Sub Lead

ലക്ഷദ്വീപില്‍ എന്‍ഡിഎ മുന്നണി രൂപീകരിക്കാന്‍ നീക്കം; പ്രാഥമിക നടപടികള്‍ക്ക് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ അനുമതി

മാസങ്ങള്‍ക്ക് മുമ്പ് ബിജെപി ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷുമായി ലക്ഷദ്വീപ് ജെഡിയു അധ്യക്ഷന്‍ ഡോ. മുഹമ്മദ് സാദിഖ് ഡല്‍ഹിയില്‍ നടത്തിയ ചര്‍ച്ചക്കു പിന്നാലെയാണ് ലക്ഷദ്വീപില്‍ മുന്നണി രൂപീകരണത്തിനുള്ള നീക്കങ്ങള്‍ ശക്തമായത്.

ലക്ഷദ്വീപില്‍ എന്‍ഡിഎ മുന്നണി രൂപീകരിക്കാന്‍ നീക്കം; പ്രാഥമിക നടപടികള്‍ക്ക് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ അനുമതി
X

കോഴിക്കോട്: കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപില്‍ എന്‍ഡിഎ രൂപീകരണത്തിന് നീക്കം ശക്തം. ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ അനുമതി ലഭിച്ചതോടെ ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

മാസങ്ങള്‍ക്ക് മുമ്പ് ബിജെപി ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷുമായി ലക്ഷദ്വീപ് ജെഡിയു അധ്യക്ഷന്‍ ഡോ. മുഹമ്മദ് സാദിഖ് ഡല്‍ഹിയില്‍ നടത്തിയ ചര്‍ച്ചക്കു പിന്നാലെയാണ് ലക്ഷദ്വീപില്‍ മുന്നണി രൂപീകരണത്തിനുള്ള നീക്കങ്ങള്‍ ശക്തമായത്.

മുന്നണി രൂപീകരണത്തോട് ലക്ഷദ്വീപ് ബിജെപി നേതൃത്വം ഇടഞ്ഞുനില്‍ക്കുകയായിരുന്നതിനെതുടര്‍ന്ന് കേന്ദ്ര നേതൃത്വം ലക്ഷദ്വീപിന്റെ ചുമതലയുള്ള ദേശീയ ഉപാധ്യക്ഷന്‍ എ പി അബ്ദുല്ല കുട്ടിയെ ഡല്‍ഹിയിലേക്ക് വിളിച്ചു വരുത്തി എത്രയും വേഗം മുന്നണി രൂപീകരണത്തിനുള്ള നടപടികള്‍ക്ക് തുടക്കം കുറിക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

തുടര്‍ന്ന് ഇന്ന് ഉച്ചയ്ക്ക് കോഴിക്കോട് വെച്ച് അബ്ദുല്ല കുട്ടിയുടെ നേതൃത്വത്തില്‍ ഇതു സംബന്ധിച്ച് പ്രാഥമിക ചര്‍ച്ച നടത്തി. ചര്‍ച്ചയില്‍ ലക്ഷദ്വീപ് ജെഡിയു അധ്യക്ഷന്‍ ഡോ. മുഹമ്മദ് സാദിഖ്, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് ഖാസിം, ബിജെപി വക്താവ് സിറാജ് കോയ തുടങ്ങിയവര്‍ സംബന്ധിച്ചു. ലക്ഷദ്വീപില്‍ ആസന്നമായ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബിജെപി-ജെഡിയു സഖ്യം സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കാനും വരുന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ യുപിഎ ഘടക കക്ഷിയായ എന്‍സിപിയെ പരാജയപ്പെടുത്തി ലോകസഭാ സീറ്റ് പിടിച്ചെടുക്കാനുമാണ് സഖ്യ രൂപീകരണത്തിലൂടെ ബിജെപി ലക്ഷ്യമിടുന്നത്.

Next Story

RELATED STORIES

Share it