Sub Lead

സിഎഎയ്‌ക്കെതിരേ ദേശീയ മാധ്യമങ്ങളില്‍ കേരള സര്‍ക്കാരിന്റെ പരസ്യം; വിമര്‍ശനവുമായി ഗവര്‍ണര്‍

നിയമം ഒരുവിധത്തിലും കേരളത്തെ ബാധിക്കാത്തതാണെന്നിരിക്കെ ജനങ്ങളുടെ പണം രാഷ്ട്രീയ പ്രചാരണങ്ങള്‍ക്ക് ഉപയോഗിക്കുന്നത് ശരിയല്ല. പണം ചെലവഴിക്കേണ്ടത് പൊതു ആവശ്യങ്ങള്‍ക്കായിരിക്കണമെന്നും ഗവര്‍ണര്‍ പറഞ്ഞു.

സിഎഎയ്‌ക്കെതിരേ ദേശീയ മാധ്യമങ്ങളില്‍ കേരള സര്‍ക്കാരിന്റെ പരസ്യം; വിമര്‍ശനവുമായി ഗവര്‍ണര്‍
X

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രമേയം പാസാക്കിയതിനു പിന്നാലെ ദേശീയ മാധ്യമങ്ങളില്‍ പരസ്യം നല്‍കി കേരള സര്‍ക്കാര്‍. പൗരത്വ നിയമ ഭേദഗതിയില്‍ സര്‍ക്കാര്‍ നിലപാട് വിശദീകരിച്ചാണ് ദേശീയ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ സംസ്ഥാന സര്‍ക്കാര്‍ പരസ്യം നല്‍കിയത്. ഭരണഘടനയെ സംരക്ഷിക്കാന്‍ കേരളം ഒന്നിച്ചിറങ്ങുമെന്നും ഒറ്റക്കെട്ടാണെന്നുമാണ് പരസ്യത്തിലെ ഉള്ളടക്കം. അതേസമയം, സംസ്ഥാന സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് കേരള ഗവര്‍ണര്‍ മുഹമ്മദ് ആരിഫ് ഖാന്‍ രംഗത്തെത്തി. പൊതു ഖജനാവില്‍ നിന്നുള്ള പണം ഉപയോഗിച്ച് പത്രപരസ്യം നല്‍കിയത് അംഗീകരിക്കാനാവില്ലെന്നും രാഷ്ട്രപതി ഒപ്പിട്ട നിയമത്തിനെതിരേ പരസ്യം നല്‍കുന്നത് ഫെഡറല്‍ സംവിധാനത്തിന് യോജിക്കുന്നതല്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.

ഡല്‍ഹിയില്‍ നിന്ന് ഉള്‍പ്പെടെ പുറത്തിറങ്ങുന്ന പത്രങ്ങളിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രസഹിതമുള്ള പരസ്യം നല്‍കിയത്. ഒറ്റക്കെട്ടായി പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രമേയം പാസാക്കിയ ആദ്യ സംസ്ഥാനമാണ് കേരളം. ദേശീയ പൗരത്വ രജിസ്റ്ററിലേക്ക് നയിക്കുന്ന ദേശീയ ജനസംഖ്യ രജിസ്റ്ററിന്റെ പ്രവര്‍ത്തനങ്ങള്‍ കേരളം നിര്‍ത്തിവച്ചിട്ടുണ്ട് തുടങ്ങിയ കാര്യങ്ങള്‍ പരസ്യത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

നേരത്തേ, സിഎഎയ്‌ക്കെതിരേ പ്രതിപക്ഷവും വിവിധ സംസ്ഥാനങ്ങളും ഒന്നിച്ചു നീങ്ങുകയെന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജ്യത്തെ 11 സംസ്ഥാനത്തെ മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ചിരുന്നു. ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍, പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍, പുതുച്ചേരി മുഖ്യമന്ത്രി വി നാരായണ സ്വാമി, മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്, പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്, ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് എന്നിവര്‍ക്കാണ് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചിരുന്നത്.

അതേസമയം, പൗരത്വ ബില്ലില്‍ സംസ്ഥാന സര്‍ക്കാര്‍ നടപടിക്കെതിരേ ഗവര്‍ണര്‍ മുഹമ്മദ് ആരിഫ്ഖാന്‍ വിമര്‍ശനം തുടരുകയാണ്. കേന്ദ്രവും സംസ്ഥാനവും ഒരു വിഷയത്തില്‍ രണ്ട് തട്ടിലാവുന്നത് ഭരണഘടനയ്ക്ക് നല്ലതല്ലെന്നും ജനങ്ങളുടെ പണം രാഷ്ട്രീയ പ്രചാരണങ്ങള്‍ക്ക് അല്ല ഉപയോഗിക്കേണ്ടതെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. നിയമം ഒരുവിധത്തിലും കേരളത്തെ ബാധിക്കാത്തതാണെന്നിരിക്കെ ജനങ്ങളുടെ പണം രാഷ്ട്രീയ പ്രചാരണങ്ങള്‍ക്ക് ഉപയോഗിക്കുന്നത് ശരിയല്ല. പണം ചെലവഴിക്കേണ്ടത് പൊതു ആവശ്യങ്ങള്‍ക്കായിരിക്കണമെന്നും ഗവര്‍ണര്‍ പറഞ്ഞു.



Next Story

RELATED STORIES

Share it