Sub Lead

'ഇസ്‌ലാമിനെതിരായ ഭീഷണി'യെക്കുറിച്ച് ചാറ്റിങ്; മഹാരാഷ്ട്രയിലെ അധ്യാപകന് ജാമ്യം ലഭിച്ചത് ആറു വര്‍ഷത്തിന് ശേഷം

ഇസ്‌ലാമിനെതിരായ ഭീഷണി മുതല്‍ സൂര്യനു കീഴിലുള്ള എന്തും ആ സൗഹൃദകൂട്ടായ്മയില്‍ ചര്‍ച്ചയായിരുന്നു. ഈ ചര്‍ച്ചകളാണ് സംസ്ഥാന സര്‍ക്കാറിനു കീഴിലുള്ള പ്രൈമറി സ്‌കൂള്‍ അധ്യാപകനായ റഈസുദ്ധീനുമേല്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം (യുഎപിഎ) പ്രകാരം ആറ് വര്‍ഷം മുമ്പ് തീവ്രവാദ വിരുദ്ധ കുറ്റം ചുമത്താന്‍ ഇടയാക്കിയത്.

ഇസ്‌ലാമിനെതിരായ ഭീഷണിയെക്കുറിച്ച് ചാറ്റിങ്;  മഹാരാഷ്ട്രയിലെ അധ്യാപകന് ജാമ്യം ലഭിച്ചത്   ആറു വര്‍ഷത്തിന് ശേഷം
X

ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ പര്‍ഭാനി ജില്ലയിലെ ജന്മനാട്ടില്‍ എല്ലാ വാരാന്ത്യങ്ങളിലും സുഹൃത്തുക്കള്‍ക്കൊപ്പം ഒത്തുകൂടുന്നത് 44 കാരനായ മുഹമ്മദ് റഈസുദ്ധീന്റെ പതിവ് ചര്യകളിലൊന്നായിരുന്നു. ഇസ്‌ലാമിനെതിരായ ഭീഷണി മുതല്‍ സൂര്യനു കീഴിലുള്ള എന്തും ആ സൗഹൃദകൂട്ടായ്മയില്‍ ചര്‍ച്ചയായിരുന്നു.

ഈ ചര്‍ച്ചകളാണ് സംസ്ഥാന സര്‍ക്കാറിനു കീഴിലുള്ള പ്രൈമറി സ്‌കൂള്‍ അധ്യാപകനായ റഈസുദ്ധീനുമേല്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം (യുഎപിഎ) പ്രകാരം ആറ് വര്‍ഷം മുമ്പ് തീവ്രവാദ വിരുദ്ധ കുറ്റം ചുമത്താന്‍ ഇടയാക്കിയത്.

ഒരാഴ്ച മുമ്പ് മാത്രമാണ് ഇദ്ദേഹത്തിന് ജാമ്യം ലഭിച്ചത്. 2016 ആഗസ്തിലാണ് കേസ് ആരംഭിക്കുന്നത്. മഹാരാഷ്ട്രയിലെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് ആരോപിച്ച് റഈസുദ്ധീനെ അറസ്റ്റ് ചെയ്തതോടെയാണ് ഇദ്ദേഹം പൊടുന്നനെ 'ഭീകരനായി' മാറുന്നത്. പിന്നീട് കേന്ദ്ര തീവ്രവാദ വിരുദ്ധ ടാസ്‌ക് ഫോഴ്‌സായ ദേശീയ അന്വേഷണ ഏജന്‍സിക്ക് (എന്‍ഐഎ) കേസ് കൈമാറുകയായിരുന്നു.

റഈസിനെകൂടാതെ കേസില്‍ മറ്റു മൂന്നു പ്രതികളാണുണ്ടായിരുന്നത്. ഇതില്‍, നാസര്‍ ബിന്‍ അബൂബക്കര്‍ യഫായി, മുഹമ്മദ് ഷാഹിദ് ഖാന്‍ എന്നിവര്‍ പോലിസ് പീഡനത്തെതുടര്‍ന്ന് കുറ്റം സമ്മതിക്കുകയും ഈ വര്‍ഷം മേയില്‍ ഏഴു വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെടുകയും ചെയ്തു. മറ്റൊരു പ്രതിയായ ഇഖ്ബാല്‍ അഹമ്മദ് 2021 ആഗസ്തില്‍ ഹൈക്കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ചിരുന്നു.

എന്നാല്‍, ജൂണ്‍ 27ന് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിക്കുന്നതുവരെ റയ്‌സുദ്ദീന്‍ ആറ് വര്‍ഷത്തോളം ജയിലില്‍ തുടര്‍ന്നു. പ്രഥമാ ദൃഷ്ട്യാ കേസ് കെട്ടിച്ചമച്ചതാണെന്ന് വ്യക്തമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി കഴിഞ്ഞ ആഴ്ച ജാമ്യം അനുവദിച്ചത്.

വര്‍ഷങ്ങളായിട്ടും റഈസുദ്ധീന്റെ കേസിലെ വിചാരണ നടപടികള്‍ ഇപ്പോഴും പാതിവഴിയിലാണ്. 550 സാക്ഷികളില്‍ ഒരാളെ പോലും വിസ്തരിച്ചിട്ടില്ലാത്തതിനാല്‍, ന്യായമായ സമയപരിധിക്കുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ സാധ്യതയില്ലെന്ന് 37 പേജുള്ള ജാമ്യം അനുവദിച്ച് കൊണ്ടുള്ള ഉത്തരവില്‍ ഹൈക്കോടതി ചൂണ്ടിക്കാട്ടി.

'തങ്ങള്‍ പ്രോസിക്യൂഷന്‍ സാക്ഷികളുടെ മൊഴികള്‍ സസൂക്ഷ്മം പരിശോധിച്ചു. അന്വേഷണ ഏജന്‍സി ശേഖരിച്ച് കുറ്റം ചുമത്തി തങ്ങളുടെ മുമ്പാകെ ഹാജരാക്കിയ തെളിവുകളുടെ ആകെത്തുക മേല്‍പ്പറഞ്ഞ കുറ്റകൃത്യങ്ങളില്‍ പ്രതിയുടെ പങ്കാളിത്തം പ്രഥമദൃഷ്ട്യാ ചൂണ്ടിക്കാണിക്കുന്നില്ല'- 'ജസ്റ്റിസുമാരായ വി ജി ബിഷ്ടും രേവതി മൊഹിതേ ദേരയും ജാമ്യം നല്‍കി കൊണ്ടുള്ള ഉത്തരവില്‍ വ്യക്തമാക്കുന്നു.

ഒരു ഇസ്ലാമിക് സ്‌റ്റേറ്റ് (ഐഎസ്) നേതാവിനോട് കൂറുപ്രഖ്യാപിച്ചുള്ള പ്രതിജ്ഞ ഉള്‍പ്പെടെ അദ്ദേഹത്തിനെതിരെ ഹാജരാക്കിയ എല്ലാ തെളിവുകളും കുറ്റം ചുമത്താന്‍ പര്യാപ്തമല്ലെന്നും ജാമ്യം നല്‍കി കൊണ്ടുള്ള ഉത്തരവില്‍ കോടതി നിരീക്ഷിച്ചിരുന്നു.

റഈസുദ്ധീന്‍ ഗ്രേറ്റര്‍ മുംബൈയുടെ അധികാരപരിധി വിട്ടുപോവരുതെന്ന നിര്‍ദേശവും യഥാര്‍ത്ഥ ജാമ്യ ഉത്തരവില്‍ ഹൈക്കോടതി ഒഴിവാക്കിയിരുന്നു.

'അറസ്റ്റിന് ശേഷം, അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തു, പകുതി ശമ്പളം മാത്രമാണ് ലഭിച്ച് കൊണ്ടിരുന്നത്. എന്നാല്‍, ജാമ്യം ലഭിച്ചതോടെ 75 ശതമാനത്തിന് അര്‍ഹതയുണ്ട്, കുറ്റവിമുക്തനാക്കപ്പെട്ടാല്‍ മാത്രമേ 100 ശതമാനവും ലഭിക്കൂവെന്ന് റഈസുദ്ധീന്റെ അഭിഭാഷകന്‍ അബ്ദുള്‍ റഹീം ബുഖാരി പറഞ്ഞു.

റഈസുദ്ധീനെതിരായി ഉയര്‍ന്ന ആരോപണങ്ങള്‍

മുസ്‌ലിംകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന തന്റെ ജന്മനാട്ടിലെ ഒരു ഗ്രൂപ്പിന്റെ ഭാഗമാണെന്നതാണ് തന്റെ കക്ഷിക്കെതിരായ പ്രധാന ആരോപണമെന്ന് അഭിഭാഷകനായ ബുഖാരി ദ പ്രിന്റിനോട് പറഞ്ഞു.ഇയാള്‍ക്ക് സായുധ സംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്നും ആരോപിച്ചിരുന്നു.

'റഈസുദ്ധീന്‍ ജോലി ചെയ്യുന്ന സ്‌കൂള്‍, അവന്റെ വീട്ടില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള ഹിംഗോലി ജില്ലയിലാണ്. അതിനാല്‍, എല്ലാ വാരാന്ത്യത്തിലും അദ്ദേഹം ജന്മനാടായ പര്‍ഭാനിയിലേക്ക് മടങ്ങാറുണ്ടായിരുന്നു. അവിടെ അദ്ദേഹം ചര്‍ച്ചകളില്‍ പങ്കെടുക്കാറുണ്ടായിരുന്നു'-ബുഖാരി പറഞ്ഞു.

തന്റെ കക്ഷി ഒരു 'മാന്യമായ' പശ്ചാത്തലത്തില്‍ നിന്നാണ് വന്നത്. അദ്ദേഹത്തിന്റെ രണ്ട് സഹോദരന്മാര്‍ ഡോക്ടര്‍മാരും രണ്ടു പേര്‍ ഫാര്‍മസിസ്റ്റുകളും മൂന്ന് സഹോദരിമാര്‍ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകരുമാണ്.

പര്‍ഭാനിയില്‍ നിന്നുള്ള മറ്റ് രണ്ട് കൂട്ടാളികളായ നാസര്‍ ബിന്‍ അബൂബക്കര്‍ യഫായി, മുഹമ്മദ് ഷാഹിദ് ഖാന്‍ എന്നിവരെ മഹാരാഷ്ട്ര എടിഎസ് കസ്റ്റഡിയിലെടുത്ത് ഒരു മാസത്തിന് ശേഷം, 2016 ഓഗസ്റ്റ് 12നാണ് റഈസുദ്ധീനെ അറസ്റ്റ് ചെയ്യുന്നത്.സായുധ സംഘടനയായ ഐഎസ് അംഗങ്ങളുമായി യഫായിയും ഖാനും സമ്പര്‍ക്കം പുലര്‍ത്തിയെന്നാണ് ആരോപണം.

റഈസുദ്ധീന്‍രേയും മറ്റൊരു കൂട്ടുപ്രതിയായ ഇഖ്ബാല്‍ അഹമ്മദിന്റെയും സഹായത്തോടെയാണ് ഇരുവരും സ്‌ഫോടകവസ്തുക്കള്‍ തയ്യാറാക്കിയതെന്നാണ് പ്രോസിക്യൂഷന്‍ ആരോപണം. ഐഇഡിയുമായി ബന്ധിപ്പിച്ച ഇലക്ട്രിക് സ്വിച്ച്‌ബോര്‍ഡ് അഹമ്മദിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയെന്നും അതില്‍ ഐഎസ് ഖലീഫയോടുള്ള കൂറ് അല്ലെങ്കില്‍ പ്രതിജ്ഞ പ്രഖ്യാപിച്ച് കൊണ്ട് റഈസുദ്ധീന്‍

എഴുതിയിരുന്നുവെന്നുമാണ് പ്രോസിക്യൂഷന്‍ ആരോപണം.വിചാരണയ്ക്കിടെ, യഫായിയും ഖാനും കുറ്റം സമ്മതിക്കുകയും ഏഴ് വര്‍ഷത്തെ കഠിന തടവിന് ശിക്ഷിക്കുകയും ചെയ്തു, അതില്‍ അവര്‍ ഇതിനകം ആറ് പൂര്‍ത്തിയാക്കി.

തനിക്കെതിരായ കുറ്റങ്ങള്‍ പ്രഥമദൃഷ്ട്യാ തെറ്റാണെന്ന് വാദിച്ച് 2018ല്‍ എന്‍ഐഎ പ്രത്യേക കോടതിയില്‍ റഈസുദ്ധീന്‍ ജാമ്യത്തിന് അപേക്ഷിച്ചു.എന്നാല്‍ 2019 ജനുവരി 31 ന് കോടതി ഇത് നിരസിച്ചു.

തുടര്‍ന്ന് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചു, അവിടെ അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ആരോപിക്കപ്പെടുന്ന കുറ്റവുമായി ബന്ധിപ്പിക്കുന്നതിന് യോജിച്ചതും നിയമാനുസൃതവും സ്വീകാര്യവുമായ തെളിവുകളില്ലെന്ന് വാദിച്ചു. സാക്ഷികളുടെ മൊഴികളില്‍ പ്രതികളും അവരും തമ്മില്‍ സംസാരിച്ചിരുന്നുവെന്നു മാത്രമാണ് സൂചിപ്പിക്കുന്നതെന്നും അതില്‍ കൂടുതലൊന്നും ഇല്ലെന്നും അദ്ദേഹം വാദിച്ചു.

കൊവിഡ് ലോക്ക്ഡൗണ്‍ കാരണം റഈസുദ്ധീന്റെ

ഹര്‍ജി തുടരാനായില്ലെങ്കിലും, അദ്ദേഹത്തിന്റെ സഹപ്രതിയായ അഹമ്മദിന് 2021 ഓഗസ്റ്റില്‍ ഹൈക്കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ചു. ഈ ജാമ്യ ഉത്തരവിനെതിരായ എന്‍ഐഎ അപ്പീല്‍ ഈ വര്‍ഷം ഫെബ്രുവരിയില്‍ സുപ്രീം കോടതി തള്ളിയിരുന്നു.


'ഇസ്ലാമിനെതിരായ ഭീഷണി'യെക്കുറിച്ചുള്ള 'വെറും ചര്‍ച്ചകള്‍'


യുഎപിഎ പ്രകാരം, പ്രതികള്‍ക്കെതിരായ ആരോപണങ്ങള്‍ പ്രഥമദൃഷ്ട്യാ ശരിയാണെന്ന് വിശ്വസിക്കാന്‍ ന്യായമായ കാരണങ്ങളൊന്നുമില്ലെന്ന് ജഡ്ജിക്ക് ബോധ്യപ്പെട്ടാല്‍ മാത്രമേ ജാമ്യം അനുവദിക്കൂ. യുഎപിഎ പ്രതികള്‍ക്ക് ജാമ്യം ലഭിക്കുന്നത് ഏറെക്കുറെ അസാധ്യമാക്കുന്നതാണ് ഈ കര്‍ശന വ്യവസ്ഥ.

റഈസുദ്ധീന്റെ കേസില്‍പ്രോസിക്യൂഷന്‍ ഹാജരാക്കിയ അഞ്ച് സാക്ഷികളുടെ മൊഴികള്‍ ഹൈക്കോടതി പരിശോധിച്ചു, ഇത് അദ്ദേഹത്തിന്റെ കൂട്ടുകെട്ടിലേക്ക് വിരല്‍ ചൂണ്ടുന്നു.എല്ലാ സാക്ഷികളും അത്താഴത്തിന് ശേഷമുള്ള അവരുടെ കൂടിച്ചേരലുകള്‍ വിവരിക്കുകയും ചര്‍ച്ചകള്‍ മുസ്ലീങ്ങളുടെ ആശങ്കകളെ ചുറ്റിപ്പറ്റിയാണെന്ന് അംഗീകരിക്കുകയും ചെയ്തു. ഐഎസും ചര്‍ച്ചകളില്‍ കടന്നുവന്നിരുന്നതായി അവര്‍ സമ്മതിച്ചു.അവരില്‍ ഒരാള്‍ റയ്‌സുദ്ദീന്‍ സൃഷ്ടിച്ച ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പിനെ കുറിച്ചും പറഞ്ഞു, അതില്‍ മതത്തെയും ഖുറാനെയും കുറിച്ചുള്ള സംഭാഷണങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍, എന്‍ഐഎ ഒരിക്കലും ഈ ചാറ്റുകള്‍ കോടതിയില്‍ ഹാജരാക്കാന്‍ തയ്യാറായിരുന്നില്ല.

'ഇസ്ലാമിന് നേരെയുള്ള ഭീഷണികളെക്കുറിച്ചുള്ള പതിവ് ചര്‍ച്ചകളാണിതെന്നാ'യിരുന്നു

സാക്ഷികളും റഈസുദ്ധീനും തമ്മിലുള്ള ചര്‍ച്ചകളുടെ സ്വഭാവത്തെക്കുറിച്ച് കോടതി അഭിപ്രായപ്പെട്ടത്. കുറ്റാരോപിതന്‍ ഏതെങ്കിലും കുറ്റകൃത്യത്തിനോ കലാപത്തിനോ പ്രേരിപ്പിച്ചതായി തെളിയിക്കാന്‍ പോസിക്യൂഷന് കഴിഞ്ഞില്ലെന്നും കോടതി വ്യക്തമാക്കി.

'പ്രസ്താവനകള്‍ പരിശോധിച്ചാല്‍, ഏറ്റവും ഉയര്‍ന്ന നിലയില്‍ നടന്നത് ഇന്ത്യയിലും ലോകത്തും എന്താണ് സംഭവിക്കുന്നതെന്നും എല്ലാവരും ഇസ്‌ലാമിനായി പ്രവര്‍ത്തിക്കണമെന്നുമുള്ള ചര്‍ച്ചകള്‍ മാത്രമായിരുന്നുവെന്ന് ന്യായമായും നിഗമനം ചെയ്യാം'-എന്നായിരുന്നു കോടതിയുടെ നിരീക്ഷണം.

Next Story

RELATED STORIES

Share it