂക്ഷിച്ചുവെന്നും ഗംഭീര്‍ പറഞ്ഞു.

സൂപ്പര്‍ സ്റ്റാറുകളുടെ ടീമിനെ സൃഷ്ടിക്കാനല്ല, സൂപ്പര്‍ ടീമിനെ ഉണ്ടാക്കുകയാണ് പരിശീലകനെന്ന നിലയില്‍ തന്റെ ഉത്തരവാദിത്തമെന്ന് ഗംഭീര്‍ പറഞ്ഞു. ഫൈനലില്‍ അര്‍ഷ്ദീപ് സിംഗ് കിവീസ് താരം ഡാരില്‍ മിച്ചലിനെതിരെ പന്ത് വലിച്ചെറിഞ്ഞ സംഭവത്തെയും ഗംഭീര്‍ ന്യായീകരിച്ചു. രാജ്യത്തിനായി കളിക്കുമ്പോള്‍ കളിക്കാര്‍ ആക്രമണോത്സുകത കാണിക്കുന്നതിനെ കുറ്റം പറയാനാവില്ല, അര്‍ഷ്ദീപ് ചെയ്തതില്‍ ഒരു തെറ്റുമില്ല.ഒരു ബൗളറും തന്നെ സിക്‌സറുകള്‍ പറത്തുന്നത് കാണാന്‍ ആഗ്രഹിക്കില്ല. അവന്‍ പന്ത് എറിഞ്ഞശേഷം പിന്നീട് ക്ഷമ ചോദിച്ചെങ്കിലും അത് ചോദിച്ചില്ലെങ്കില്‍ പോലും കുഴപ്പമില്ലെന്നാണ് എന്റെ അഭിപ്രായം. കളിക്കാരെ വേട്ടയാടുന്ന സോഷ്യല്‍ മീഡിയ രീതി വിഷലിപ്തമാണെന്നും ഗംഭീര്‍ ചൂണ്ടിക്കാട്ടി.





Next Story

RELATED STORIES

Share it