Sub Lead

വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സംഭവം; കേസ് വഴിതിരിച്ചുവിട്ടതിനു പിന്നില്‍ വന്‍ ഗൂഡാലോചന

വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സംഭവം; കേസ് വഴിതിരിച്ചുവിട്ടതിനു പിന്നില്‍ വന്‍ ഗൂഡാലോചന
X

തിരൂരങ്ങാടി: വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സംഭവത്തെ വഴിതിരിച്ചുവിടാനുള്ള നീക്കത്തിന് പിന്നില്‍ വന്‍ ഗൂഡാലോചനയെന്ന ആരോപണം ശക്തം. തിരൂരങ്ങാടി പോലിസ് രജിസറ്റര്‍ ചെയ്ത കേസിലാണ് രാഷ്ട്രീയ സ്വാധീനത്തിന് വഴങ്ങി കേസ് വഴിതിരിച്ച് വിടാനുള്ള നീക്കം നടന്നത്. സ്‌കൂളിലേക്ക് വിദ്യാര്‍ഥിനിയെ കൊണ്ട് പോവുന്ന വാഹനത്തിന്റെ ഡ്രൈവര്‍ തിരൂരങ്ങാടി സ്വദേശി പട്ടാളത്തില്‍ സന്തോഷിനെ സംഭവത്തില്‍ പ്രതി ചേര്‍ത്ത് റിമാന്റ് ചെയ്തിട്ടുണ്ട.് എന്നാല്‍ യഥാര്‍ത്ഥ സംഭവം മറച്ച് പിടിച്ചാണ് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസാക്കി പോലിസ് മാറ്റിയത്. പെണ്‍കുട്ടി പഠിക്കുന്ന വിദ്യാലയത്തില്‍ കൗണ്‍സിലിങ്ങിനിടെയാണ് പീഡനത്തെ കുറിച്ച് കുട്ടി പറയുന്നത്. ഡ്രൈവറായ സന്തോഷ് തന്നെ പലര്‍ക്കും കാഴ്ചവെച്ചതായി കൗണ്‍സിലിങ്ങിനിടെ പെണ്‍കുട്ടി വെളിപ്പെടുത്തിയിരുന്നു ഇതിനെ തുടര്‍ന്നാണ് പോലിസ് കേസെടുത്തത്.

ആദ്യം വനിത പോലിസ് മുഖേന ഇരയായ പെണ്‍കുട്ടിയുടെ വീട്ടിലെത്തി മൊഴിയെടുത്തപ്പോഴും സംഭവത്തിന്റെ നിജസ്ഥിതി വെളിപ്പെടുത്തിയിരുന്നു. ആരോപിക്കപെട്ട മറ്റ് പ്രതികളെ രക്ഷപെടുത്താന്‍ പിന്നീട് തിരുരങ്ങാടി പോലിസ് സ്‌റ്റേഷനില്‍ വിളിച്ച് വരുത്തി പെണ്‍കുട്ടിയേയും, മാതാവിനേയും മണിക്കൂറോളം ഭയപ്പെടുത്തി രണ്ടാമതും മൊഴിയെടുത്തു. ഇപ്പോള്‍ റിമാന്റിലായ യുവാവില്‍ മാത്രം ഒതുക്കി കേസിനെ വഴി തിരിച്ച് വിടാന്‍ ശ്രമിക്കുന്നതായാണ് ആരോപണം. ആദ്യം കൊടുത്ത മൊഴി പ്രകാരം കേസെടുക്കുകയാണങ്കില്‍ ചില ഉന്നതരും ഉള്‍പ്പെടുമായിരുന്നു. മാത്രമല്ല ഇപ്പോള്‍ പിടിയിലായ സന്തോഷ് സമാനമായി വാഹനത്തില്‍ കൊണ്ട് പോയിരുന്ന ചില കുട്ടികളേയും ഇത്തരത്തില്‍ ഉപയോഗപ്പെടുത്തിയിരുന്നതായും കാണ്‍സിലിങ്ങിനിടെ കുട്ടി പറഞ്ഞിരുന്നു. ഉന്നതരെ രക്ഷപെടുത്താനുള്ള നീക്കം തിരിച്ചറിഞ്ഞ് തിരൂരങ്ങാടി പോലിസില്‍ നിന്ന് അന്വേഷണം മാറ്റി സംഭവത്തിലെ മുഴുവന്‍ പ്രതികളേയും പുറത്ത് കൊണ്ട് വരണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Next Story

RELATED STORIES

Share it