Sub Lead

പാകിസ്താനില്‍ ഇമ്രാന്‍ ഖാന്റെ പ്രസംഗം തല്‍സമയം സംപ്രേഷണം ചെയ്യുന്നത് വിലക്കി

അതേ സമയം പരിശോധനയ്ക്ക് ശേഷം റെക്കോഡ് ചെയ്ത ഭാഗം പ്രക്ഷേപണം ചെയ്യാമെന്നും ഉത്തരവ് പറയുന്നു.

പാകിസ്താനില്‍ ഇമ്രാന്‍ ഖാന്റെ പ്രസംഗം തല്‍സമയം സംപ്രേഷണം ചെയ്യുന്നത് വിലക്കി
X

ഇസ്‌ലാമാബാദ്: പാക് മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പ്രസംഗം തല്‍സമയം സംപ്രേഷണം ചെയ്യുന്നതില്‍നിന്ന് ചാനലുകളെ വിലക്കി പാകിസ്താന്‍ മീഡിയ റെഗുലേറ്റിംഗ് അതോറിറ്റി.ഇസ്ലാമാബാദില്‍ ഒരു റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെ സര്‍ക്കാര്‍ സ്ഥാപനങ്ങളെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരേയും ഭീഷണിപ്പെടുത്തിയതിന് പിന്നാലെയാണ് നടപടി.

കഴിഞ്ഞയാഴ്ച അറസ്റ്റിലായ ഇമ്രാന്റെ സഹായി ഷഹബാസ് ഗില്ലിനോട് മോശമായി പെരുമാറിയതിന് ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍, ഒരു വനിതാ മജിസ്‌ട്രേറ്റ്, പാകിസ്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍, രാഷ്ട്രീയ എതിരാളികള്‍ എന്നിവര്‍ക്കെതിരേ കേസ് കൊടുക്കുമെന്നാണ് ഇമ്രാന്‍ പ്രസ്താവിച്ചത്. രാജ്യദ്രോഹം ആരോപിച്ചാണ് ഷഹബാസ് ഗില്ലിനെ അറസ്റ്റ് ചെയ്തത്.

ആവര്‍ത്തിച്ച് നിര്‍ദേശം നല്‍കിയിട്ടും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കെതിരായ ഭീഷണികള്‍ സംപ്രേക്ഷണം ചെയ്യുന്നത് തടയാന്‍ ടെലിവിഷന്‍ ചാനലുകള്‍ പരാജയപ്പെട്ടതായി പാകിസ്താന്‍ ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റി (പിഇഎംആര്‍എ) ശനിയാഴ്ച പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നുണ്ട്.

തെഹ്‌രീകെ ഇന്‍സാഫ് ചെയര്‍മാനായ ഇമ്രാന്‍ ഖാന്‍ തന്റെ പ്രസംഗങ്ങളിലൂടെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും എതിരെ പ്രകോപനപരമായ പ്രസ്താവനകളിലൂടെ വിദ്വേഷ പ്രചാരണം നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടെന്നും. ഇത് ക്രമസമാധാന പാലനത്തിനും പൊതു സമാധാനത്തിനും പ്രശ്‌നം സൃഷ്ടിക്കുന്നുവെന്നും ഉത്തരവില്‍ പിഇഎംആര്‍എ പറയുന്നു.

ഇമ്രാന്റെ പ്രസംഗങ്ങള്‍ ഭരണഘടനയുടെ 19മത് അനുച്ഛേദത്തിന്റെ ലംഘനമാണെന്നും മാധ്യമങ്ങള്‍ക്കുള്ള പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമാണെന്നും റെഗുലേറ്റര്‍ ഉത്തരവില്‍ പറയുന്നു.

ഇത് കണക്കിലെടുത്ത് ഇത്തരം പ്രസംഗങ്ങളുടെ സംപ്രേഷണം നിരോധിക്കുന്നു എന്നാണ് ഉത്തരവ് പറയുന്നത്.അതേ സമയം പരിശോധനയ്ക്ക് ശേഷം റെക്കോഡ് ചെയ്ത ഭാഗം പ്രക്ഷേപണം ചെയ്യാമെന്നും ഉത്തരവ് പറയുന്നു.

തെഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടി ഗില്ലിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതിനും പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ ഭരണകൂടം ഫാസിസ്റ്റ് ഭരണമാണ് നടത്തുന്നത് എന്നും ആരോപിച്ചാണ് ശനിയാഴ്ചത്തെ റാലി സംഘടിപ്പിച്ചത്.

റാലിക്കിടെ, ഖാന്‍ പാകിസ്താന്‍ സൈന്യത്തെയും വിമര്‍ശിച്ചു. സര്‍ക്കാറിനെ കള്ളന്മാരുടെ സംഘം എന്ന് വിളിച്ച ഇമ്രാന്‍ ഖാന്‍ രാജ്യത്തെ ജുഡീഷ്യറി പക്ഷപാതപരമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് കുറ്റപ്പെടുത്തിയിരുന്നു.

Next Story

RELATED STORIES

Share it