Sub Lead

ഡല്‍ഹി കലാപം: ഐബി ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ട കേസില്‍ പ്രതിപ്പട്ടികയില്‍ എഎപി നേതാവിന്റെ പേരും

ആരോപണം നിഷേധിച്ച താഹിര്‍ ഹുസയ്ന്‍, താനും കലാപത്തിന്റെ ഇരയാണെന്നു വിശദീകരിച്ചു

ഡല്‍ഹി കലാപം: ഐബി ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ട കേസില്‍ പ്രതിപ്പട്ടികയില്‍ എഎപി നേതാവിന്റെ പേരും
X

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ക്കു നേരെയുണ്ടായ ആക്രമണത്തെ തുടര്‍ന്ന് ഡല്‍ഹിയിലുണ്ടായ കലാപത്തില്‍ ഇന്റലിജന്‍സ് ബ്യൂറോ(ഐബി) ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ കൊല്ലപ്പെട്ടത് ആസൂത്രിതമെന്ന് പോലിസും കുടുംബവും ആരോപിച്ചു. കൊലപാതകത്തില്‍ ആംആദ്മി പാര്‍ട്ടി(എഎപി) നേതാവ് താഹിര്‍ ഹുസയ്‌ന്റെ പേരും പ്രതിപ്പട്ടികയിലുള്ളതായി ദി പ്രിന്റ് റിപോര്‍ട്ട് ചെയ്തു. അങ്കിത് ശര്‍മ(26)യുടെ മൃതദേഹം വികൃതമാക്കുകയും അഴുക്കുചാലില്‍ വലിച്ചെറിയുകയുമാണ് ചെയ്തതെന്നും ഡല്‍ഹി പോലിസ് ആരോപിച്ചു.

ചൊവ്വാഴ്ച വൈകീട്ട് നാലോടെ ഖജുരി ഖാസിലെ വീട്ടില്‍ നിന്ന് പുറപ്പെട്ട അങ്കിത് ശര്‍മ കലാപകാരികള്‍ക്കിടയില്‍ പെട്ടുപോയിട്ടുണ്ടോ എന്നറിയാന്‍ അന്വേഷിച്ചിറങ്ങിയപ്പോള്‍ എഎപി കൗണ്‍സിലര്‍ താഹിര്‍ ഹുസയ്‌ന്റെ ഓഫിസിനുള്ളില്‍നിന്ന് ജനക്കൂട്ടം വലിച്ചിഴച്ച് കൊലപ്പെടുത്തിയതായി അറിഞ്ഞെന്ന് സഹോദരന്‍ അങ്കുര്‍ ശര്‍മ പറഞ്ഞു. ചാന്ദ് ബാഗിലെ വീട്ടില്‍ നിന്ന് 200 മീറ്റര്‍ അകലെയുള്ള അഴുക്കുചാലിലാണ് ശര്‍മയുടെ മൃതദേഹം കണ്ടെത്തിയത്. താഹിര്‍ ഹുസയ്ന്‍ ജനക്കൂട്ടത്തെ പ്രേരിപ്പിക്കുകയും ശര്‍മയെ കൊലപ്പെടുത്തുകയും ചെയ്‌തെന്ന് ശര്‍മയുടെ കുടുംബവും ആരോപിച്ചു. അതേസമയം, ആരോപണം നിഷേധിച്ച താഹിര്‍ ഹുസയ്ന്‍, താനും കലാപത്തിന്റെ ഇരയാണെന്നു വിശദീകരിച്ചു. 'എന്തായാലും ഇത് ആസൂത്രിത കൊലപാതകമാണെന്നും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പ്രത്യേകം അന്വേഷിക്കുമെന്നും മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. പ്രതികളെ തിരിച്ചറിയാനായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും വീഡിയോ ക്ലിപ്പുകളും പരിശോധിച്ചുവരികയാണ്. ചോദ്യം ചെയ്യലിനു വേണ്ടി ഹുസയ്‌നെ വിളിപ്പിക്കുമെന്നും പോലിസ് വ്യക്തമാക്കി.

വൈകീട്ട് 4.30ന് ചങ്ക്യപുരിയിലെ ഐബി ആസ്ഥാനത്ത് നിന്ന് മടങ്ങിയെത്തിയതായി അങ്കിതിന്റെ മാതാവ് സുധാ ശര്‍മ പറഞ്ഞു. ഈസമയം സായുധധാരികളായ ജനക്കൂട്ടം കടകള്‍ക്കും വീടുകള്‍ക്കും ഇഷ്ടികയും ലാത്തിയും ഉപയോഗിച്ച് നാശനഷ്ടമുണ്ടാക്കിയതായി കണ്ടു. 'അങ്കിത് തന്റെ സഹോദരനെക്കുറിച്ച് വേവലാതിപ്പെടുകയും അന്വേഷിക്കാന്‍ പോവുകയാണെന്നും എന്നോട് പറഞ്ഞു. പോവല്ലെന്നും ഞാന്‍ ചായ ഉണ്ടാക്കുകയാണെന്നും ഞാന്‍ പറഞ്ഞു, പക്ഷേ ഒന്നും പറയാതെ പോയി' അവര്‍ പറഞ്ഞു.

രാത്രി 11.30 വരെ അങ്കിത് തിരിച്ചെത്താതിരുന്നപ്പോള്‍ സമീപത്തെല്ലാം തിരച്ചില്‍ നടത്തിയ സഹോദരന്‍ അങ്കൂര്‍ പോലിസ് സ്‌റ്റേഷനില്‍ അറിയിക്കാന്‍ തീരുമാനിച്ചു. ഈസമയം, സുധാശര്‍മ പോലിസിനെ വിളിച്ചെങ്കിലും കാര്യമായ പ്രതികരണമുണ്ടായിരുന്നില്ല. 'ഞങ്ങള്‍ വളരെ നിസ്സഹായരായിരുന്നു. പുറത്ത് കലാപം നടക്കുകയാണ്. എന്റെ മകനെ കാണാനില്ല. ഞാന്‍ പിസിആറിനെ വിളിച്ചുകൊണ്ടിരുന്നു, പക്ഷേ പോലിസില്‍ നിന്ന് ഒരു പ്രതികരണവും ഉണ്ടായിരുന്നില്ലെന്നും സുധാശര്‍മ പറഞ്ഞു.

അങ്കിത്തിന്റെ കുടുംബം ഖജൂരി ഖാസിലെ ലോക്കല്‍ പോലിസ് സ്‌റ്റേഷനില്‍ എത്തിയപ്പോള്‍, ആദ്യം കശ്മീരി ഗേറ്റിലെ ട്രോമ സെന്ററില്‍ പരിശോധിക്കാന്‍ ആവശ്യപ്പെട്ടു. അവിടെ പരിക്കേറ്റവരില്‍ ഭൂരിഭാഗവും ഉണ്ടായിരുന്നത്. ഞങ്ങളുടെ പരാതി സ്വീകരിക്കാന്‍ അവര്‍ വിസമ്മതിച്ചു. ആശുപത്രികളില്‍ പോവാനാണ് ആവശ്യപ്പെട്ടത്. ഞങ്ങള്‍ പിന്നീട് ആശുപത്രികളിലേക്ക് പോയി. ട്രോമ, ജിടിബി എന്നിവിടങ്ങളിലെല്ലാം അന്വേഷിച്ചു. പക്ഷേ അദ്ദേഹത്തെ കണ്ടില്ല. ഞങ്ങള്‍ വീണ്ടും ഖജൂരി ഖാസ് പോലീസ് സ്‌റ്റേഷനിലേക്ക് പോയി. എന്നാല്‍ അവരുടെ അധികാരപരിധിയിലല്ലെന്നു പറഞ്ഞ് ദയാല്‍പൂരിലേക്ക് പോവാനാണ് അവര്‍ ഞങ്ങളോട് പറഞ്ഞതെന്നും മാതാവ് പറഞ്ഞു. കുടുംബം ദയാല്‍പൂരിലേക്ക് പോയപ്പോള്‍ പോലിസ് സ്‌റ്റേഷന്റെ കംപ്യൂട്ടര്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും അതിനാല്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനാവില്ലെന്നും പറഞ്ഞു.

'കംപ്യൂട്ടര്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും കൈയ്യക്ഷരത്തില്‍ പരാതി നല്‍കണമെന്നും ആവശ്യപ്പെട്ടു, പക്ഷേ കേസ് രജിസ്റ്റര്‍ ചെയ്തില്ല. കുറച്ച് മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ അവര്‍ ഞങ്ങളെ വീണ്ടും ജിടിബിയിലേക്ക് അയച്ചു. അപ്പോഴേക്കും ഉച്ചയ്ക്ക് 12.30 ആയിരുന്നു. ഞങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിയാത്തതിനാല്‍ എഫ്‌ഐആര്‍ എഴുതാന്‍ അഭ്യര്‍ഥിച്ച് ഞങ്ങള്‍ ദയാല്‍പൂരിലേക്ക് തിരിച്ചുപോയെന്നും അങ്കൂര്‍ ശര്‍മ പറഞ്ഞു. പുലര്‍ച്ചെ ഒന്നരയോടെ അങ്കിത്തിന്റെ കുടുംബം നാട്ടിലേക്ക് മടങ്ങിയ ശേഷം അയല്‍വാസികളുടെ സഹായത്തോടെ അവര്‍ വീണ്ടും പ്രദേശത്ത് തിരച്ചില്‍ നടത്തി. അപ്പോഴാണ് ചില ജീവനക്കാര്‍ അങ്കിത്തിനെ ഹുസയ്‌ന്റെ ഓഫിസിലേക്ക് വലിച്ചിഴച്ചതെന്നും അദ്ദേഹത്തിന്റെ മരണത്തിന് ആം ആദ്മി കൗണ്‍സിലര്‍ ഉത്തരവാദിയാണെന്നും പറഞ്ഞത്. 'താഹിറും കൂട്ടരും എന്റെ സഹോദരനെയും മറ്റു രണ്ട് പേരെയും ഓഫിസിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു ഞങ്ങളോട് പറഞ്ഞു. ആളുകള്‍ മൃതദേഹങ്ങള്‍ അഴുക്കുചാലില്‍ എറിയുന്നത് കണ്ടതായും അവര്‍ പറഞ്ഞതായി അങ്കിത്തിന്റെ സഹോദരി സോനം പറഞ്ഞു.

രാവിലെ ഏഴോടെ ദയാല്‍പൂര്‍ പോലിസ് സ്‌റ്റേഷനിലെത്തി ഓവുചാല്‍ പരിശോധിക്കാന്‍ അഭ്യര്‍ഥിച്ചു. രാവിലെ 10ഓടെ ഒരുസംഘം പോലിസ് സംഘമെത്തി അങ്കിത്തിന്റെ മൃതദേഹം അഴുക്കുചാലില്‍ നിന്ന് പുറത്തെടുക്കുകയായിരുന്നുവെന്നും സോനം പറഞ്ഞു. മൃതദേഹം പൂര്‍ണമായും വികൃതമാക്കിയിരുന്നു. ഒരു മനുഷ്യന് എങ്ങനെയാണ് ഇത്ര ക്രൂരനാവാന്‍ കഴിയുക? അവന്റെ കണ്ണുകള്‍ പുറത്തേക്ക് തള്ളിയിരുന്നു. മുഖം വികൃതമാക്കി. കഴുത്ത് കത്തി ഉപയോഗിച്ച് മുറിച്ചുമാറ്റിയെന്നും അവര്‍ പറഞ്ഞു. അതേസയമം, ആരോപണങ്ങള്‍ പൂര്‍ണമായും നിഷേധിച്ച താഹിര്‍ ഹുസയ്ന്‍ ആരോപണത്തിനു പിന്നില്‍ വൃത്തികെട്ട രാഷ്ട്രീയമാണെന്നും പറഞ്ഞു. എന്റെ പേര് വലിച്ചിടുകയാണ്. ഒരു സംഘം എന്റെ ഓഫിസിന് പുറത്ത് ഒത്തുകൂടാന്‍ തുടങ്ങിയപ്പോള്‍ തന്നെ പോലിസിനെ വിളിച്ചത് ഞാനാണ്. ഞങ്ങള്‍ ഒരു സംഘം അവരെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിട്ടും അവര്‍ ഗേറ്റ് തകര്‍ത്തു. ഞാന്‍ മക്കളുടെ പേരില്‍ സത്യംചെയ്യുന്നു. ഞാനത് ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.





Next Story

RELATED STORIES

Share it