പൗരത്വ ബില്ല് രാജ്യതാല്‍പര്യത്തിന്; പൊതുമിനിമം പരിപാടി മഹാരാഷ്ട്രയില്‍ മാത്രമെന്നും ശിവസേന

പാര്‍ട്ടി മുഖപത്രമായ സാമ്‌നയില്‍ ദേശീയ പൗരത്വ ബില്ലിനെ എതിര്‍ത്ത് ലേഖനം പ്രസിദ്ധീകരിച്ചതിനു പിന്നാലെ ലോക്‌സഭയില്‍ ബില്ലിനെ പിന്തുണച്ച ശിവസേന നടപടിക്കെതിരേ വിമര്‍ശനം ഉയരുന്നതിനിടെയാണ് ശിവസേന എംപി അരവിന്ദ് സാവന്ദ് നിലപാട് വ്യക്തമാക്കിയത്

പൗരത്വ ബില്ല് രാജ്യതാല്‍പര്യത്തിന്; പൊതുമിനിമം പരിപാടി മഹാരാഷ്ട്രയില്‍ മാത്രമെന്നും ശിവസേന

ന്യൂഡല്‍ഹി: ലോക്‌സഭ പാസാക്കിയ ദേശീയ പൗരത്വ ബില്ല് രാജ്യതാല്‍പര്യത്തിനു വേണ്ടിയായതിനാലാണ് പിന്തുണച്ചതെന്നും കോണ്‍ഗ്രസുമായും മറ്റുമുള്ള പൊതുമിനിമം പരിപാടി മഹാരാഷ്ട്രയില്‍ മാത്രമാണെന്നും ശിവസേന. പാര്‍ട്ടി മുഖപത്രമായ സാമ്‌നയില്‍ ദേശീയ പൗരത്വ ബില്ലിനെ എതിര്‍ത്ത് ലേഖനം പ്രസിദ്ധീകരിച്ചതിനു പിന്നാലെ ലോക്‌സഭയില്‍ ബില്ലിനെ പിന്തുണച്ച ശിവസേന നടപടിക്കെതിരേ വിമര്‍ശനം ഉയരുന്നതിനിടെയാണ് ശിവസേന എംപി അരവിന്ദ് സാവന്ദ് നിലപാട് വ്യക്തമാക്കിയത്. രണ്ടാംമോദി മന്ത്രിസഭയിലുണ്ടായിരുന്ന ഏക ശിവസേന മന്ത്രിയായ അരവിന്ദ് സാവന്ദ് മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ്-എന്‍സിപി-ശിവസേന സഖ്യത്തെ തുടര്‍ന്നാണ് എന്‍ഡിഎയ്ക്കുള്ള പിന്തുണ പിന്‍വലിക്കുകയും മന്ത്രിസ്ഥാനം രാജിവയ്ക്കുകയും ചെയ്തത്. ശിവസേനയുടെ മുന്‍ സഖ്യകക്ഷിയായ ബിജെപിക്ക് മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കാന്‍ കഴിയാതിരുന്നതോടെയാണ് കോണ്‍ഗ്രസിനെയും എന്‍സിപിയെയും കൂട്ടുപിടിച്ചത്. ബില്ലിനെ പിന്തുണച്ച ശിവസേന നടപടിയെ കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി പുകഴ്ത്തുകയും ചെയ്തു. രാജ്യതാല്‍പര്യത്തിനു വേണ്ടിയുള്ള ഉദ്യമത്തില്‍ പിന്തുണച്ച ശിവസേനയോട് നന്ദിയുണ്ടെന്നും മഹാരാഷ്ട്രയില്‍ വീണ്ടും സേന-ബിജെപി സഖ്യം വരുമോയെന്നതിനെ കുറിച്ച് അവരോട് തന്നെ ചോദിച്ചോളൂവെന്നും സംസ്ഥാന രാഷ്ട്രീയത്തില്‍ നിന്നു ഭിന്നമായാണ് പാര്‍ലിമെന്റില്‍ അവരുടെ നിലപാടെന്നും അദ്ദേഹം പറഞ്ഞു. ശിവസേന മുഖപത്രമായ സാമ്‌നയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേയും മറ്റും രൂക്ഷവിമര്‍ശനം ഉയര്‍ത്തുകയും പൗരത്വ ഭേദഗതി ബില്ല് വിഭജനത്തിനു വേണ്ടിയുള്ളതാണെന്ന് കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ലോക്‌സഭയില്‍ ബില്ല് സംബന്ധിച്ച വോട്ടിങ്ങിനിടെ ശിവസേന പിന്തുണച്ചത്.




RELATED STORIES

Share it
Top