Big stories

നിയന്ത്രണങ്ങളുടെ തടവറയിൽ കശ്മീരികൾ 200 ദിവസം പിന്നിടുന്നു

നാല് മാസം പിന്നിട്ടതിന് ശേഷമാണ് 2ജി ഇന്‍റര്‍നെറ്റ് സംവിധാനം പുനസ്ഥാപിച്ചത്. വാര്‍ത്താ വെബ്സൈറ്റുകള്‍ ഒഴികെയുള്ള വെറും 301 വെബ്സൈറ്റുകള്‍ മാത്രമാണ് ഉപയോഗിക്കാന്‍ അനുമതി.

നിയന്ത്രണങ്ങളുടെ തടവറയിൽ കശ്മീരികൾ 200 ദിവസം പിന്നിടുന്നു
X

ന്യൂഡൽഹി: ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയതിനെത്തുടർന്ന് നിയന്ത്രണം ഏർപ്പെടുത്തിയിട്ട് ഇന്നേക്ക് 200 ദിവസം പൂര്‍ത്തിയായി. ആശയവിനിമയ സംവിധാനങ്ങൾക്ക് നിയന്ത്രണങ്ങളേര്‍പ്പെടുത്തിയതും ദിവസങ്ങളോളം നീണ്ടു നിന്ന കര്‍ഫ്യൂവുമെല്ലാം ജനജീവിതം ദുസ്സഹമാക്കിയിരുന്നു.

കഴിഞ്ഞ ആ​ഗസ്ത് അഞ്ചിനായിരുന്നു ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കാനുള്ള ബില്ല് ലോക്സഭയില്‍ അവതരിപ്പിച്ചത്. ആ​ഗസ്ത് നാല് മുതല്‍ തന്നെ ജമ്മു കശ്മീരില്‍ കേന്ദ്രം കടുത്ത നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തി തുടങ്ങിയിരുന്നു. ജമ്മു കശ്മീരിലുടനീളം മൊബൈല്‍ ഫോണ്‍, ലാന്‍ഡ് ഫോണ്‍, ഇന്‍റര്‍നെറ്റ് എല്ലാം റദ്ദാക്കി. ജമ്മു കശ്മീരില്‍ കര്‍ഫ്യൂ കൂടി നടപ്പിലാക്കിയതോടെ ജനജീവിതം തന്നെ സ്തംഭിച്ചു.

ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിമാരായ മെഹബൂബ മുഫ്തി, ഒമര്‍ അബ്ദുള്ളയടക്കം പ്രതിപക്ഷ നേതാക്കളെ ഒന്നടങ്കം വീട്ടുതടങ്കലിലാക്കി. നിരവധി പേരെ കരുതല്‍ തടങ്കലിലിട്ടു. തടങ്കല്‍ ആറുമാസം പിന്നിട്ടതോടെ പൊതുസുരക്ഷാ നിയമം ചുമത്തി മിക്ക നേതാക്കളുടെയും തടങ്കല്‍ നീട്ടുകയാണ് ചെയ്തത്.

നാല് മാസം പിന്നിട്ടതിന് ശേഷമാണ് ജനുവരി അവസാനം 2ജി ഇന്‍റര്‍നെറ്റ് സംവിധാനം പുനസ്ഥാപിച്ചത്. വാര്‍ത്താ വെബ്സൈറ്റുകള്‍ ഒഴികെയുള്ള വെറും 301 വെബ്സൈറ്റുകള്‍ മാത്രമാണ് ഉപയോഗിക്കാന്‍ അനുമതി. 3ജി, 4ജി സേവനങ്ങള്‍ ഇതുവരെയും പൂര്‍വസ്ഥിതിയിലാക്കിയിട്ടില്ല. ഇതിന്‍റെ നിയന്ത്രണം ഫെബ്രുവരി 24 വരെ നീട്ടി. വിപിഎൻ ഉപയോ​ഗിച്ച് ഇന്‍റര്‍നെറ്റ് നിരോധനം മറികടന്ന് സാമൂഹിക മാധ്യമങ്ങൾ ഉപയോ​ഗിച്ചതിന് നിരവധി പേർക്കെതിരേ കഴിഞ്ഞദിവസം യുഎപിഎ ചുമത്തിയിരുന്നു.

കടുത്ത മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നതെന്ന വിമര്‍ശനം യുഎൻ സംഘങ്ങൾ പോലും ഉയർത്തുമ്പോഴും ജമ്മുകശ്മീരിലെ സമാധാനം ഇല്ലാതാക്കാന്‍ വിഘടന വാദികള്‍ ശ്രമം നടത്തുന്നത് കൊണ്ടാണ് നിയന്ത്രണം തുടരുന്നതെന്ന വാദമാണ് കേന്ദ്രം മുന്നോട്ട് വെക്കുന്നത്. അതിനിടെ അടുത്ത മാസം അഞ്ചുമുതല്‍ 20 വരെ എട്ട് ഘട്ടങ്ങളായി നടത്താനിരുന്ന ജമ്മു കശ്മീരിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പും മാറ്റി വച്ചിട്ടുണ്ട്.

പ്രത്യേക പദവി റദ്ദാക്കിയതിനെത്തുടർന്ന് കശ്മീരിലെ സമ്പദ്‌വ്യവസ്ഥ താറുമാറായെന്ന് റിപോർട്ടുകൾ പുറത്തുവന്നിരുന്നു. നിയന്ത്രണം ഏർപ്പെടുത്തി മൂന്ന് മാസത്തിനിടെ മാത്രം വ്യാപാര സമൂഹത്തിന് 10,000 കോടി രൂപയുടെ നഷ്ടമുണ്ടായതായി വ്യാപാര സംഘടനകൾ അവകാശപ്പെട്ടിരുന്നു. ഇതര സംസ്ഥാന തൊഴിലാളികൾ കശ്മീർ വിട്ട് നാട്ടിലേക്ക് മടങ്ങിയത് വഴി പല പദ്ധതികളുടെയും പ്രവർത്തനം നിലച്ചു. ഇതിൽ മാത്രം 2000 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്കുകൾ.

Next Story

RELATED STORIES

Share it