Sub Lead

ഇസ്‌ലാമാബാദിലെ ആദ്യ ഹൈന്ദവ ക്ഷേത്രം ഉടന്‍; ഭൂമിയുടെ അനുമതി റദ്ദാക്കിയ നടപടി പാക് ഭരണകൂടം തിരുത്തി

ക്ഷേത്രനിര്‍മാണത്തിനായി അനുവദിച്ച ഭൂമിയുടെ അനുമതി പുനസ്ഥാപിച്ചതായി അധികൃതര്‍ പാക് സുപ്രിംകോടതിയെ അറിയിച്ചു.

ഇസ്‌ലാമാബാദിലെ ആദ്യ ഹൈന്ദവ ക്ഷേത്രം ഉടന്‍; ഭൂമിയുടെ അനുമതി റദ്ദാക്കിയ നടപടി പാക് ഭരണകൂടം തിരുത്തി
X

ഇസ്‌ലാമാബാദ്: പാക് തലസ്ഥാനമായ ഇസ്‌ലാമാബാദിലെ പ്രഥമ ഹൈന്ദവ ക്ഷേത്ര നിര്‍മാണത്തിനുള്ള തടസ്സങ്ങള്‍ നീങ്ങി. ക്ഷേത്രനിര്‍മാണത്തിനായി അനുവദിച്ച ഭൂമിയുടെ അനുമതി പുനസ്ഥാപിച്ചതായി അധികൃതര്‍ പാക് സുപ്രിംകോടതിയെ അറിയിച്ചു. കഴിഞ്ഞ തിങ്കളാഴ്ചയാണ് മറ്റൊരു കേസിന്റെ വാദത്തിനിടെ ക്യാപിറ്റല്‍ ഡെവലപ്‌മെന്റ് അതോറിറ്റി (സിഡിഎ) ഭൂമിയുടെ അനുമതി പിന്‍വലിച്ചതായി ഇസ് ലാമാബാദ് ഹൈക്കോടതിയെ അറിയിച്ചത്.

അനുവദിച്ച ഭൂമിയില്‍ ഇതുവരെ ക്ഷേത്രനിര്‍മ്മാണം ആരംഭിക്കാത്ത സാഹചര്യത്തില്‍ ഈ വര്‍ഷം ഫെബ്രുവരിയോടെ ഇതിനായുള്ള അനുമതി റദ്ദാക്കിയെന്നാണ് സിഡിഎ അഭിഭാഷകന്‍ ജാവേദ് ഇഖ്ബാല്‍ ഹൈകോടതിയെ അറിയിച്ചത്. പിന്നാലെ മുഖ്യധാരാമാധ്യമങ്ങളിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും വിമര്‍ശനം ശക്തമായതോടെയാണ് നടപടി പിന്‍വലിച്ചതായി സിഡിഎ സുപ്രിംകോടതിയെ അറിയിച്ചത്.

സിഡിഎ നടപടി ഹിന്ദു സമൂഹത്തിന് എതിരായല്ലെന്നും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാത്ത സാഹചര്യത്തില്‍ വിവിധ സ്ഥാപനങ്ങള്‍ക്ക് നല്‍കിയ ഭൂമിയുടെ അനുമതി റദ്ദാക്കുകയായിരുന്നുവെന്നും സിഡിഎ വക്താവ് സയ്യിദ് ആസിഫ് റാസ നല്‍കിയ വിശദീകരണത്തില്‍ അറിയിച്ചു.

അനുമതി റദ്ദാക്കിയ നടപടി പിന്‍വലിച്ചതോടെ തലസ്ഥാനത്തെ എച്ച് 9/2ല്‍ നാല് കനാല്‍ (0.5 ഏക്കര്‍) ഭൂമിയില്‍ ശ്രീകൃഷ്ണ ക്ഷേത്രം, ശ്മശാനം, കമ്മ്യൂണിറ്റി സെന്റര്‍ എന്നിവയുടെ നിര്‍മാണം ഉടന്‍ പുനരാരംഭിക്കുമെന്നാണ് കരുതുന്നത്.

പാകിസ്ഥാനിലെ മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം 2016ലാണ് തലസ്ഥാനത്ത് ഹിന്ദു സമൂഹത്തിന് ക്ഷേത്രവും ശ്മശാനവും നിര്‍മിക്കാന്‍ ഭൂമി അനുവദിച്ചത്. സെയ്ദ്പൂര്‍ ഗ്രാമത്തിലുണ്ടായിരുന്ന ക്ഷേത്രം പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഉപേക്ഷിക്കപ്പെട്ട പശ്ചാത്തലത്തില്‍ രാജ്യ തലസ്ഥാനത്തെ ഹിന്ദു സമൂഹത്തിന് ആരാധനയക്ക് ക്ഷേത്രമുണ്ടായിരുന്നില്ല. സര്‍ക്കാര്‍ ധനസഹായത്തോടെ ഇസ് ലാമാബാദില്‍ ക്ഷേത്രം പണിയുന്നതിനെതിരേ ചില സംഘടനകള്‍ എതിര്‍പ്പുമായി മുന്നോട്ട് വന്നിരുന്നു. ഇക്കാരണത്താല്‍ കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഭൂമിക്ക് ചുറ്റുമതില്‍ കെട്ടുന്നതിനെ സിഡിഎ വിലക്കിയിരുന്നു. പിന്നീട് ഡിസംബറില്‍ നഗരസഭാധികൃതര്‍ അനുമതി പുനസ്ഥാപിച്ചു. എന്നാല്‍ അതിനുശേഷവും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നില്ല.

Next Story

RELATED STORIES

Share it