Sub Lead

ഇറാന്‍-സൗദി സംഘര്‍ഷം: മധ്യസ്ഥ ശ്രമങ്ങളുമായി പാകിസ്താന്‍

തങ്ങള്‍ സൗദി-ഇറാന്‍ സംഘര്‍ഷം ആഗ്രഹിക്കുന്നില്ലെന്ന് ഇറാനിയന്‍ പ്രസിഡന്റുമായി നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ ഇംറാന്‍ ഖാന്‍ വ്യക്തമാക്കി.

ഇറാന്‍-സൗദി സംഘര്‍ഷം: മധ്യസ്ഥ ശ്രമങ്ങളുമായി പാകിസ്താന്‍
X

തെഹ്‌റാന്‍: വര്‍ധിച്ചു വരുന്ന സൗദി-ഇറാന്‍ സംഘര്‍ഷങ്ങളില്‍ മധ്യസ്ഥ ശ്രമങ്ങളുമായി പാകിസ്താന്‍. ഇതിന്റെ ഭാഗമായി ഇറാനിയന്‍ തലസ്ഥാനമായ തെഹ്‌റാനില്‍വച്ച് പ്രസിഡന്റ് ഹസ്സന്‍ റൂഹാനിയുമായി പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ കൂടിക്കാഴ്ച നടത്തി. ഗള്‍ഫില്‍ വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്നതിനും മേഖലയില്‍ ഏറ്റുമുട്ടലിന്റെ പാതയിലുള്ള ഇറാനും സൗദി അറേബ്യയ്ക്കുമിടയില്‍ അനുരഞ്ജനം ഉണ്ടാക്കുകയാണ് സന്ദര്‍ശന ലക്ഷ്യം. ഞായറാഴ്ചയാണ് പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ തെഹ്‌റാനിലെത്തിയത്. തുടര്‍ന്ന് പാക് പ്രധാനമന്ത്രി സൗദിയും സന്ദര്‍ശിക്കുന്നുണ്ട്.

തങ്ങള്‍ സൗദി-ഇറാന്‍ സംഘര്‍ഷം ആഗ്രഹിക്കുന്നില്ലെന്ന് ഇറാനിയന്‍ പ്രസിഡന്റുമായി നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ ഇംറാന്‍ ഖാന്‍ വ്യക്തമാക്കി. ദ്വിരാഷ്ട്ര സന്ദര്‍ശനത്തില്‍ സംഘര്‍ഷത്തിന് പരിഹാരം കാണുന്നതിനാണ് ഊന്നല്‍ നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇത് ഒരു സങ്കീര്‍ണ്ണ പ്രശ്‌നമാണെങ്കിലും സംഭാഷണത്തിലൂടെ പരിഹരിക്കാനാകുമെന്നാണ് കരുതുന്നത്. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ യുദ്ധം ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു.

സപ്തംബര്‍ 14ന് സൗദിയിലെ എണ്ണശുദ്ധീകര ശാലകള്‍ക്കുനേരെയുണ്ടായ ആക്രമണങ്ങളെ തുടര്‍ന്നാണ് ഇറാന്‍-സൗദി ബന്ധം കൂടുതല്‍ വഷളായത്. അബ്‌ഖൈഖിലേയും കുറൈസിലേയും എണ്ണ ശുദ്ധീകരണ ശാലകള്‍ക്കുനേരെയുണ്ടായ ആക്രമണങ്ങള്‍ക്കു പിന്നില്‍ ഇറാനാണെന്് യുഎസും സൗദിയും ആരോപിച്ചിരുന്നു. എന്നാല്‍, തെഹ്‌റാന്‍ ഇക്കാര്യം നിഷേധിച്ചിരുന്നു.

അതിനിടെ, ദിവസങ്ങള്‍ക്കു മുമ്പ് സൗദിയിലെ ജിദ്ദ തുറമുഖത്തിനു സമീപത്ത് വച്ച് ഇറാനിയന്‍ എണ്ണക്കപ്പലിനുനേരെ മിസൈല്‍ ആക്രമണം നടന്നിരുന്നു. ഇത് ഇരു രാജ്യങ്ങള്‍ക്കുമിടയിലെ സംഘര്‍ഷം വര്‍ധിപ്പിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it