Top

കൂട്ട ബലാത്സംഗ കേസ്: പരാതിയുമായി എത്തിയ അമ്മയെ പോലിസ് പുറത്താക്കി; കരഞ്ഞ് പറഞ്ഞിട്ടും രക്ഷയുണ്ടായില്ല

രാത്രി പത്തരക്ക് മുന്‍പ് തന്നെ യുവതിയുടെ കുടുംബം പരാതിയുമായി എത്തിയിരുന്നു. പോലിസ് റിപ്പോര്‍ട്ടനുസരിച്ച് ഈ സമയം പ്രതികള്‍ നഗരത്തിലെ പമ്പുകളില്‍ യുവതിയുടെ സ്‌കൂട്ടറുമായി പെട്രോള്‍ വാങ്ങാന്‍ കറങ്ങുകയായിരുന്നു.

കൂട്ട ബലാത്സംഗ കേസ്:  പരാതിയുമായി എത്തിയ അമ്മയെ പോലിസ് പുറത്താക്കി; കരഞ്ഞ് പറഞ്ഞിട്ടും രക്ഷയുണ്ടായില്ല

ഹൈദരാബാദ്: കൂട്ടബലാത്സംഗ കേസില്‍ നാല് പേരെ വെടിവച്ചു കൊന്ന പോലിസ് കൈയ്യടി നേടുമ്പോഴും പോലിസിനുണ്ടായ വീഴ്ച്ചയാണ് യുവതി കൊല്ലപ്പെടുന്നതിലേക്ക് നയിച്ചതെന്ന് സാഹചര്യ തെളിവുകള്‍ വ്യക്തമാക്കുന്നു. കേസിന്റെ തുടക്കത്തില്‍ സൈബറാബാദ് പോലിസിനുണ്ടായ ഗുരുതര വീഴ്ചയാണ് യുവതി കൊല്ലപ്പെടാന്‍ ഇടയാക്കിയത്.

യുവതിയെ കാണാതായ നവംബര്‍ 26ന് രാത്രി തന്നെ കുടുംബം തൊട്ടടുത്തുള്ള പോലിസ് സ്‌റ്റേഷനില്‍ എത്തിയിരുന്നു. വീട്ടില്‍ നിന്നും പത്ത് മിനിറ്റ് മാത്രം ദൂരമുള്ള എയര്‍പോര്‍ട്ട് പോലിസ് സ്‌റ്റേഷനിലേക്കാണ് യുവതിയുടെ കുടുംബം പരാതിയുമായി ആദ്യം എത്തിയത്. എന്നാല്‍ പരാതി പരിഗണിക്കാന്‍ പോലും പോലിസ് തയ്യാറായില്ല. തങ്ങളുടെ സ്‌റ്റേഷന്‍ പരിധിയില്‍ അല്ല സംഭവം എന്നായിരുന്നു അവരുടെ നിലപാട്. ഇവിടെയുള്ള പോലിസുകാര്‍ ദിശയുടെ അമ്മയോട് പെരുമാറിയത് വളരെ മോശമായാണെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. സ്‌റ്റേഷനില്‍ വച്ച് കരഞ്ഞ അമ്മയെ പോലിസ് പുറത്താക്കിയെന്നും ബന്ധുക്കള്‍ പറയുന്നു.

ദിശയുടെ കുടുംബത്തെ പല സ്‌റ്റേഷനുകളിലേക്ക് ഓടിച്ച് സമയം കളഞ്ഞതും സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് തെറ്റായ നിഗമനത്തിലെത്തിയതും തിരിച്ചടിയായെന്ന് ദിശയുടെ സഹോദരി പറയുന്നു. അക്രമം നടന്ന സ്ഥലത്തെത്താന്‍ പത്ത് മിനിറ്റ് മാത്രം വേണ്ടിയിരുന്ന പോലിസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ എടുത്തത് നാല് മണിക്കൂറാണ്.

കാണാതായ ദിവസം യുവതി അവസാനമായി സഹോദരിയോട് സംസാരിച്ചത് രാത്രി 9.22ന്. വീണ്ടും സഹോദരി യുവതിയെ വിളിച്ചുനോക്കിയത് 9.44ന്. ഈ സമയം ഫോണ്‍ ഓഫായിരുന്നു. അസ്വാഭാവികത തോന്നിയതിനെ തുടര്‍ന്ന് അപ്പോള്‍ തന്നെ അന്വേഷണം ആരംഭിച്ചിരുന്നു. അതികം വൈകാതെ തന്നെ പോലിസില്‍ പരാതിയുമായെത്തി. എന്നാല്‍, എയര്‍പോര്‍ട്ട് സ്‌റ്റേഷനില്‍നിന്നും ഇവരെ മടക്കി അയക്കുകായിരുന്നു. പിന്നീട് കുടുംബത്തിന്റെ പരാതി ഷംഷാബാദ് പോലിസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്യുന്നത് പുലര്‍ച്ചെ 3.10ന് ആണ്.

അന്വേഷണത്തിന്റെ ഭാഗമായി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലിസ് അതില്‍ യുവതി തിരിച്ചുവരുന്നതായി കണ്ടില്ല. പെണ്‍കുട്ടി ആരുടെയെങ്കിലും കൂടെ പോയിട്ടുണ്ടാവും എന്ന തീര്‍പ്പിലെത്തി കയ്യൊഴിഞ്ഞു പോലിസ്.

രാത്രി പത്തരക്ക് മുന്‍പ് തന്നെ യുവതിയുടെ കുടുംബം പരാതിയുമായി എത്തിയിരുന്നു. പോലിസ് റിപ്പോര്‍ട്ടനുസരിച്ച് ഈ സമയം പ്രതികള്‍ നഗരത്തിലെ പമ്പുകളില്‍ യുവതിയുടെ സ്‌കൂട്ടറുമായി പെട്രോള്‍ വാങ്ങാന്‍ കറങ്ങുകയായിരുന്നു. ആദ്യം ലഭിച്ച പരാതി പോലിസ് ഗൗരമായി പരിഗണിച്ചിരുന്നെങ്കില്‍ യുവതിയുടെ ജീവന്‍ രക്ഷിക്കാമായിരുന്നു എന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. ഏറ്റുമുട്ടല്‍ കൊലയ്ക്ക് ശേഷവും തുടക്കത്തിലെ പോലിസ് വീഴ്ച തെലങ്കാനയില്‍ ചര്‍ച്ചയാണ്. ഇതില്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷപാര്‍ട്ടികള്‍ ഗവര്‍ണര്‍ക്ക് ഇന്നലെ നിവേദനം നല്‍കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it