Sub Lead

വിടവാങ്ങിയത് റെക്കോര്‍ഡുകളുടെ തോഴന്‍; പാലായുടെ മാണിക്യം

60 വര്‍ഷത്തെ ചരിത്രപാരമ്പര്യമുള്ള കേരളത്തെ ഭരിച്ച 12 മന്ത്രിസഭകളിലും അംഗമാവുക, 58 വര്‍ഷം പ്രായമുള്ള കേരള നിയമസഭയുടെ 50 വര്‍ഷത്തിനും സാക്ഷിയാവുക ഇതൊക്കെ രാഷ്ട്രീയചരിത്രത്തില്‍ മറ്റാര്‍ക്കും അവകാശപ്പെടാനാവാത്ത ഏടുകളാണ്. മാണിയുടെ ചരിത്രം കേരള കോണ്‍ഗ്രസിന്റെയും പാലായുടെയും മധ്യതിരുവിതാംകൂറിന്റേയും ചരിത്രമാണെന്ന് പറയേണ്ടിവരും.

വിടവാങ്ങിയത് റെക്കോര്‍ഡുകളുടെ തോഴന്‍; പാലായുടെ മാണിക്യം
X

നിഷാദ് എം ബഷീര്‍

കോട്ടയം: അമ്പതുവര്‍ഷത്തിലേറെ എംഎല്‍എ, 12 മന്ത്രിസഭകളില്‍ അംഗം, ഏറ്റവും കൂടുതല്‍ ബജറ്റ് അവതരിപ്പിച്ചത്, ഒരു മണ്ഡലത്തില്‍നിന്ന് കൂടുതല്‍ തവണ ജയിച്ചുകയറിയ വ്യക്തി..... അങ്ങനെ കേരള രാഷ്ട്രീയത്തിലെ തകര്‍ക്കാനാവാത്ത ഒരുപിടി റെക്കോര്‍ഡുകളുടെ ഉടമയായിരുന്നു കരിങ്ങോഴിക്കല്‍ മാണി മാണി എന്ന കെ എം മാണി. 60 വര്‍ഷത്തെ ചരിത്രപാരമ്പര്യമുള്ള കേരളത്തെ ഭരിച്ച 12 മന്ത്രിസഭകളിലും അംഗമാവുക, 58 വര്‍ഷം പ്രായമുള്ള കേരള നിയമസഭയുടെ 50 വര്‍ഷത്തിനും സാക്ഷിയാവുക ഇതൊക്കെ രാഷ്ട്രീയചരിത്രത്തില്‍ മറ്റാര്‍ക്കും അവകാശപ്പെടാനാവാത്ത ഏടുകളാണ്. മാണിയുടെ ചരിത്രം കേരള കോണ്‍ഗ്രസിന്റെയും പാലായുടെയും മധ്യതിരുവിതാംകൂറിന്റേയും ചരിത്രമാണെന്ന് പറയേണ്ടിവരും.


ഇന്ത്യന്‍ ഭരണഘടന കെ എം മാണിക്ക് കാണാപ്പാഠമാണെന്നാണ് അദ്ദേഹത്തെ അടുത്തറിയുന്നവര്‍ സാക്ഷ്യപ്പെടുത്തുന്നത്. കീഴ്‌വഴക്കങ്ങളുടെയും റൂളിങ്ങുകളുടെയും ആധികാരികഗ്രന്ഥമായ ശക്തന്‍ ആന്റ് കൗള്‍ ആണ് മാണിയുടെ പ്രിയപ്പെട്ട പുസ്തകം.

കേരള കോണ്‍ഗ്രസിന് ഒരു രാഷ്ട്രീയദര്‍ശനമുണ്ടാക്കണമെന്ന ലക്ഷ്യത്തോടെ അദ്ദേഹം സൃഷ്ടിച്ച അധ്വാനവര്‍ഗസിദ്ധാന്തം മാണിയെന്ന രാഷ്ട്രീയക്കാരന്റെ പ്രാഗല്‍ഭ്യം വരച്ചുകാട്ടുന്നു. എടുപ്പിലും നടപ്പിലും യുവത്വം സൂക്ഷിക്കുന്ന കെ എം മാണി, കേരള രാഷ്ട്രീയത്തില്‍ പകരംവയ്ക്കാനില്ലാത്ത ജനുസ്സാണെന്ന് എതിരാളികള്‍പോലും സമ്മതിക്കും. പിളരും തോറും വളരുകയും വളരുംതോറും പിളരുകയും ചെയ്യുന്ന പാര്‍ട്ടിയെന്നാണ് സ്വന്തം പാര്‍ട്ടിയായ കേരള കോണ്‍ഗ്രസിനെ മാണി വിശേഷിപ്പിക്കുന്നത്.

അടിയൊഴുകള്‍ നിറഞ്ഞ, അസ്ഥിരമായ അത്തരമൊരു പാര്‍ട്ടിയുമായാണ് മാണി രാഷ്ട്രീയജീവിതത്തിലെ പടവുകളോരോന്നും ചവിട്ടിക്കയറിയത്. 2011ല്‍ 13ാം തവണ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത മാണി, പിന്നീട് യുഡിഎഫ് വിടുമെന്നും അദ്ദേഹം എല്‍ഡിഎഫിനൊപ്പം ചേര്‍ന്ന് കേരളമുഖ്യമന്ത്രിയാവുമെന്നും അഭ്യൂഹങ്ങളുണ്ടായി. മാണിയെ പുകഴ്ത്തിയും വാഴ്ത്തിയും ഇടതുപക്ഷ നേതാക്കള്‍ നിരന്നപ്പോള്‍ രാഷ്ട്രീയലോകം പോലും കൗതുകത്തോടെയാണ് വീക്ഷിച്ചത്. പക്ഷേ ബാര്‍ കോഴയില്‍ മാണിക്ക് അടിപതറിയപ്പോള്‍, വാഴ്ത്തിയവര്‍ക്കുതന്നെ രാജിവച്ചിറങ്ങിപ്പോവാന്‍ പറയേണ്ടിവന്നു. അരനൂറ്റാണ്ടുകാലത്തെ രാഷ്ട്രീയജീവിതത്തില്‍ മണി പയറ്റാത്ത അടവുകള്‍ കുറവാണ്.

പാലാ സെന്റ് തോമസില്‍ കുട്ടികളുടെ നേതാവായി രാഷ്ട്രീയ ജീവിതം



പാലാ സെന്റ് തോമസിലെ വിദ്യാഭ്യാസകാലത്ത് ഉത്തരവാദഭരണത്തിന് വേണ്ടിയുള്ള സമരത്തില്‍ പങ്കെടുത്ത കുട്ടികളുടെ നേതാവായാണ് കെ എം മാണി തന്റെ രാഷ്ട്രീയജീവിതത്തിന് തുടക്കമിടുന്നത്. ഡിഗ്രി പൂര്‍ത്തിയാക്കിയശേഷം മദ്രാസ് ലോ കോളജില്‍നിന്ന് ബിരുദം നേടിയ മാണി കോഴിക്കോട് നഗരത്തിലാണ് തന്റെ അഭിഭാഷക പരിശീലനം ആരംഭിക്കുന്നത്. പരേതനായ മുന്‍ ഹൈക്കോടതി ജഡ്ജി പി ഗോവിന്ദമേനോന് കീഴിലായിരുന്നു പരിശീലനം. അക്കാലത്ത് നടന്ന മുനിസിപ്പല്‍ ചെയര്‍മാന്‍ തിരഞ്ഞെടുപ്പില്‍ പി ഗോവിന്ദമേനോന്‍ മല്‍സരിച്ചപ്പോള്‍ പ്രചാരണകമ്മിറ്റിയുടെ ചുമതല വഹിച്ചവരില്‍ പ്രധാനി കെ എം മാണിയായിരുന്നു. പില്‍കാലത്ത് പന്ത്രണ്ട് തവണ പാലായില്‍നിന്ന് മല്‍സരിച്ച് ജയിച്ച് റെക്കോര്‍ഡിട്ട മണി ആദ്യമായി ഒരു തിരഞ്ഞെടുപ്പിന്റെ ഭാഗമായത് കോഴിക്കോട്ടെ ഈ മുനിസിപ്പില്‍ തിരഞ്ഞെടുപ്പിലാണ്. ഒരുവര്‍ഷത്തെ പരിശീലനം പൂര്‍ത്തിയാക്കി ജന്‍മനാട്ടില്‍ തിരിച്ചെത്തിയ മാണി, കോട്ടയം കോടതിയില്‍ തന്റെ ഔദ്യോഗിക അഭിഭാഷക ജീവിതം ആരംഭിച്ചു. ഒപ്പം മധ്യതിരുവിതാംകൂര്‍ കേന്ദ്രീകരിച്ച് രാഷ്ട്രീയപ്രവര്‍ത്തനവും സജീവമാക്കി. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ സജീവപ്രവര്‍ത്തകനായ മാണി ഇലയ്ക്കാട് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റായാണ് അധികാരരാഷ്ട്രീയത്തിന്റെ ഹരിശ്രീ കുറിച്ചത്. 1959ല്‍ കെപിസിസി അംഗമായ മാണി, 1964 ല്‍ കോട്ടയം ഡിസിസി പ്രസിഡന്റായി. ഇക്കാലത്താണ് ആഭ്യന്തരമന്ത്രി പി ടി ചാക്കോയ്‌ക്കെതിരേ കോണ്‍ഗ്രസ് ഗ്രൂപ്പുപോരിന്റെ ഫലമായി ആരോപണങ്ങളും അപവാദപ്രചരണങ്ങളുമുണ്ടാവുന്നത്. ഇത് സംസ്ഥാന രാഷ്ട്രീയത്തെ തന്നെ പിടിച്ചുകുലുക്കി. വിവാദങ്ങള്‍ ആളിക്കത്തവെ ഹൃദയസ്തംഭനത്തെ തുടര്‍ന്ന് പി ടി ചാക്കോ അപ്രതീക്ഷിതമായി മരണപ്പെട്ടു. പിന്നീട് പാര്‍ട്ടിയിലുണ്ടായ ആഭ്യന്തരസംഘര്‍ഷങ്ങള്‍ക്കൊടുവില്‍ കെ എം ജോര്‍ജിന്റെ നേതൃത്വത്തില്‍ പതിനഞ്ചോളം കോണ്‍ഗ്രസ് എംഎല്‍എമാര്‍ പാര്‍ട്ടി പിളര്‍ത്തി പുറത്തുവന്നു.

പാലായില്‍നിന്ന് കന്നി അങ്കത്തിലൂടെ നിയമസഭയില്‍

1964ല്‍ കോട്ടയം തിരുനക്കര മൈതാനിയില്‍ കെ എം ജോര്‍ജ് ചെയര്‍മാനായി കേരള കോണ്‍ഗ്രസ് രൂപീകരിക്കുമ്പോള്‍ കെ എം മാണിയും നേതൃസ്ഥാനത്തുണ്ടായിരുന്നു. തുടര്‍ന്ന് 1965ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പുതുതായി രൂപംകൊണ്ട പാല നിയോജകമണ്ഡലത്തില്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മാണി തന്റെ കന്നി അങ്കത്തിനിറങ്ങി. ആ തിരഞ്ഞെടുപ്പില്‍ 25 എംഎല്‍എമാരുമായി കേരള കോണ്‍ഗ്രസ് ജയിച്ചുകയറിയപ്പോള്‍ അതിലൊന്ന് മാണിയായിരുന്നു. പിന്നീട് 1967ലും 1970ലും മാണി പാല നിയോജകമണ്ഡലത്തില്‍ തന്റെ വിജയം ആവര്‍ത്തിച്ചു. 1975 ഡിസംബര്‍ 21നാണ് കെ എം മാണി ആദ്യമായി മന്ത്രിയാവുന്നത്. ധനവും നിയമവുമായിരുന്നു വകുപ്പ്. കേരള കോണ്‍ഗ്രസ് മന്ത്രിസഭയില്‍ ചേരണമെന്ന ഇന്ദിരാഗാന്ധിയുടെ നിര്‍ദേശമാണ് അന്ന് മാണിക്ക് മന്ത്രിപദത്തിലേക്ക് വഴിതുറന്നത്. സി അച്യുതമേനോന്‍ മന്ത്രിസഭയില്‍ ധനകാര്യമന്ത്രിയായിട്ടായിരുന്നു മാണിയുടെ കന്നി മന്ത്രിസഭാ പ്രവേശനം. മാണിയെ കൂടാതെ ആര്‍ ബാലകൃഷ്ണപിള്ളയും അന്ന് മന്ത്രിയായി. 1977ല്‍ പാര്‍ട്ടി ചെയര്‍മാന്‍ കെ എം ജോര്‍ജുമായുള്ള അഭിപ്രായഭിന്നത രൂക്ഷമായതോടെയാണ് പിളര്‍പ്പിന്റെ രാഷ്ട്രീയം മാണി കളിച്ചുതുടങ്ങുന്നത്. അനുയായികളെയും കൂട്ടി പാര്‍ട്ടി പിളര്‍ത്തിയ മാണി മുന്നണിവിട്ട് പുറത്തുവന്നു. ആ വര്‍ഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ 22 സീറ്റില്‍ 20 സീറ്റും നേടി മാണി വിഭാഗം കരുത്തുകാട്ടി. തുടര്‍ന്ന് വന്ന കെ കരുണാകരന്‍ മന്ത്രിസഭയില്‍ ആഭ്യന്തരമന്ത്രിയായി മാണി മന്ത്രിസഭയില്‍ തിരിച്ചെത്തി. പിന്നീട് ആന്റണി മന്ത്രിസഭയിലും പി കെ വാസുദേവന്‍നായര്‍ മന്ത്രിസഭയിലും മാണി ആഭ്യന്തരമന്ത്രിയായി തുടര്‍ന്നു.

മുഖ്യമന്ത്രിപദം നഷ്ടമായത് കപ്പിനും ചുണ്ടിനുമിടയില്‍

1979ലാണ് കേരള കോണ്‍ഗ്രസ് (എം) എന്ന പേരില്‍ മാണി സ്വന്തം പാര്‍ട്ടി രൂപീകരിച്ചത് പക്ഷേ, അതുവരെ ഉറ്റ അനുനായിയായി കൂടെ നിന്ന പി ജെ ജോസഫ് മാണിയെ വിട്ടുപിരിഞ്ഞു. മാണി വിഭാഗത്തിന്റെ ആകെയുള്ള 20 എംഎല്‍എമാരില്‍ ആറുപേരും അന്ന് ജോസഫിനൊപ്പം പാര്‍ട്ടിവിട്ടു. ആര്‍ ബാലകൃഷ്ണപിള്ളയും ഇതിനോടകം പാര്‍ട്ടിവിട്ട് ജനതാ പാര്‍ട്ടിയ്‌ക്കൊപ്പം ചേര്‍ന്നിരുന്നു. പിന്നീട് അതേവര്‍ഷം പി കെ വാസുദേവന്‍നായര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചപ്പോള്‍ മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഉയര്‍ന്നുകേട്ട പ്രധാനപേര് കെ എം മാണിയുടേതായിരുന്നു. പക്ഷേ, കപ്പിനും ചുണ്ടിനുമിടയില്‍ അന്ന് മാണിക്ക് മുഖ്യമന്ത്രിപദം നഷ്ടമായി. പകരം സി എച്ച് മുഹമ്മദ് കോയ കേരള മുഖ്യമന്ത്രിയായി അധികാരമേറ്റു. എന്നാല്‍, സത്യപ്രതിജ്ഞചെയ്ത് 51ാം ദിവസം മാണി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചതോടെ മന്ത്രിസഭ താഴെ വീണു. കേരളത്തില്‍ രാഷ്ട്രപതി ഭരണം നിലവില്‍ വന്നു. 1980ല്‍ അടുത്ത തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ കോണ്‍ഗ്രസ് വിട്ട് മാണി ഇടതുമുന്നണിയിലെത്തിയിരുന്നു. പാലായില്‍നിന്ന് വീണ്ടും ജയിച്ച മാണി നായനാര്‍ മന്ത്രിസഭയില്‍ ധനകാര്യ- നിയമ മന്ത്രിയായി അധികാരമേറ്റു. പിന്നീട് കരുണാകരന്‍ അധികാരത്തില്‍ വന്നപ്പോള്‍ ഒപ്പം ചേര്‍ന്ന മാണി ആ മന്ത്രിസഭയിലും ധനകാര്യനിയമമന്ത്രിയായി. ഈ സമയത്ത് ജോസഫ് വിഭാഗം യുഡിഎഫിലായിരുന്നു. പിന്നീട് 1982ല്‍ മാണി വീണ്ടും യുഡിഎഫിലെത്തി. ഇടയ്ക്ക് മാണിയുമായി വഴിപിരിഞ്ഞ് പുറത്തുപോയ ആര്‍ ബാലകൃഷ്ണപിള്ളയും ഈ ഘട്ടത്തില്‍ യുഡിഎഫിലെത്തിയതോടെ ഇരുകൂട്ടരും ലയിച്ചു. ആ വര്‍ഷം നടന്ന തിരഞ്ഞെടുപ്പില്‍ കരുണാകരന്‍ വീണ്ടും അധികാരത്തില്‍ തിരിച്ചെത്തിയപ്പോള്‍ മാണി വീണ്ടും ധനകാര്യ-നിയമമന്ത്രി സ്ഥാനത്ത് തിരിച്ചെത്തി.

ജോസഫിന്റെ മടങ്ങിവരവും കേരള കോണ്‍ഗ്രസ് ലയനവും



ഇടതുമുന്നണിയ്‌ക്കൊപ്പം പോയ പി ജെ ജോസഫ് 1985ലാണ് യുഡിഎഫിലേക്ക് തിരിച്ചെത്തുന്നത്. തുടര്‍ന്ന് കേരള കോണ്‍ഗ്രസ് എമ്മുമായി വീണ്ടുമൊരു ലയനം. 1987ല്‍ പക്ഷേ, ഇരുനേതാക്കളും വീണ്ടും ഇടഞ്ഞു. അതുവരെ പി ജെ ജോസഫിനൊപ്പം ഉറച്ചുനിന്ന ടി എം ജേക്കബ് മറുകണ്ടംചാടി മാണിക്കൊപ്പം ചേര്‍ന്നു. എന്നാല്‍, ബാലകൃഷ്ണപിള്ള ജോസഫിനൊപ്പം ഉറച്ചുനിന്നു. ഇരുകൂട്ടരും പരസ്പരം കാലുവാരിയ 1987ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മാണിക്ക് നാലും ജോസഫിന് അഞ്ചും എംഎല്‍എമാരെ മാത്രമേ കിട്ടിയുള്ളൂ. തുടര്‍ന്ന് 1989ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സീറ്റിനെച്ചൊല്ലിയുള്ള കലഹത്തിനൊടുവില്‍ ജോസഫും സംഘവും ഇടതുമുന്നണിയിലേക്ക് കുടിയേറി. 1991ല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ യുഡിഎഫ് വീണ്ടും അധികാരത്തിലെത്തി. കെ കരുണാകരന്‍ മുഖ്യമന്ത്രിയായി. റവന്യൂ-നിയമവകുപ്പുകളാണ് ഇക്കുറി മാണിക്ക് കിട്ടിയത്. ഇതിനിടെ 1993ല്‍ ടി എം ജേക്കബ് മാണിയുമായി പിണങ്ങി വേറെ ഗ്രൂപ്പുണ്ടാക്കി, പിന്നാലെ ബാലകൃഷ്ണപിള്ളയും സ്വന്തം ഗ്രൂപ്പുമായി മാണിയില്‍നിന്ന് വേര്‍പെട്ടു. പക്ഷേ, കലഹത്തിനൊടുവിലും മൂന്ന് കൂട്ടരും യുഡിഎഫില്‍തന്നെ തുടര്‍ന്നു. 1996ല്‍ യുഡിഎഫ് തിരഞ്ഞെടുപ്പില്‍ തോല്‍ക്കുന്നതുവരെ മാണി മന്ത്രിയായി തുടര്‍ന്നു. 1997ല്‍ ടി വി എബ്രഹാമിന്റെ നേതൃത്വത്തില്‍ ഒരുവിഭാഗം ജോസഫിനോട് ഉടക്കി സാമന്തരഗ്രൂപ്പുണ്ടാക്കി. ഇവര്‍ പിന്നീട് മാണിക്കൊപ്പം ചേര്‍ന്നു. 2001ല്‍ യുഡിഎഫ് വീണ്ടും അധികാരത്തിലെത്തി. എ കെ ആന്റെണി മുഖ്യമന്ത്രിയായി, റവന്യൂ-നിയമവകുപ്പിലേക്ക് മന്ത്രിയായി മാണി തിരിച്ചെത്തി.

കേരള കോണ്‍ഗ്രസില്‍ വീണ്ടുമൊരു പിളര്‍പ്പ്



2003ല്‍ കേരള കോണ്‍ഗ്രസ് വീണ്ടും പിളര്‍പ്പിന് സാക്ഷിയായി. മാണിയോട് പിണങ്ങി പുറത്തുപോയ പി സി തോമസ് ഐഎഫ്ഡിപി എന്ന പുതിയ പാര്‍ട്ടിയുമായി രംഗത്തെത്തി. ജോസഫിനോട് ഇടഞ്ഞ പി സി ജോര്‍ജ് കേരള കോണ്‍ഗ്രസ് സെക്യൂലര്‍ എന്ന പുതിയ പാര്‍ട്ടിയുണ്ടാക്കി. പിന്നീട് ജോര്‍ജ് കേരള കോണ്‍ഗ്രസ് എമ്മില്‍ ലയിച്ചു. 2010ല്‍ 23 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം പി ജെ ജോസഫ് തന്റെ അനുനായികളുമായി ഇടതുമുന്നണി വിട്ടു കേരള കോണ്‍ഗ്രസ് എമ്മില്‍ ലയിച്ചു. അങ്ങനെ കെ എം മാണി ചെയര്‍മാനും പി ജെ ജോസഫ് വര്‍ക്കിങ് ചെയര്‍മാനും പി സി ജോര്‍ജ് വൈസ് ചെയര്‍മാനുമായി കേരള കോണ്‍ഗ്രസ് (എം) പുനസംഘടിപ്പിച്ചു. തുടര്‍ന്ന് 2011ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിയുടെ നേത്യത്വത്തില്‍ യുഡിഎഫ് അധികാരത്തിലെത്തിയപ്പോള്‍ കെ എം മാണി ധനകാര്യനിയമമന്ത്രിയായും പി ജെ ജോസഫ് ജലവിഭവവകുപ്പ് മന്ത്രിയായും പി സി ജോര്‍ജ് സര്‍ക്കാര്‍ ചീഫ് വിപ്പായും ചുമതലയേറ്റു. പിന്നീട് മാണിയുമായി ഉടക്കിയ പി സി ജോര്‍ജ് കേരള കോണ്‍ഗ്രസില്‍നിന്ന് പുറത്തുപോയി. യുഡിഎഫുമായും വഴിപിരിഞ്ഞ ജോര്‍ജ് പൂഞ്ഞാറില്‍നിന്ന് സ്വതന്ത്രനായി മല്‍സരിച്ചാണ് നിയമസഭയിലെത്തിയത്.

Next Story

RELATED STORIES

Share it