Sub Lead

ഗസയില്‍ ഹമാസിന്റെ തിരിച്ചടി; ഇസ്രായേലിന് കനത്ത നാശം

X

ഗസാ സിറ്റി: ഗസയില്‍ കൂട്ടക്കുരുതി തുടരുന്ന ഇസ്രായേലിന് കരയുദ്ധത്തില്‍ ഫലസ്തീന്‍ പോരാളി സംഘങ്ങളില്‍ നിന്ന് കനത്ത തിരിച്ചടി. ബെയ്ത്ത് ഹാനൂനില്‍ ഹമാസ് പോരാളികളൊരുക്കിയ കെണിയില്‍ വീണ നിരവധി സൈനികര്‍ കൊല്ലപ്പെട്ടു. ഇസ്രായേല്‍ അധിനിവേശ സൈനികരെ ഒരു കെട്ടിടത്തിനുള്ളിലേക്ക് ആകര്‍ഷിക്കുകയും കെട്ടിടത്തിനുള്ളിലേക്ക് എത്തിച്ചതിനു പിന്നാലെ സ്‌ഫോടനം നടത്തുകയുമായിരുന്നു. വടക്കന്‍ ഗസയില്‍ ചൊവ്വാഴ്ച 11 സൈനികരെ കൊലപ്പെടുത്തിയിരുന്നെങ്കിലും ഇന്നാണ് ഇക്കാര്യം ഇസ്രായേല്‍ സ്ഥിരീകരിച്ചത്. ഗസയ്ക്കു സമീപത്തെ കരാമയില്‍ നടന്ന ഏറ്റുമുട്ടലിലും നിരവധി സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ലൈബനാനിലെ ഹിസ് ബുല്ലയുടെ ആക്രമണത്തിലും വന്‍ നഷ്ടമാണ് ഇസ്രായേലിനുണ്ടായത്. യെമനിലെ ഹുത്തി സായുധസംഘം ബാലിസ്റ്റിക് മിസൈലുകള്‍ ഉള്‍പ്പെടെ ഉപയോഗിച്ച് ആക്രമണം നടത്തിയതായും റിപോര്‍ട്ടുകളുണ്ട്. അഷ്‌കലോണ്‍ ഉള്‍പ്പെടെയുള്ള അധിനിവേശ നഗരങ്ങളിലേക്ക് ഹമാസിന്റെ റോക്കറ്റ് ആക്രമണങ്ങളും തുടരുകയാണ്.

സയില്‍ കരയുദ്ധത്തിനിറങ്ങിയാല്‍ സര്‍പ്രൈസുകളൊരുക്കുമെന്ന ഹമാസിന്റെ മുന്നറിയിപ്പ് അവഗണിച്ച ഇസ്രായേലിന് കഴിഞ്ഞ ദിവസങ്ങളില്‍ കനത്ത തിരിച്ചടികളാണുണ്ടായതെന്നാണ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്. ബെയ്ത്ത് ഹാനൂനിലെ ഒരു കെട്ടിടത്തിനുള്ളിലേക്ക് അധിനിവേശ സൈനികരെ ആകര്‍ഷിച്ച് എത്തിച്ച ശേഷം സ്‌ഫോടനം നടത്തുകയായിരുന്നു. വടക്കന്‍ ഗസയില്‍ ഹമാസ് തിരിച്ചടിയില്‍ ഒമ്പത് സൈനികര്‍ കൊല്ലപ്പെട്ടതായി ഐഡിഎഫ് സമ്മതിച്ചു. 19 മുതല്‍ 24 വരെ വയസ്സുള്ളവരാണ് കൊല്ലപ്പെട്ടതെന്നാണ് ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് സമ്മതിച്ചത്. ഇവരുടെ പേരുവിവരങ്ങളും പ്രസിദ്ധീകരിക്കാന്‍ ഇസ്രായേല്‍ നിര്‍ബന്ധിതമായിട്ടുണ്ട്. നാല് സൈനികര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും ഇന്ന് സ്ഥിരീകരിച്ചു. രണ്ട് സൈനികര്‍ കൊല്ലപ്പെട്ടതായി ഇന്നലെ അറിയിച്ചിരുന്നു. കരയുദ്ധത്തിനിടെ തങ്ങളുടെ 11 സൈനികര്‍ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ സൈന്യം വ്യക്തമാക്കി. റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സിയും ഹാരെറ്റ്‌സ്, യെദിയോത്ത് അഹ്‌റോനോത്ത്, മാരിവ് ഉള്‍പ്പെടെയുള്ള ഇസ്രായേലി ദിനപത്രങ്ങളും ഇക്കാര്യം റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. ചൊവ്വാഴ്ച ഗസയില്‍ ഹമാസിന്റെ ടാങ്ക് വേധ റോക്കറ്റ് ആക്രമണത്തില്‍ കവചിത സൈനിക വാഹനം തകര്‍ന്നാണ് ഗിവാറ്റി ബ്രിഗേഡിലെ ഒമ്പത് സൈനികര്‍ കൊല്ലപ്പെട്ടതെന്ന് ഇസ്രായേല്‍ സൈനിക വക്താവിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. വടക്കന്‍ ഗസയില്‍ ഉടനീളം നിരവധി മേഖലകളില്‍ നടന്ന ഏറ്റുമുട്ടലുകളില്‍ ശത്രുക്കള്‍ക്കുണ്ടായ നഷ്ടം വെളിപ്പെടുത്താന്‍ വെല്ലുവിളിക്കുന്നതായും അങ്ങനെ ചെയ്യുകയാണെങ്കില്‍ ഇസ്രായേല്‍ സര്‍ക്കാര്‍ ഉടന്‍ വീഴുമെന്നും അല്‍ഖുദ്‌സ് കമാന്‍ഡര്‍ പറഞ്ഞു.



അയല്‍രാജ്യമായ ലെബനാനിലെ ഹിസ്ബുല്ലയുടെ ആക്രമണത്തിലും ഇസ്രായേലിന് കനത്ത നാശമാണുണ്ടാക്കുന്നതെങ്കിലും ഇസ്രായേല്‍ ഇതെല്ലാം മറച്ചുവയ്ക്കുകയാണെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. ഒക്ടോബര്‍ 8 മുതല്‍ 30 വരെ 'അല്‍ഖുദ്‌സിലേക്കുള്ള പാതയിലെ പ്രവര്‍ത്തനങ്ങളില്‍' ലെബനന്‍-ഫലസ്തീന്‍ അതിര്‍ത്തിയില്‍ സയണിസ്റ്റ് ശത്രുക്കള്‍ക്കുണ്ടാക്കിയതെന്ന് ആവകാശപ്പെട്ട് ഹിസ്ബുല്ല നാശനഷ്ടങ്ങള്‍ പട്ടികയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതില്‍, 120 സൈനികര്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തതായും 69 വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ തകര്‍ത്തതായും പറയുന്നുണ്ട്. 17 ജാമിങ് സംവിധാനങ്ങള്‍ നശിച്ചു. 27 രഹസ്യാന്വേഷണ സംവിധാനങ്ങള്‍ നശിപ്പിക്കപ്പെട്ടു. 28 സെറ്റില്‍മെന്റുകളില്‍ നിന്ന് 65,000 കുടിയേറ്റക്കാരെ ഒഴിപ്പിച്ചു. രണ്ട് കവചിത പേഴ്‌സണല്‍ കാരിയറുകള്‍, 2 ഹമ്മറുകള്‍, 9 ടാങ്കുകള്‍, 13 സൈനിക വാഹനങ്ങള്‍, 105 സൈനിക കേന്ദ്രങ്ങള്‍, 140 കാമറകള്‍, 33 റഡാറുകള്‍, ഒരു യുഎവി ഡ്രോണ്‍ എന്നിവയും നശിപ്പിച്ചതായി ഹിസ്ബുല്ല അവകാശപ്പെട്ടു. അതിനിടെ, ഇസ്രായേല്‍ കഠിനമായ യുദ്ധത്തിലാണെന്നും ഇതില്‍ പ്രധാനപ്പെട്ട നേട്ടങ്ങള്‍ മാത്രമല്ല വേദനാജനകമായ നഷ്ടങ്ങളും ഉണ്ടായതായി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി. ഇതൊരു നീണ്ട യുദ്ധമായിരിക്കുമെന്ന് നമുക്കറിയാം. ലോകം മുഴുവനും ഇസ്രായേല്‍ ജനത ഒന്നാകെയും നമ്മുടെ ഓരോ സൈനികരെയും നിങ്ങളുടെ കുടുംബങ്ങളെയും ഞങ്ങളുടെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് ആശ്ലേഷിക്കുന്നു. നിങ്ങളുടെ വലിയ ദു:ഖസമയത്ത് ഞങ്ങള്‍ എല്ലാവരും നിങ്ങളോടൊപ്പമുണ്ട്. നമ്മുടെ സൈനികര്‍ അന്യായമായ യുദ്ധത്തില്‍ വീണു. മാതൃ-രാജ്യത്തിനു വേണ്ടിയുള്ള യുദ്ധമാണിത്. ഇസ്രായേല്‍ പൗരന്മാരേ, ഞാന്‍ നിങ്ങളോട് വാഗ്ദാനം ചെയ്യുന്നു: ഞങ്ങള്‍ ദൗത്യം നിറവേറ്റുന്നതുവരെ ഞങ്ങള്‍ തുടരും വിജയം വരെ തുടരുമെന്നും നെതന്യാഹു വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.


Next Story

RELATED STORIES

Share it