Sub Lead

ബിജെപി ബന്ദില്‍ മുസ് ലിം കടകള്‍ തിരഞ്ഞ് പിടിച്ച് കത്തിച്ചു; രണ്ട് കടകളും വാഹനങ്ങളും കത്തിച്ചതായി പോലിസ്

ബിജെപി ബന്ദില്‍ മുസ് ലിം കടകള്‍ തിരഞ്ഞ് പിടിച്ച് കത്തിച്ചു; രണ്ട് കടകളും വാഹനങ്ങളും കത്തിച്ചതായി പോലിസ്
X

മുംബൈ: ബിജെപി ആഹ്വാനം ചെയ്ത ബന്ദില്‍ മുസ് ലിം കടകള്‍ തിരഞ്ഞ് പിടിച്ച് കത്തിച്ചു. മഹാരാഷ്ട്രയിലെ അമരാവതി നഗരത്തിലാണ് ഹിന്ദുത്വ ആക്രമണം. ത്രിപുരയില്‍ മുസ് ലിം വിരുദ്ധ കലാപത്തിനെതിരേ വിവിധ മുസ് ലിം സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ മഹാരാഷ്ട്രയില്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചിരുന്നു. പ്രതിഷേധ സംഗമത്തില്‍ ആയിരങ്ങളാണ് സംഘടിച്ചത്. സമരക്കാര്‍ ബിജെപി നേതാവ് പര്‍വിന്‍ പോട്ടിന്റെ വീടിന് നേരെ കല്ലെറിഞ്ഞതായി ബിജെപി ആരോപിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ബിജെപി ബന്ദിന് ആഹ്വാനം ചെയ്തത്. അമരാവതി നഗരത്തിന്റെ മറ്റുഭാഗങ്ങളില്‍ സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് അമരാവതിയില്‍ നാല് ദിവസത്തേക്ക് കര്‍ഫ്യൂ പ്രഖ്യാപിച്ചു.

ഇതിന് പിന്നാലെ ഹിന്ദുത്വ സംഘടനകളായ ബജ്‌റംഗ്ദള്‍, വിശ്വ ഹിന്ദു പരിശത്ത് ഉള്‍പ്പടേയുള്ള സംഘടനകളുടെ നേതൃത്വത്തില്‍ രാജ്കമാല്‍ ചൗക്കില്‍ ആറായിരത്തോളം പേര്‍ സംഘടിച്ചു. ഇവരാണ് മുസ് ലിംകള്‍ക്ക് നേരെ വ്യാപകമായ ആക്രമണം അഴിച്ചുവിട്ടത്. രണ്ട് മുസ് ലിം കടകള്‍ അഗ്നിക്കിരയാക്കിയതായി പോലിസ് പറഞ്ഞു. നിരവധി കടകള്‍ക്കും വാഹനങ്ങള്‍ക്കും നേരെ ആക്രമണമുണ്ടായി.

1970 മുതല്‍ പ്രവര്‍ത്തിക്കുന്ന ഷഹാബ് ഖാന്റെ കടയാണ് അഗ്നിക്കിരയാക്കപ്പെട്ടതില്‍ ഒന്ന്. കൊവിഡ് ലോക്ക് ഡൗണ്‍ മൂലം നഷ്ടത്തിലായിരുന്ന ഇലക്ട്രോണിക്‌സ് കടയില്‍ അടുത്തിടേയാണ് വീണ്ടും കച്ചവടം ലാഭത്തിലായി തുടങ്ങിയത്. നഷ്ടം മൂലം അഞ്ച് ജീവനക്കാരെ ഒഴിവാക്കിയിരുന്നു. ഹിന്ദുത്വ ആക്രമണത്തില്‍ 13 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി ഷഹാബ് ഖാന്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. ഹിന്ദുത്വ ആള്‍ക്കൂട്ടം കടയില്‍ നിന്നും ഇലക്ട്രോണിക് സാധനങ്ങള്‍ കവര്‍ച്ച ചെയ്തതായും ഷഹാബ് പറഞ്ഞു. ഫിറോസ് അഹമ്മദ് എന്നയാളുടെ കടയും ഹിന്ദുത്വര്‍ കത്തിച്ചു. പോലിസ് നോക്കി നില്‍ക്കുമ്പോഴാണ് അക്രമികള്‍ കടക്ക് തീ കൊളുത്തിയതെന്ന് ഫിറോസ് അഹമ്മദ് പറഞ്ഞു. കൊവിഡ് പ്രതിസന്ധിയില്‍ നിന്ന് കരകയറുന്നതിനിടേയാണ് ഹിന്ദുത്വര്‍ തന്റെ കച്ചവടം പൂര്‍ണമായും ഇല്ലാതാക്കിയതെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

Next Story

RELATED STORIES

Share it