Sub Lead

വ്യാജ ബലാല്‍സംഗക്കേസില്‍ തടവ്; പ്രായശ്ചിത്തമായി ജോലി വാഗ്ദാനം ചെയ്ത് മുഖ്യമന്ത്രി

ബലാത്സംഗ, കൊലപാതക കുറ്റങ്ങള്‍ ചുമത്തി എട്ട് വര്‍ഷത്തോളം തടവ് ശിക്ഷ അനുഭവിക്കേണ്ടി വന്ന തൗദാം ജിബല്‍ സിങ് എന്ന യുവാവിനെ കഴിഞ്ഞ ദിവസം പ്രാദേശിക കോടതി കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെവിട്ടിരുന്നു. പിന്നാലെയാണ് ഇയാള്‍ക്ക് ജോലി നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചത്.

വ്യാജ ബലാല്‍സംഗക്കേസില്‍ തടവ്; പ്രായശ്ചിത്തമായി ജോലി വാഗ്ദാനം ചെയ്ത് മുഖ്യമന്ത്രി
X

ഇംഫാല്‍: കള്ളക്കേസില്‍ എട്ട് വര്‍ഷത്തോളം തടവ് ശിക്ഷ അനുഭവിച്ച യുവാവിന് പ്രായശ്ചിത്തമായി സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ്.

ബലാത്സംഗ, കൊലപാതക കുറ്റങ്ങള്‍ ചുമത്തി എട്ട് വര്‍ഷത്തോളം തടവ് ശിക്ഷ അനുഭവിക്കേണ്ടി വന്ന തൗദാം ജിബല്‍ സിങ് എന്ന യുവാവിനെ കഴിഞ്ഞ ദിവസം പ്രാദേശിക കോടതി കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെവിട്ടിരുന്നു. പിന്നാലെയാണ് ഇയാള്‍ക്ക് ജോലി നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചത്.

2013ലാണ് റിസര്‍ച്ച് ഫെലോയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസില്‍ ഇയാളെ ശിക്ഷിച്ചത്. തുടര്‍ന്ന് സജിവ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയുകയായിരുന്നു.

റിംസിലെ (ആര്‍ഐഎംഎസ്) പാത്തോളജി വകുപ്പിലെ റിസര്‍ച്ച് ഫെല്ലോയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി കനാലില്‍ തള്ളിയെന്നായിരുന്നു കേസ്.

എന്നാല്‍, ആരോപണം തെളിയിക്കുന്നതിന് ആവശ്യമായ തെളിവുകള്‍ ഹാജരാക്കാന്‍ വാദി ഭാഗത്തിന് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ആരോപണം കെട്ടിച്ചമച്ചതാണെന്ന് വ്യക്തമാക്കി കോടതി ഇയാളെ കുറ്റവിമുക്തനാക്കിയത്.

സംഭവത്തിന് പിന്നാലെ ഇയാളുടെ വീട് ഒരു സംഘം ആളുകള്‍ തകര്‍ത്തിരുന്നു. വീട് നിര്‍മിച്ചു നല്‍കുമെന്നും ഉടന്‍ തന്നെ സര്‍ക്കാര്‍ സര്‍വീസില്‍ ഇയാള്‍ക്ക് ജോലി നല്‍കുമെന്നും ബിരേന്‍ സിങ് വ്യക്തമാക്കി.

Next Story

RELATED STORIES

Share it