Latest News

എസ്‌ഐആര്‍ പുതുക്കല്‍: ബിജെപിയുടെ എ ക്ലാസ് മണ്ഡലങ്ങളില്‍ വോട്ട് ചോര്‍ച്ച ദുരൂഹം സിപിഎ ലത്തീഫ്

എസ്‌ഐആര്‍ പുതുക്കല്‍: ബിജെപിയുടെ എ ക്ലാസ് മണ്ഡലങ്ങളില്‍ വോട്ട് ചോര്‍ച്ച ദുരൂഹം സിപിഎ ലത്തീഫ്
X

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്‌ഐആറിനു ശേഷം അന്തിമ വോട്ടര്‍ പട്ടിക പുറത്തുവന്നപ്പോള്‍ തിരുവനന്തപുരം ജില്ലയിലുള്‍പ്പെടെ ബിജെപിയുടെ എ ക്ലാസ് മണ്ഡലങ്ങളില്‍ വോട്ടുകള്‍ വന്‍തോതില്‍ കുറഞ്ഞത് ദുരൂഹമാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ്. തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയിലും ജില്ലയിലെ ബിജെപിയുടെ എ ക്ലാസ് മണ്ഡലങ്ങളുടെ പട്ടികയിലുള്ള തിരുവനന്തപുരം, നേമം, കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളിലും വോട്ടര്‍മാരുടെ വലിയ കുറവാണ് വന്നിരിക്കുന്നത്. തിരുവനന്തപുരം മണ്ഡലത്തില്‍ 47,647 വോട്ടര്‍മാരുടെ കുറവാണുള്ളത്. വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ 42,580 പേരുടെ കുറവുണ്ട്. സംസ്ഥാനത്ത് 40,000ലധികം വോട്ടര്‍മാര്‍ കുറഞ്ഞത് ഈ രണ്ടു മണ്ഡലങ്ങളില്‍ മാത്രം. നേമത്ത് 38,063 ഉം കഴക്കൂട്ടം മണ്ഡലത്തില്‍ 32,769 വോട്ടര്‍മാരുടെയും കുറവുണ്ട്. എസ്‌ഐആര്‍ ആരംഭിക്കുമ്പോഴുണ്ടായിരുന്ന പട്ടികയുമായി എസ്‌ഐആര്‍ അന്തിമ പട്ടിക താരതമ്യം ചെയ്യുമ്പോള്‍ സംസ്ഥാനത്തെ 140 നിയമസഭ മണ്ഡലങ്ങളില്‍ 95ലും വോട്ടര്‍മാര്‍ കുറഞ്ഞു. കഴിഞ്ഞ തദ്ദേശ ഭരണ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പറേഷനില്‍ ബിജെപിയ്ക്കുണ്ടായ അപ്രതീക്ഷിത വിജയം വലിയ ആസൂത്രണത്തിന്റെയും അണിയറയില്‍ നടന്ന രഹസ്യബാന്ധവങ്ങളുടെയും ഫലമായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിലും ഇത്തരം ചില കളികള്‍ ആവര്‍ത്തിക്കാനുള്ള സാധ്യതയുണ്ട്. അതിനുള്ള കളമൊരുക്കലാണ് പുതിയ വോട്ടര്‍പട്ടിക. കൂടാതെ ബിജെപിയുടെ ചങ്ങാത്ത മുതലാളിയായ അദാനിയുടെ വിഴിഞ്ഞം കേന്ദ്രീകരിച്ചുള്ള കച്ചവട മുന്നേറ്റത്തിന് ഭരണപരമായ പിന്തുണ നല്‍കുന്നതിനുള്ള ആസൂത്രിത നീക്കവും ഈ ഭരണമാറ്റത്തിനു പിന്നിലുണ്ട്. കോര്‍പറേറ്റ് മുതലാളിത്തരാഷ്ട്രീയ അച്ചുതണ്ട് തകര്‍ക്കുന്നതിന് മതേതരജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനങ്ങളും പ്രബുദ്ധരായ വോട്ടര്‍മാരും ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും സിപിഎ ലത്തീഫ് അഭ്യര്‍ഥിച്ചു.

Next Story

RELATED STORIES

Share it