Sub Lead

ചൈന ഇന്ത്യന്‍ അതിര്‍ത്തി ലംഘിച്ചെന്നും ഇല്ലെന്നും; പുറത്തുവരുന്നത് വ്യത്യസ്ത റിപോര്‍ട്ടുകള്‍

ചൈന ഇന്ത്യന്‍ അതിര്‍ത്തി ലംഘിച്ചെന്നും ഇല്ലെന്നും; പുറത്തുവരുന്നത് വ്യത്യസ്ത റിപോര്‍ട്ടുകള്‍
X

ന്യൂഡല്‍ഹി: ലഡാക്കിലെ ദെംചോക് സെക്ടറില്‍ ചൈന അതിര്‍ത്തി ലംഘിച്ചു എന്നതിനെക്കുറിച്ച് പുറത്തുവരുന്നത് വ്യത്യസ്ത റിപോര്‍ട്ടുകള്‍. എന്നാല്‍, ഏറ്റവുമൊടുവില്‍ ചൈനീസ് സൈന്യം അതിര്‍ത്തിക്കകത്തേക്കു അതിക്രമിച്ചു കയറിയിട്ടില്ലെന്ന വാദവുമായി ഇന്ത്യന്‍ സൈനിക മേധാവി തന്നെ രംഗത്തെത്തി. കടന്നുകയറ്റം ഉണ്ടായിട്ടില്ലെന്ന് സൈനിക മേധാവി ബിപിന്‍ റാവത്ത് പറഞ്ഞു.

ജമ്മു കശ്മീരിലെ ലഡാക്ക് ഡിവിഷനില്‍പ്പെട്ട ദെംചോക് സെക്ടറില്‍ അഞ്ച് കിലോമീറ്ററിനുള്ളിലേക്ക് ചൈനീസ് സൈന്യം കടന്നുകയറിയെന്നായിരുന്നു റിപോര്‍ട്ടുകള്‍. എന്നാല്‍, ഇക്കാര്യം ബിപിന്‍ റാവത്ത് നിഷേധിച്ചു.

ദെംചോക് സെക്ടറില്‍ തിബത്തുകാര്‍ ആഘോഷം നടത്തുകയായിരുന്നു. ഇതറിഞ്ഞ് നടക്കുന്നതെന്നറിയാന്‍ ചൈനീസ് സൈനികര്‍ വന്നിരുന്നു. എന്നാല്‍, അതിക്രമിച്ചുകയറല്‍ ഉണ്ടായിട്ടില്ല. എല്ലാം സാധാരണ നിലയിലാണ്-സൈനിക മേധാവി പറഞ്ഞു.

എന്നാല്‍, സംഭവിച്ചത് എന്താണെന്നതിനെക്കുറിച്ച് മാധ്യമങ്ങളില്‍ വ്യത്യസ്ത റിപോര്‍ട്ടുകളാണ് വരുന്നത്.

ദലൈലമായുടെ ജന്മദിനത്തോട് അനുബന്ധിച്ച് തിബത്തുകാര്‍ അവരുടെ പതാക ഉയര്‍ത്തിയതിനെ തുടര്‍ന്ന് ചൈനീസ് സൈനികര്‍ ഇന്ത്യന്‍ അതിര്‍ത്തിക്കകത്ത് പ്രവേശിച്ചതായി ന്യൂഡല്‍ഹിയില്‍ നിന്നുള്ള ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപോര്‍ട്ട് ചെയ്തു. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി(പിഎല്‍എ) സൈനികര്‍ ജൂലൈ ആറിന് ഇന്ത്യന്‍ അതിര്‍ത്തിയുടെ വളരെ ഉള്ളിലേക്ക് എസ്‌യുവി വാഹനങ്ങളില്‍ വന്നതായും തിബത്തുകാര്‍ പതാക ഉയര്‍ത്തിയതിനെതിരേ പ്രതിഷേധിച്ചതായും ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു. ഇന്ത്യന്‍ സൈനികര്‍ അവിടെ ഉണ്ടായിരുന്നുവെന്നും ചൈീസ് പട്ടാളക്കാരെ കൂടുതല്‍ മുന്നോട്ടു പോവാന്‍ അനുവദിച്ചില്ലെന്നും അവര്‍ വ്യക്തമാക്കി.

തിബത്തന്‍ അഭയാര്‍ഥികളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചു കൊള്ളാമെന്ന ഉറപ്പിന്‍മേല്‍ മണിക്കൂറുകള്‍ക്ക് ശേഷം ചൈനീസ് സൈനികര്‍ അവരുടെ അതിര്‍ത്തിക്കകത്തേക്കു മടങ്ങുകയായിരുന്നു.

അതേസമയം, ചൈനീസ് സൈനികര്‍ ദെംചോക്കില്‍ ഇന്ത്യന്‍ അതിര്‍ത്തിക്കകത്ത് ആറ് കിലോമീറ്റര്‍ ഉള്ളിലേക്ക് കടന്നതായി ടൈംസ് നൗ റിപോര്‍ട്ട് ചെയ്തു. ഇന്ത്യന്‍ മണ്ണില്‍ ചൈനീസ് പതാക നാട്ടിയതായും റിപോര്‍ട്ടില്‍ പറയുന്നു. ഇതിന്റെ ചിത്രവും ടൈംസ് നൗ പുറത്തുവിട്ടിട്ടുണ്ട്. ദെംചോക് സര്‍പഞ്ച് ഉര്‍ഗെയ്ന്‍ ചോദോനും ഇക്കാര്യം സ്ഥിരീകരിച്ചതായി ചാനല്‍ വ്യക്തമാക്കി.

എന്നാല്‍, ചൈനീസ് സൈന്യം അതിര്‍ത്തി ലംഘിച്ചിട്ടില്ലെന്ന് സൈനികവൃത്തങ്ങളെ ഉദ്ധരിച്ച് എഎന്‍ഐ റിപോര്‍ട്ട് ചെയ്തു. സിവിലിയന്‍ വസ്ത്രമണിഞ്ഞ് ചൈനീസ് സൈനികര്‍ ദെംചോക് എരിയയിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍(എല്‍എസി) നിലകൊള്ളുകയാണ് ചെയ്തത്. ഗ്രാമീണര്‍ ദലൈലമായുടെ ജന്മദിനം ആഘോഷിക്കുന്ന സമയത്തായിരുന്നു ഇത്.

2018 ജൂലൈയില്‍ ചൈനീസ് സുരക്ഷാ സൈനികര്‍ ദെംചോകിലെ 500 മീറ്റര്‍ ഉള്ളിലേക്കു കടക്കുകയും ടെന്റുകള്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു. എല്‍എസിയിലെ 23 തര്‍ക്ക പ്രദേശങ്ങളില്‍ ഒന്നാണ് ദെംചോക്.

Next Story

RELATED STORIES

Share it