മോദിയുടെ കശ്മീര്‍ സന്ദര്‍ശനത്തെ പരിഹസിച്ചു മെഹ്ബൂബ മുഫ്തിയും ഒമര്‍ അബ്ദുള്ളയും

ദാല്‍ തടാകത്തില്‍ ബോട്ട് സവാരി നടത്തുന്ന മോദിയുടെ വീഡിയോയില്‍ മോദി കൈവീശുന്നതു മാത്രമാണു കാണുന്നത്. ആള്‍ക്കൂട്ടം ദൃശ്യമല്ല. ഇതിനെ പരാമര്‍ശിച്ചു, ഇല്ലാത്ത ആള്‍ക്കൂട്ടത്തിനു നേര്‍ക്കാണു മോദി കൈവീശുന്നതെന്നായിരുന്നു നേതാക്കളുടെ പരിഹാസം

മോദിയുടെ കശ്മീര്‍ സന്ദര്‍ശനത്തെ പരിഹസിച്ചു മെഹ്ബൂബ മുഫ്തിയും ഒമര്‍ അബ്ദുള്ളയും

ശ്രീനഗര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കശ്മീര്‍ സന്ദര്‍ശനത്തെ പരിഹസിച്ചു മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ളയും. സന്ദര്‍ശനത്തിനിടെ ദാല്‍ തടാകത്തില്‍ ബോട്ട് സവാരി നടത്തുന്ന മോദി ആള്‍ക്കൂട്ടത്തിനു നേര്‍ക്കു കൈവീശുന്ന വീഡിയോ പുറത്തു വന്നിരുന്നു. ആള്‍ക്കൂട്ടത്തെ കാണാനില്ലാത്ത വീഡിയോയില്‍ മോദി കൈവീശുന്നതു മാത്രമാണു കാണുന്നത്. ഇല്ലാത്ത ആള്‍ക്കൂട്ടത്തിനു നേര്‍ക്കാണു മോദി കൈവീശുന്നതെന്നാണു മെഹ്ബൂബ മുഫ്തിയുടെ പരിഹാസം. മോദി കാമറയെ നോക്കി കൈവീശുകയാണ്. ബിജെപിയുടെ ഭാവനയിലുള്ള നിരവധി സുഹൃത്തുക്കള്‍ക്കു നേര്‍ക്കായിരുന്നു ആ കൈവീശല്‍- മെഹ്ബൂബ മുഫ്തി ട്വീറ്റ് ചെയ്തു. മോദിയുടെ നേര്‍ക്ക് കൈവീശുന്ന ജനക്കൂട്ടത്തിന്റെ ദൃശ്യങ്ങള്‍ വീഡിയോയില്‍ ഉള്‍പ്പെടുത്താത്തത് തെറ്റായിപ്പോയെന്നായിരുന്നു ഒമര്‍ അബ്ദുള്ളയുടെ പരിഹാസം. ജനക്കൂട്ടത്തിന്റെ ദൃശ്യങ്ങള്‍ വീഡിയോയില്‍ ഉള്‍പ്പെടുത്താത്തത് മൂലം ശൂന്യമായ തടാകത്തിനു നേര്‍ക്കാണ് മോദി കൈവീശുന്നതെന്ന് വീഡിയോ കാണുന്നവര്‍ ധരിച്ചേക്കാം- ഒമര്‍ അബ്ദുള്ള ട്വീറ്റ് ചെയ്തു. കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ നിസാമിയും മോദിയെ പരിഹസിച്ച് രംഗത്തെത്തി. ജനങ്ങളൊന്നുമില്ലാതെ കാമറയ്ക്കു മുന്നിലുള്ള മോദിയുടെ ഫോട്ടോഷൂട്ടാണ് ദാല്‍ തടാകത്തില്‍ നടന്നത്. പര്‍വതങ്ങള്‍ക്കു നേരെയുള്ള കൈവീശലാണിതെന്നും സല്‍മാന്‍ നിസാമി ട്വീറ്റ് ചെയ്തു. മോദിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് നിരവധി സംഘടനകള്‍ പ്രതിഷേധത്തിന് ആഹ്വാനം ചെയ്യുകയും മേഖലയില്‍ ബന്ദ് നടത്തുകയും ചെയ്തിരുന്നു. ഇതിന്റെ ഫലമായി ആളൊഴിഞ്ഞ തടാകതീരത്തിന്റെ ദൃശ്യങ്ങളും മോദിയുടെ ചിത്രങ്ങള്‍ക്കൊപ്പം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതേ തുടര്‍ന്നാണു നേതാക്കളുടെ പരിഹാസം

RELATED STORIES

Share it
Top