Sub Lead

ലക്കിടി: പോലിസ് വിരിച്ച മരണ വലയിലേക്ക് സി പി ജലീല്‍ ചെന്നു കയറി?

പോലിസ് മാസങ്ങള്‍ക്കു മുന്‍പേ മരണ വല വിരിച്ച് മാവോവാദികളെ കാത്തിരിക്കുകയായിരുന്നുവെന്ന വിവരമാണ് പുറത്തു വരുന്നത്. പോലിസ് നീക്കം തിരിച്ചറിയുന്നതില്‍ പരാജയപ്പെട്ട സി പി ജലീലടക്കം മരണ മുഖത്തേക്ക് ചെന്നു കയറുകയായിരുന്നുവെന്നാണ് പരിസര യാഥാര്‍ഥ്യങ്ങള്‍ വിളിച്ചു പറയുന്നത്.

ലക്കിടി: പോലിസ് വിരിച്ച മരണ വലയിലേക്ക്  സി പി ജലീല്‍ ചെന്നു കയറി?
X

പി സി അബ്ദുല്ല

കല്‍പ്പറ്റ: ലക്കിടിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ ബുധനാഴ്ച രാത്രി മാവോവാദി നേതാവ് വെടിയേറ്റു മരിച്ചത് പൊടുന്നനെ സംഭവിച്ച ഏറ്റു മുട്ടലിലാണെന്ന പോലിസ് ഭാഷ്യം കൂടുതല്‍ ദുര്‍ബലമാവുന്നു. പോലിസ് മാസങ്ങള്‍ക്കു മുന്‍പേ മരണ വല വിരിച്ച് മാവോവാദികളെ കാത്തിരിക്കുകയായിരുന്നുവെന്ന വിവരമാണ് പുറത്തു വരുന്നത്. പോലിസ് നീക്കം തിരിച്ചറിയുന്നതില്‍ പരാജയപ്പെട്ട സി പി ജലീലടക്കം മരണ മുഖത്തേക്ക് ചെന്നു കയറുകയായിരുന്നുവെന്നാണ് പരിസര യാഥാര്‍ഥ്യങ്ങള്‍ വിളിച്ചു പറയുന്നത്.

വയനാടന്‍ കാടുകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന മാവോവാദി പ്രവര്‍ത്തനങ്ങളെക്കുറിച്ച് പോലിസിന് മാസങ്ങള്‍ക്കു മുന്‍പേ കൃത്യമായ വിവരങ്ങള്‍ ലഭിച്ചിരുന്നു. വയനാട് മേഖലയില്‍ തമ്പടിച്ച മാവോവാദി സംഘങ്ങളുടെ നേതാക്കള്‍ സി പി ജലീലും മുരുകേശനുമാണെന്നും പോലിസ് മനസ്സിലാക്കിയിരുന്നു. ജലീലിനൊപ്പം ലക്കിടി റിസോര്‍ട്ടില്‍ വെടിയേറ്റത് മുരുകേശനാണെന്ന നിഗമനം ശക്തമാണ്. മുന്‍കാലങ്ങളെ അപേക്ഷിച്ച് മാവോ വാദികള്‍ റിസോര്‍ട്ട് മേഖലകളില്‍ കൂടുതല്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങിയതോടെ അവരുടെ ചലനങ്ങള്‍ അന്നന്ന് മനസ്സിലാക്കാന്‍ പോലിസിനായി.

ഓപ്പറേഷന്‍ അനാകോണ്ട എന്ന പേരില്‍ മാവോവാദി വേട്ടക്ക് പോലിസ് പുതിയ പദ്ധതി തയ്യാറാക്കിയത് പ്രധാനമായും റിസോര്‍ട്ട് ഉടമകളുടെ സഹായത്തോടെയാണെന്നാണ് സൂചന. കണ്ണൂര്‍ റേഞ്ച് ഐജി ബല്‍റാം കുമാര്‍ ഉപാധ്യയ ഇതുമായി ബന്ധപ്പെട്ട് അടുത്തിടെ പല തവണ വയനാട് സന്ദര്‍ശിച്ചു. സി പി ജലീല്‍ വെടിയേറ്റ് കൊല്ലപ്പെട്ട ലക്കിടി ഉപവന്‍ റിസോര്‍ട്ടില്‍ മുമ്പ് രണ്ട് തവണ ഐ ജി ബല്‍റാം കുമാര്‍ ഉപാധ്യായ എത്തിയിരുന്നതായാണ് വിവരം. ഒരു ദിവസം അദ്ദേഹം റിസോര്‍ട്ടില്‍ തങ്ങുകയും തണ്ടര്‍ ബോള്‍ട്ടിനൊപ്പം മാവോ വാദികള്‍ ജനങ്ങളുമായി ഇടപഴകുന്ന ചില കേന്ദ്രങ്ങള്‍ പരിശോധിക്കുകയും ചെയ്തുവെന്നും റിപ്പോര്‍ട്ടുണ്ട്. ആദ്യമെത്തിയത് കാശ്മീരിലെ പുല്‍വാമ ആക്രമണത്തില്‍ ഹവില്‍ദാര്‍ വി വി വസന്തകുമാര്‍ കൊല്ലപ്പെട്ട ശേഷം മൃതദേഹം നാട്ടിലെത്തിച്ച ദിവസമാണ്. ഉപവന്‍ റിസോര്‍ട്ടില്‍ പോയ ശേഷമാണ് മൃതദേഹം കാണാന്‍ ഐ ജി എത്തിയതെന്ന് പറയുന്നു. കൂടുതല്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും അന്ന് ലക്കിടിയില്‍ ഉണ്ടായിരുന്നു. സമീപത്തെ വീടുകളും കടകളും നാട്ടുകാരുമായി മാവോവാദികള്‍ക്ക്് നല്ല ബന്ധമുണ്ടന്നും അവരില്‍ ചിലരുമായി അവര്‍ സൗഹൃദത്തിലാണന്നും തിരിച്ചറിഞ്ഞത് അതിന് ശേഷമാണ്. ഓപ്പറേഷന്‍ അനാ കോണ്ട സജീവമാക്കുന്നതിന് വീണ്ടുമെത്തിയ ഐജി കൂടുതല്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ ഇവിടെ നിയോഗിച്ചു.

അടുത്ത ദിവസം രാഹുല്‍ ഗാന്ധി കൂടി വയനാട്ടിലെത്താനിരിക്കേ പോലിസിന്റെ സുരക്ഷാ നീക്കങ്ങള്‍ വീണ്ടും ശക്തമാക്കി. എന്നാല്‍, ലക്കിടിയിലും പരിസരങ്ങളിലും തമ്പടിച്ച മാവോവാദികള്‍ ഇതൊന്നുമറിഞ്ഞില്ല. കാടിനു പുറത്തും റിസോര്‍ട്ട് പരിസരങ്ങളിലും പരിചയം സ്ഥാപിച്ച ചില സഹായികളെ വിശ്വസിച്ച് വീണ്ടും ജലീലും മറ്റും വീണ്ടും പുറത്തിറങ്ങിയത് പക്ഷേ, പോലിസിന്റെ തോക്കിന്‍ മുനയിലേക്കായി.

Next Story

RELATED STORIES

Share it