Sub Lead

കുവൈത്തില്‍ നഴ്‌സിംഗ് മേഖലയില്‍ സ്വദേശിവല്‍ക്കരണം ആലോചനയില്‍

കുവൈത്ത് ആരോഗ്യമന്ത്രാലയത്തില്‍ നിലവില്‍ 23,602 നര്‍സുമാരാണു ജോലി ചെയ്യുന്നത്. ഇവരില്‍ ആകെ 1058 സ്വദേശി നര്‍സുമാര്‍ മാത്രമാണുള്ളത്. ആകെ നര്‍സുമാരുടെ എണ്ണത്തില്‍ ഭൂരിഭാഗവും മലയാളികളാണു ജോലി ചെയ്യുന്നത്.

കുവൈത്തില്‍ നഴ്‌സിംഗ് മേഖലയില്‍ സ്വദേശിവല്‍ക്കരണം ആലോചനയില്‍
X

കുവൈത്ത് സിറ്റി: കുവൈത്തില്‍ ആരോഗ്യ മന്ത്രാലയത്തിലെ നഴ്‌സിംഗ് മേഖലയില്‍ സ്വദേശിവല്‍ക്കരണം നടപ്പാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. ഇതിന്റെ ഭാഗമായി ഈ രംഗത്തേക്ക് സ്വദേശികളെ ആകര്‍ഷിക്കുന്നതിനു ആരോഗ്യ മന്ത്രാലയം വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതായി ആരോഗ്യ മന്ത്രാലയത്തിലെ നര്‍സിംഗ് സേവന വിഭാഗം ഡയറക്റ്റര്‍ സന തഖദ്ദം വ്യക്തമാക്കി. ഈ മേഖലയിലേക്ക് സ്വദേശികളെ ആകര്‍ഷിക്കുന്നതിനു ആരോഗ്യ മന്ത്രി ബാസില്‍ അല്‍ സബാഹിന്റെ പ്രത്യേക താല്‍പര്യ പ്രകാരം ശമ്പള വര്‍ദ്ധനവ്, തൊഴില്‍ പരിശീലനം, സ്‌കോളര്‍ഷിപ്പ് മുതലായവ നടപ്പിലാക്കുന്നതിനു പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.

നഴ്‌സിംഗ് മേഖലയില്‍ സ്വദേശികളായ പുതിയ ഉദ്യോഗാര്‍ത്ഥികള്‍ ഉടന്‍ തന്നെ കടന്നു വരുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.നഴ്‌സിംഗ് മേഖല നവീകരിക്കുന്നതിനു ആവശ്യമായ വിവിധ കോഴ്‌സുകള്‍ ആരംഭിക്കും. ഇത് ഭാവി പദ്ധതികള്‍ നടപ്പിലാക്കാന്‍ സഹായകമാവും.

സ്വദേശി നഴ്‌സുമാരുടെ തൊഴില്‍ അഭിരുചി വികസിപ്പിക്കുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തി മാസം 29 മുതല്‍ നര്‍സംഗ് രംഗത്തെ നവീകരണവും വികസനങ്ങളും എന്ന വിഷയത്തില്‍ ദ്വിദിന സമ്മേളനം നടക്കും. ആരോഗ്യമന്ത്രി ഡോ. ബേസില്‍ അല്‍ സബാഹിന്റെ മേല്‍നോട്ടത്തില്‍ ജുമൈറ ഹോട്ടലില്‍ കാലത്ത് 9 മണിക്കായിരിക്കും സമ്മേളനം ആരംഭിക്കുകയെന്നും സന തഖദ്ദം വ്യക്തമാക്കി. കുവൈത്ത് ആരോഗ്യമന്ത്രാലയത്തില്‍ നിലവില്‍ 23,602 നര്‍സുമാരാണു ജോലി ചെയ്യുന്നത്. ഇവരില്‍ ആകെ 1058 സ്വദേശി നര്‍സുമാര്‍ മാത്രമാണുള്ളത്. ആകെ നര്‍സുമാരുടെ എണ്ണത്തില്‍ ഭൂരിഭാഗവും മലയാളികളാണു ജോലി ചെയ്യുന്നത്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി വിവിധ സര്‍ക്കാര്‍ മേഖലകളില്‍ 90 ശതമാനത്തിലേറെ സ്വദേശി വല്‍ക്കരണം നടപ്പിലാക്കി കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ആരോഗ്യ മന്ത്രാലയത്തിലും വിദ്യാഭ്യാസ മന്ത്രാലയത്തിലും സ്വദേശി വല്‍ക്കരണം നടപ്പിലാക്കാന്‍ സര്‍ക്കാരിനു സാധിച്ചിരുന്നില്ല. നര്‍സിംഗ് മേഖലയിലേക്കും അധ്യാപക തസ്തികകളിലേക്കും കടന്നു വരാന്‍ സ്വദേശികള്‍ വിമുഖത കാട്ടുന്നതാണു ഇതിനു തടസ്സമായി നിന്നത്. എന്നാല്‍ നര്‍സിംഗ് രംഗത്ത് കൂടുതല്‍ സ്വദേശികളെ ആകര്‍ഷിക്കുന്നതിനുള്ള പദ്ധതികളാണു സര്‍ക്കാര്‍ ആവിഷ്‌കരിച്ചു വരുന്നത്. ഇത് സമീപ ഭാവിയില്‍ മലയാളികള്‍ അടക്കമുള്ള നിരവധി നര്‍സുമാര്‍ക്ക് പ്രതികൂലമായി ബാധിക്കും എന്നാണു സൂചന.




Next Story

RELATED STORIES

Share it