Sub Lead

കൊവിഡ് വ്യാപനം: നീറ്റ് പിജി പരീക്ഷ നാലുമാസത്തേയ്ക്ക് മാറ്റി

മെഡിക്കല്‍ ബിരുദ വിദ്യാര്‍ത്ഥികളെയും നഴ്‌സിങ് വിദ്യാര്‍ഥികളെയും കൊവിഡ് പ്രതിരോധത്തിന് നിയോഗിക്കാനുള്ള നിര്‍ദേശത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി അംഗീകാരം നല്‍കിയ പശ്ചാത്തലത്തിലാണ് നീറ്റ് പിജി പരീക്ഷ മാറ്റിവെച്ചത്.

കൊവിഡ് വ്യാപനം: നീറ്റ് പിജി പരീക്ഷ നാലുമാസത്തേയ്ക്ക് മാറ്റി
X

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് അതിതീവ്ര വ്യാപന പശ്ചാത്തലത്തില്‍ നീറ്റ് പിജി പരീക്ഷ മാറ്റിവെച്ചു. നാലുമാസത്തേയ്ക്ക് പരീക്ഷ മാറ്റിവെച്ചതായി പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

കൊവിഡ് പ്രതിരോധത്തിന് മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ പ്രയോജനപ്പെടുത്തുന്നതിന്റെ സാധ്യത കേന്ദ്രസര്‍ക്കാര്‍ പരിശോധിച്ചിരുന്നു. മെഡിക്കല്‍ ബിരുദ വിദ്യാര്‍ത്ഥികളെയും നഴ്‌സിങ് വിദ്യാര്‍ഥികളെയും കൊവിഡ് പ്രതിരോധത്തിന് നിയോഗിക്കാനുള്ള നിര്‍ദേശത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി അംഗീകാരം നല്‍കിയ പശ്ചാത്തലത്തിലാണ് നീറ്റ് പിജി പരീക്ഷ മാറ്റിവെച്ചത്.

അവസാന വര്‍ഷ മെഡിക്കല്‍ ബിരുദ വിദ്യാര്‍ത്ഥികളെ ടെലി കണ്‍സള്‍ട്ടേഷന്‍, നേരിയ രോഗലക്ഷണമുള്ളവരെ നിരീക്ഷിക്കല്‍ തുടങ്ങിയ ജോലികള്‍ക്ക് നിയോഗിക്കും. വിദഗ്ധ ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തിലായിരിക്കും ഇവരുടെ ജോലി. ബിഎസ്‌സി, ജനറല്‍ നഴ്‌സിങ് പഠിച്ച വിദ്യാര്‍ത്ഥികളെ കോവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കും. മുതിര്‍ന്ന ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും മേല്‍നോട്ടത്തിലായിരിക്കും ഇവരുടെ ജോലിയെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കോവിഡ് ഡ്യൂട്ടിയില്‍ നൂറ് ദിവസം പൂര്‍ത്തിയാക്കുന്ന മെഡിക്കല്‍ ജീവനക്കാര്‍ക്ക് കോവിഡ് നാഷണല്‍ സര്‍വീസ് സമ്മാന്‍ നല്‍കുമെന്നും പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

നിലവില്‍ കോവിഡ് പ്രതിരോധമാര്‍ഗങ്ങള്‍ക്ക് മെഡിക്കല്‍ ജീവനക്കാരുടെ ക്ഷാമം രാജ്യം നേരിടുന്നുണ്ട്. വിരമിച്ച ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവരുടെ സേവനം തേടുന്നതിനെ കുറിച്ച് സര്‍ക്കാര്‍ ആലോചിച്ചിരുന്നു. നേരത്തെ കൊവിഡ് പ്രതിരോധത്തിന് കേന്ദ്രസര്‍ക്കാര്‍ സൈന്യത്തിന്റെ സേവനം തേടിയിരുന്നു.

Next Story

RELATED STORIES

Share it