Sub Lead

കോടിയേരി അണികളെ കലാപത്തിന് പ്രേരിപ്പിക്കുന്നു: എസ്ഡിപിഐ

കോടിയേരി അണികളെ കലാപത്തിന് പ്രേരിപ്പിക്കുന്നു: എസ്ഡിപിഐ
X

കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പരാജയ ഭീതി മൂലം കോടിയേരി അണികളെ കലാപത്തിന് പ്രേരിപ്പിക്കുകയാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി.അബ്ദുല്‍ മജീദ് ഫൈസി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോടിയേരി എസ്ഡിപിഐക്കെതിരേ ഉയര്‍ത്തിയ ആരോപണങ്ങളെല്ലാം വില കുറഞ്ഞ രാഷ്ട്രീയമാണ്. എല്‍ഡിഎഫിനുണ്ടാകുന്ന തിരിച്ചടിയുടെ കാരണം എസ്ഡിപിഐയുടെ തലയില്‍ കെട്ടിവെച്ച് സിപിഎമ്മിന് തലയൂരാനാകില്ല. തിരഞ്ഞെടുപ്പ് ഫലത്തോടനുബന്ധിച്ച് പാര്‍ട്ടി അണികളെ എസ്ഡിപിഐക്കെതിരെ തിരിച്ച് വിട്ട് സംഘര്‍ഷമുണ്ടാക്കാനാണ് കോടിയേരിയുടെ ശ്രമമെന്നും അബ്ദുല്‍ മജീദ് ഫൈസി പറഞ്ഞു.

ഈ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് അനുകൂലമായി ന്യൂനപക്ഷ ഏകീകരണമുണ്ടായെന്നും എസ്ഡിപിഐ അതിന നേതൃത്വം നല്‍കിയെന്നുമായിരുന്നു കോടിയേരിയുടെ ആരോപണം. എസ്ഡിപിഐ കേരളത്തിലെ ഏറ്റവും വലിയ തീവ്രവാദ സംഘടനയാണെന്നും കോടിയേരി ആരോപിച്ചിരുന്നു.

എക്‌സിറ്റ് പോളുകളില്‍ വിശ്വാസമില്ലെന്ന് പറയുന്ന കോടിയേരി തന്നെ വോട്ടെണ്ണുന്നതിന് മുമ്പേ യുഡിഎഫിന്റെ മുന്നേറ്റത്തിന് കാരണം വിശദീകരിക്കുന്നതില്‍ വൈരുധ്യമുണ്ടെന്ന് അബ്ദുല്‍ മജീദ് ഫൈസി ചൂണ്ടിക്കാട്ടി. കേരളത്തിലെന്നല്ല, ഇന്ത്യയിലെമ്പാടും ബിജെപിക്കെതിരെ ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം നടന്നിട്ടുണ്ട്. അതിന്റെ കാരണം വളരെ വ്യക്തവുമാണ്. ബിജെപിയെ തടയാന്‍ ഫാഷിസ്റ്റ് വിരുദ്ധരായ വോട്ടര്‍മാര്‍ സിപിഎമ്മിനെ പരിഗണിക്കാനുള്ള എന്ത് ദേശീയ പ്രാധാന്യമാണ് തങ്ങള്‍ക്കുള്ളതെന്ന് കോടിയേരി വിശദീകരിക്കണം. കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ സിപിഎമ്മിനോട് അന്ധമായ വിരോധം വെച്ച് പുലര്‍ത്തുന്നവരല്ലെന്ന് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് പോലും തെളിയിച്ചിട്ടുണ്ട്. അപ്പോള്‍ ഈ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ എല്‍ഡിഎഫിനെതിരായ നിലപാടെടുത്തിട്ടുണ്ടെങ്കില്‍ അതിന്റെ കാരണങ്ങള്‍ വിശകലനം ചെയ്യാനുള്ള സത്യസന്ധത കാണിക്കുന്നതിന് പകരം എസ്ഡിപിഐയെ കരിവാരിത്തേക്കാന്‍ ശ്രമിച്ചിട്ട് കാര്യമില്ല.

പിണറായി സര്‍ക്കാരിന്റെ ആയിരം ദിനങ്ങള്‍ ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങള്‍ക്ക് സമ്മാനിച്ചത് നല്ല അനുഭവങ്ങളായിരുന്നില്ലെന്ന യാഥാര്‍ഥ്യം സിപിഎം തിരിച്ചറിയണം. എസ്ഡിപിഐയുടെ മേല്‍ വീണ്ടും വീണ്ടും തീവ്രവാദത്തിന്റെ ലേബലൊട്ടിച്ച് പ്രസ്താവനകള്‍ക്ക് എരിവും പുളിയും നല്‍കാനും അണികളെ തെറ്റിദ്ധരിപ്പിക്കാനും സാധിച്ചേക്കാം. യാഥാര്‍ഥ്യങ്ങളുടെ നേരെ കണ്ണടച്ച് ഇരുട്ടാക്കുന്ന സമീപനമാണ് പശ്ചിമ ബംഗാളിലും ത്രിപുരയിലും സിപിഎം തൂത്തെറിയപ്പെടാന്‍ കാരണമായത്. ബിജെപി വീണ്ടും ഏറ്റവും വലിയ ഒറ്റക്കക്ഷിയാവുമെന്ന ആശങ്ക നിലനില്‍ക്കുമ്പോള്‍ എല്ലാവരെയും ഫാഷിസ്റ്റ് വിരുദ്ധ ചേരിയില്‍ ഐക്യപ്പെടുത്തുന്നതിനു പകരം ഭിന്നിപ്പിക്കുകയും തമ്മിലടിപ്പിക്കുകയും ചെയ്യുന്ന നിലപാട് സിപിഎം നേതൃത്വം തിരുത്തണമെന്നും ഫൈസി ആവശ്യപ്പെട്ടു.

വാര്‍ത്താസമ്മേളനത്തില്‍ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി, സംസ്ഥാന ജനറല്‍ സെക്രട്ടറി പി.അബ്ദുല്‍ ഹമീദ്, സംസ്ഥാന സെക്രട്ടറി മുസ്തഫ കൊമ്മേരി സംബന്ധിച്ചു.

Next Story

RELATED STORIES

Share it