Sub Lead

'ബഹിഷ്‌കരണം അപമാനമല്ല'; ജാതി അധിക്ഷേപക്കേസില്‍ സാബു എം ജേക്കബിന്റെ അറസ്റ്റ് താല്‍ക്കാലികമായി ഹൈക്കോടതി തടഞ്ഞു

ബഹിഷ്‌കരണം അപമാനമല്ല; ജാതി അധിക്ഷേപക്കേസില്‍ സാബു എം ജേക്കബിന്റെ അറസ്റ്റ് താല്‍ക്കാലികമായി ഹൈക്കോടതി തടഞ്ഞു
X

കൊച്ചി: പി വി ശ്രീനിജന്‍ എംഎല്‍എയെ ജാതീയമായി അധിക്ഷേപിച്ചെന്ന കേസില്‍ കിറ്റെക്‌സ് ഗ്രൂപ്പ് തലവന്‍ സാബു എം ജേക്കബ് അടക്കമുള്ളവരുടെ അറസ്റ്റ് ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞു. എംഎല്‍എ പങ്കെടുത്ത ചടങ്ങ് ബഹിഷ്‌കരിച്ചത് അപമാനിക്കാനാണെന്ന വാദം തള്ളിക്കളഞ്ഞ കോടതി, കേസില്‍ അറസ്റ്റ് അനിവാര്യമല്ലെന്ന് വ്യക്തമാക്കി. എംഎല്‍എയെ ബഹിഷ്‌കരിച്ച നടപടി അപമാനിക്കാനുള്ള ശ്രമമാണെന്ന് കോടതിയെ അറിയിച്ച സര്‍ക്കാര്‍, സാബുവിന് ഏറെ ശത്രുതയുള്ള പി ടി തോമസ്, ബെന്നി ബഹനാന്‍ എന്നിവരുടെ ചടങ്ങ് അദ്ദേഹം ബഹിഷ്‌കരിക്കാറില്ലെന്ന് ചൂണ്ടിക്കാട്ടി. ഇതിന് മറുപടിയായി, അഭിഭാഷകര്‍ കോടതി നടപടികള്‍ ബഹിഷ്‌കരിക്കുന്നത് അപമാന ശ്രമത്തിന്റെ ഭാഗമായി ആണോ എന്ന് കോടതി ചോദിച്ചു.

കേസില്‍ ചോദ്യം ചെയ്യലിനായി ആരോപണവിധേയര്‍ ഹാജരാവണമെന്നും പറഞ്ഞ കോടതി, ചോദ്യം ചെയ്യലിന് കൃത്യമായ നോട്ടീസ് അടക്കമുള്ള നടപടികള്‍ പാലിക്കണമെന്ന് അറിയിച്ചു. യാതൊരുവിധ പീഡനവും പാടില്ലെന്നും കോടതി പറഞ്ഞു. എംഎല്‍എ നല്‍കിയ പരാതിയുടെ എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സാബു എം ജേക്കബ് നല്‍കിയ ഹരജി ഫയലില്‍ സ്വീകരിച്ച കോടതി, ഹരജി ക്രിസ്മസിന് ശേഷം പരിഗണിക്കുമെന്ന് അറിയിച്ചു. കേസില്‍ ശ്രീനിജിന്‍ എംഎല്‍എയ്ക്ക് നോട്ടീസ് അയക്കും. അന്വേഷണം തുടരാമെന്നും കോടതി ഉത്തരവില്‍ പറയുന്നു.

അതേസമയം, ജാതി അധിക്ഷേപ കേസില്‍ സാബു എം ജേക്കബിനെ അറസ്റ്റ് ചെയ്യരുതെന്ന ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിനെ ഹൈക്കോടതിയില്‍ സര്‍ക്കാര്‍ എതിര്‍ത്തു. അറസ്റ്റ് തടയരുതെന്നെന്ന് ഡിജിപി ഹൈക്കോടതിയില്‍ ആവശ്യപ്പെടുകയായിരുന്നു. പ്രതികളെ അറസ്റ്റ് ചെയ്യാന്‍ കാരണമുണ്ടോ എന്ന് സര്‍ക്കാരിനോട് കോടതി ചോദിച്ചു. ഈ ഘട്ടത്തില്‍ അക്കാര്യം പറയാനാവില്ലെന്നായിരുന്നു സര്‍ക്കാരിന്റെ മറുപടി. അന്വേഷണ ഉദ്യോഗസ്ഥനാണ് അക്കാര്യം തീരുമാനിക്കേണ്ടതെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.

ചോദ്യം ചെയ്യലിന് ഹാജരാവാന്‍ നിര്‍ദേശം നല്‍കാമെന്ന് അറിയിച്ച കോടതി എന്തിനാണ് അറസ്റ്റെന്നും ചോദിച്ചു. പരാതി നല്‍കാന്‍ കാലതാമസം ഉണ്ടായത് എന്തുകൊണ്ടെന്നായിരുന്നു കോടതിയുടെ ചോദ്യം. സംഭവം നടന്ന് മൂന്ന് മാസത്തിനുശേഷമാണ് കേസെടുത്തതെന്നും കോടതി നിരീക്ഷിച്ചു. പട്ടിക ജാതി പീഡന നിരോധന നിയമപ്രകാരമാണ് സാബു എം ജേക്കബിനെതിരേ പോലിസ് കേസെത്തത്.

ആഗസ്ത് 17 ന് ഐക്കരനാട് കൃഷിഭവനില്‍ കൃഷിദിനാചരണവുമായി ബന്ധപ്പെട്ട പരിപാടിക്കിടെയാണ് പരാതിക്കിടയായ സംഭവമുണ്ടായത്. കൃഷിവകുപ്പ് നടത്തിയ പരിപാടിക്ക് ഉദ്ഘാടകനായ എംഎല്‍എ വേദിയിലേക്ക് കയറുന്നതിനിടെ പ്രതിഷേധം അറിയിച്ച് പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പടെ ഉള്ളവര്‍ വേദി വിടുകയായിരുന്നു. ശ്രീനിജന്റെ പരാതിയില്‍ സാബു എം ജേക്കബിനെ ഒന്നാം പ്രതിയാക്കി ജാമ്യമില്ലാ വകുപ്പ് പ്രകാരം പുത്തന്‍കുരിശ് പോലിസ് കേസെടുത്തു. ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്റ് ഡീനാ ദീപക്കാണ് രണ്ടാം പ്രതി.

Next Story

RELATED STORIES

Share it