Latest News

ഉറങ്ങുകയായിരുന്ന കുഞ്ഞിനെ ടാക്സിയില്‍ മറന്നുവെച്ച് രക്ഷിതാക്കള്‍; പോലിസ് ഇടപെട്ട് കുട്ടിയെ തിരികെ കിട്ടി

ഉറങ്ങുകയായിരുന്ന കുഞ്ഞിനെ ടാക്സിയില്‍ മറന്നുവെച്ച് രക്ഷിതാക്കള്‍; പോലിസ് ഇടപെട്ട് കുട്ടിയെ തിരികെ കിട്ടി
X

ബെംഗളൂരു: നാലുവയസുകാരനായ മകനെ ടാക്സി കാറില്‍ മറന്നുവെച്ച് ദമ്പതിമാര്‍. പോലിസിന്റെ ഇടപെടലിലൂടെ മറന്നുവെച്ച കുഞ്ഞിനെ രക്ഷിതാക്കള്‍ക്ക് സുരക്ഷിതമായി തിരികെ കിട്ടി. ഫെബ്രുവരി 14ന് രാത്രി ബെംഗളൂരുവിലാണ് സംഭവം. പൊന്നാപുര ലേഔട്ടില്‍ താമസിക്കുന്ന ദമ്പതികള്‍ യാത്രകഴിഞ്ഞ് രാത്രി 8.30ഓടെ വീട്ടിലെത്തി ടാക്സിയില്‍നിന്നിറങ്ങുമ്പോള്‍ കുട്ടി കൂടെയുണ്ടെന്നാണ് കരുതിയത്. എന്നാല്‍ പിന്‍സീറ്റില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടി കാറില്‍ നിന്ന് ഇറങ്ങിയില്ലെന്നത് അവര്‍ ശ്രദ്ധിച്ചില്ല. ദമ്പതിമാര്‍ ഇറങ്ങിയ ഉടന്‍ ഡ്രൈവര്‍ വണ്ടിയുമായി പോവുകയും ചെയ്തു.

കുറച്ചുകഴിഞ്ഞാണ് കുട്ടി കൂടെയില്ലെന്ന കാര്യം മാതാപിതാക്കള്‍ ശ്രദ്ധിച്ചത്. ഉടന്‍ നമ്മ-112 എന്ന ഹെല്‍പ് ലൈന്‍ നമ്പറിലേക്ക് വിളിച്ച് വിവരമറിയിച്ചു. സന്ദേശം ലഭിച്ച് രണ്ടുമിനിറ്റിനുള്ളില്‍ പോലിസ് സംഭവസ്ഥലത്തെത്തി. ടാക്സി വാഹനത്തിന്റെ നമ്പറും ലൊക്കേഷനും കണ്ടെത്തിയ പോലിസ്, ഡ്രൈവറെ ഫോണില്‍ വിളിച്ച് കുട്ടി കാറില്‍ത്തന്നെയുണ്ടോ എന്ന് ഉറപ്പാക്കി. പോലിസുകാര്‍ വിളിച്ചപ്പോഴാണ് കുഞ്ഞ് പിന്‍സീറ്റില്‍ ഉറങ്ങിക്കിടക്കുന്ന കാര്യം ഡ്രൈവറും അറിയുന്നത്. വണ്ടിയുമായി ഉടന്‍തന്നെ മാതാപിതാക്കളുടെ അപ്പാര്‍ട്ട്മെന്റിലെത്തണമെന്ന നിര്‍ദേശവും നല്‍കി. തുടര്‍ന്ന് പോലിസിന്റെ നിര്‍ദേശ പ്രകാരം ഡ്രൈവര്‍ തിരികെയെത്തി കുഞ്ഞിനെ സുരക്ഷിതമായി കൈമാറി.

Next Story

RELATED STORIES

Share it