Sub Lead

ആ കളിയും ചിരിയും ഇനിയില്ല; കണ്ണീര്‍ നനവായി ശരത്‌ലാലും കൃപേഷും (വീഡിയോ)

'നിങ്ങളെല്ലാം ഇപ്പൊ പോകും. പിന്നെ ഈ അടച്ചുറപ്പില്ലാത്ത വീട്ടില്‍ തങ്ങള്‍ ഒറ്റക്കാകും'. 'കൊന്നതെന്തിനാ എന്റെ കിച്ചുവിനെ'; പുത്തനുടുപ്പിട്ടു പോയത് ഇതിനോ..?

ആ കളിയും ചിരിയും ഇനിയില്ല;    കണ്ണീര്‍ നനവായി ശരത്‌ലാലും കൃപേഷും (വീഡിയോ)
X

കോഴിക്കോട്: 'നിങ്ങളെല്ലാം ഇപ്പൊ പോകും. പിന്നെ ഈ അടച്ചുറപ്പില്ലാത്ത വീട്ടില്‍ ഞങ്ങള്‍ ഒറ്റക്കാകും'. ഇതുംപറഞ്ഞ് കൃപേഷിന്റെ സഹോദരി വാവിട്ടുകരയുകയായിരുന്നു. 'കൊന്നതെന്തിനാ എന്റെ കിച്ചുവിനെ'; പുത്തനുടുപ്പിട്ടു പോയത് ഇതിനോ..?: ശരത് ലാലിന്റെ അമ്മമനസ്സ് തേങ്ങുകയായിരുന്നു. സിപിഎമ്മിന്റെ കൊലക്കത്തി രാഷ്ട്രീയത്തിന് ഇരയായത് രണ്ട് വീട്ടുകാരുടേയും എല്ലാമായിരുന്ന രണ്ട് യുവാക്കള്‍. അരക്കിലോമീറ്റര്‍ ദൂരം മാത്രമേയുളളു ആ രണ്ട് വീടുകള്‍ തമ്മില്‍. രണ്ട് വീടുകളിലെയും ഏക ആണ്‍തരികള്‍. ഒന്നിച്ചു പഠിച്ചവര്‍, കളിക്കൂട്ടുകാര്‍. ജീവിച്ചതും മരിച്ചതും ഒരുമിച്ച്. അവസാനം അവര്‍ ചിതയില്‍ എരിഞ്ഞടങ്ങിയതും ഒരുമിച്ച്. കുടുംബത്തിന്റേയും സുഹൃത്തുക്കളുടേയും പ്രിയപ്പെട്ടവരായിരുന്നു കൃപേഷും ശരത് ലാലും. നാട്ടുകൂട്ടങ്ങളിലും വിവാഹ ആഘോഷങ്ങളിലും സജീവമായിരുന്നവര്‍.

കൊല്ലപ്പെടുന്നതിന് അരമണിക്കൂര്‍ മുന്‍പും കല്ല്യാട്ടെ പെരുങ്കളിയാട്ട സ്വാഗത സംഘ രൂപീകരണത്തില്‍ ശരത് ലാല്‍ പങ്കെടുത്തിരുന്നു. സുഹൃത്തുക്കളോടൊപ്പം കുരുന്നുകളോടും ഒപ്പം ഫോട്ടോയെടുത്താണ് ശരത്‌ലാല്‍ മടങ്ങിയത്. തങ്ങളോടൊപ്പം കളിച്ചും ചിരിച്ചും വിശേഷങ്ങള്‍ പങ്കിട്ടും മടങ്ങിയ ശരത്‌ലാല്‍ കൊല്ലപ്പെട്ടതറിഞ്ഞപ്പോള്‍ കല്ല്യാട്ടെ കുരുന്നുകള്‍ ഞെട്ടി.



മംഗളുരുവില്‍ നിന്ന് സിവില്‍ എന്‍ജിനിയറിങ് പഠനം പൂര്‍ത്തിയാക്കിയ ശേഷം ശരത് നാട്ടിലെ പരിപാടികളിലെല്ലാം സജീവമായിരുന്നു. ക്ലബ്ബിന്റെയും ക്ഷേത്രകമ്മിറ്റികളുടെയും പരിപാടികളില്‍ നാടകം സംവിധാനം ചെയ്തിരുന്നത് ശരത് ആയിരുന്നു. കല്ല്യാട്ടെ വാദ്യകലാസംഘത്തിന്റെ പരിപാടികളില്‍ ശരത്തിനൊപ്പം ശിങ്കാരിമേളം കൊട്ടാന്‍ കൃപേഷും ഉണ്ടാകുമായിരുന്നു. ഈ വാദ്യകലാസംഘത്തിന്റെ ഓഫീസ് ആക്രമിക്കപ്പെട്ടതോടെയാണ് ഇവിടുത്തെ സംഘര്‍ഷം തുടങ്ങിയത്. അവസാനമായി ശരത് ലാല്‍ പങ്കെടുത്ത വിവാഹ ചടങ്ങിന്റേ വീഡിയോയും നിരവധി പേരാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യുന്നത്. സുഹൃത്തുക്കളോടൊപ്പം ചിരിച്ചും കളിച്ചും സൗഹൃദം പങ്കുവച്ചും സജീവമായ വിവാഹ വീഡിയോ ആരുടേയും കരളലിയിക്കുന്നതാണ്. നിറമുള്ള ഒരുപിടി സ്വപ്‌നങ്ങളും സൗഹൃദങ്ങളും ബാക്കിയാക്കിയാണു കൃപേഷും ശരത്‌ലാലും യാത്രയായത്.





Next Story

RELATED STORIES

Share it