Sub Lead

മദ്‌റസകളെ പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമാക്കാന്‍ ഒരുങ്ങി പാകിസ്താന്‍

ഇതിലൂടെ തീവ്ര ചിന്താഗതികള്‍ക്ക് തടയിടാന്‍ ആവുമെന്നാണ് പാകിസ്താന്‍ കണക്ക് കൂട്ടടുന്നതെന്ന് പാക് സൈനിക വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ വ്യക്തമാക്കി.

മദ്‌റസകളെ പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമാക്കാന്‍ ഒരുങ്ങി പാകിസ്താന്‍
X

ഇസ്‌ലാമാബാദ്: രാജ്യത്തെ 30,000ല്‍ അധികം വരുന്ന മദ്‌റസകളെ മുഖ്യധാരാ വിദ്യാഭ്യാസ രംഗവുമായി ബന്ധിപ്പിക്കാന്‍ ഒരുങ്ങി പാകിസ്താന്‍. ഇതിലൂടെ തീവ്ര ചിന്താഗതികള്‍ക്ക് തടയിടാന്‍ ആവുമെന്നാണ് പാകിസ്താന്‍ കണക്ക് കൂട്ടടുന്നതെന്ന് പാക് സൈനിക വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ വ്യക്തമാക്കി.

അടുത്തിടെ രാജ്യത്തെ മദ്‌റസകളുടെ എണ്ണത്തില്‍ വന്‍ വര്‍ധന ഉണ്ടായിട്ടുണ്ട്. 1947ല്‍ രാജ്യത്ത് ആകെയുണ്ടായിരുന്നത് 247 മദ്‌റസകളായിരുന്നുവെങ്കില്‍ 1980 വരെയുള്ള കാലയളവില്‍ അത് 2,861 ആയി വര്‍ധിച്ചു. ഇപ്പോള്‍ മുപ്പതിനായിരത്തില്‍ അധികം മദ്‌റസകളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പ്രവര്‍ത്തിച്ചു വരുന്നത്. അവയില്‍ 100 എണ്ണത്തില്‍ താഴെ മാത്രം സ്ഥാപനങ്ങളാണ് തീവ്ര ചിന്താഗതിയെ പ്രോല്‍സാഹിപ്പിക്കുന്നതായി കണ്ടെത്തിയതെന്ന് ആസിഫ് ഗഫൂര്‍ പറഞ്ഞു.

വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴില്‍ കൊണ്ടുവരുന്ന മദ്‌റസകളില്‍ സമകാലിക വിഷയങ്ങള്‍ക്കൂടി പാഠ്യവിഷയമാക്കും. വിദ്വേഷ പ്രചാരണത്തിന് ഇടകൊടുക്കാത്തതും മറ്റു വിഭാഗങ്ങളെ ബഹുമാനിക്കാന്‍ വിദ്യാര്‍ഥികളെ പരിശീലിപ്പിക്കാനുതകുന്നതുമായ പാഠ്യപദ്ധതിയ്ക്ക് രൂപംനല്‍കും. മതസംബന്ധിയായ കാര്യങ്ങള്‍ കൂടാതെ മറ്റു വിഷയങ്ങളും പഠിക്കുന്നതിന് ഇത് വിദ്യാര്‍ഥികള്‍ക്ക് അവസരമൊരുക്കുമെന്നും ആസിഫ് ഗഫൂര്‍ പറഞ്ഞു.

പദ്ധതി നടപ്പാക്കുന്നതിന് നിയമനിര്‍മാണം ആവശ്യമാണ്. അതിനായി ബില്‍ തയ്യാറാക്കിവരികയാണ്. പദ്ധതി നടപ്പാക്കുന്നതിന് ഫെബ്രുവരിയില്‍ത്തന്നെ സര്‍ക്കാര്‍ പണം നീക്കിവെച്ചിട്ടുണ്ട്. പ്രാരംഭമായി 200 കോടിയാണ് വേണ്ടിവരിക. ഓരോ വര്‍ഷവും നൂറു കോടി വീതം നീക്കിവെക്കുമെന്നും സൈനിക വക്താവ് അറിയിച്ചു.

Next Story

RELATED STORIES

Share it