Sub Lead

ബംഗാളില്‍ 14ാം നൂറ്റാണ്ടില്‍ നിര്‍മിച്ച അദീന മസ്ജിദില്‍ പൂജ നടത്തി ഹിന്ദുത്വര്‍

ബംഗാളില്‍ 14ാം നൂറ്റാണ്ടില്‍ നിര്‍മിച്ച അദീന മസ്ജിദില്‍ പൂജ നടത്തി ഹിന്ദുത്വര്‍
X
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ മാള്‍ഡയില്‍ 14ാം നൂറ്റാണ്ടില്‍ നിര്‍മിച്ച അദീന മസ്ജിദില്‍ അതിക്രമിച്ചുകടന്ന് പൂജ നടത്തി ഹിന്ദുത്വര്‍. ശനിയാഴ്ചയാണ് മാള്‍ഡ ജില്ലയിലെ അദീന മസ്ജിദില്‍ മഹാരാജ് ഹിരണ്‍മോയ് ഗോസ്വാമി എന്ന പൂജാരിയും ഒരുസംഘം യുവാക്കളുമെത്തി പൂജ നടത്തിയത്. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ(എഎസ്‌ഐ)യുടെ കീഴിലുള്ള മസ്ജിദിലാണ് പൂജ നടത്തിയത്. വിവരമറിഞ്ഞ് പ്രദേശത്തെ മുസ് ലിംകള്‍ ഉടന്‍

പോലിസിനെ അറിയിച്ചു. പോലിസ് സംഘം സ്ഥലത്തെത്തി പൂജ തടഞ്ഞത് വാക്കുതര്‍ക്കത്തില്‍ കലാശിച്ചു. എഎസ്‌ഐയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മഹാരാജ് ഹിരണ്‍മോയ് ഗോസ്വാമിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. പൂജാരി മാള്‍ഡ സ്വദേശിയല്ലെന്നാണ് റിപോര്‍ട്ട്. സംഭവത്തില്‍ കര്‍ശന നടപടിയെടുക്കണമെന്ന് ഓള്‍ ബംഗാള്‍ ഇമാം മുഅദ്ദിന്‍ അസോസിയേഷന്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റ് സംസ്ഥാന സെക്രട്ടറി നിസാമുദ്ദീന്‍ ബിശ്വാസ് ആവശ്യപ്പെട്ടു. വിഷയം നിയമാനുസൃതമായി കൈകാര്യം ചെയ്യുമെന്നും സാമുദായിക സൗഹാര്‍ദ്ദവും സമാധാനവും നിലനിര്‍ത്താന്‍ അഭ്യര്‍ഥിക്കുന്നതായും തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) എംഎല്‍എയും മാള്‍ഡ യൂനിറ്റ് പ്രസിഡന്റുമായ അബ്ദുര്‍ റഹീം ബോക്‌സി പറഞ്ഞു. 'ഞങ്ങള്‍ വിഷയം ചര്‍ച്ച ചെയ്തിട്ടുണ്ട്. പോലിസ് മതസൗഹാര്‍ദത്തിന് അഭ്യര്‍ഥിച്ചിട്ടുണ്ട്. ഭരണനേതൃത്വം ഈ വിഷയത്തെ സമര്‍ത്ഥമായി കൈകാര്യം ചെയ്തു. അക്രമങ്ങളൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം ദി ടെലഗ്രാഫിനോട് പറഞ്ഞതായി സിയാസത് റിപോര്‍ട്ട് ചെയ്തു. സംഭവത്തെത്തുടര്‍ന്ന് സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് കൂടുതല്‍ പോലിസ് സേനയെ വിന്യസിച്ചിട്ടുണ്ട്. 1369ല്‍ സുല്‍ത്താന്‍ സിക്കന്ദര്‍ ഷാ നിര്‍മിച്ച അദീന പള്ളി പശ്ചിമ ബംഗാളിലെ ദേശീയ പ്രാധാന്യമുള്ള സ്മാരകങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ച പള്ളിയാണ്. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ കീഴിലാണ് പള്ളിയുള്ളത്.

Next Story

RELATED STORIES

Share it